ഷിരൂരിലുണ്ടായ മണ്ണിടിച്ചിലിൽ കാണാതായ അർജുനെ കണ്ടെത്താനുള്ള ശ്രമങ്ങൾ ഇന്നും തുടരുന്നു. 11ാം ദിനമാണ് രക്ഷാപ്രവർത്തനം പുരോഗമിക്കുന്നത്. അതേസമയം കനത്ത മഴയും കാലാവസ്ഥയും അർജുനെ കണ്ടെത്താനുള്ള ശ്രമങ്ങൾക്ക് തിരിച്ചടിയാകുന്നുണ്ട്. ഗംഗാവലി പുഴയിലെ അടിയൊഴുക്ക് കുറയുന്നതുവരെ കാത്തിരിക്കേണ്ടതുണ്ടെന്ന് ഉത്തര കന്നഡ ജില്ലാ കലക്ടർ ലക്ഷ്മിപ്രിയ. മേജർ ഇന്ദ്രബാലന്റയും സംഘത്തിന്റെയും പ്രാഥമിക റിപ്പോർട്ട് പ്രാകരം മൂന്നിടങ്ങളിൽ നിന്നും സിഗ്നൽ ലഭിച്ചിട്ടുണ്ട്. ഇതിൽ ഒന്നിൽ നിന്നും കൂടുതൽ സിഗ്നൽ ലഭിച്ചിട്ടുണ്ട്.
കേരളത്തിൽ നിന്നുള്ള മന്ത്രിമാർ ഷിരൂരിലേക്ക്. മന്ത്രി പി.എ. മുഹമ്മദ് റിയാസും എ.കെ. ശശീന്ദ്രനും ഉച്ചയോടെ ഷിരൂരിൽ എത്തും. രക്ഷാ ദൗത്യത്തിൻ്റെ നിലവിലെ സ്ഥിതി അവലോകനം ചെയ്യാനാണ് മന്ത്രിമാരെത്തുന്നത്.
ഷിരൂരിലേയ്ക്ക് പോകുന്നത് മുഖ്യമന്ത്രിയുടെ നിർദ്ദേശ പ്രകാരമെന്ന് വനംവകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ വ്യക്തമാക്കി. വൈകുന്നേരത്തോടെയാണ് ഇവർ ഷിരൂരിലേക്ക് എത്തുക. ഉച്ചയ്ക്ക് തിരുവനന്തപുരത്ത് നിന്ന് മംഗലാപുരത്തേക്ക് പോകും. അവിടെ നിന്ന് കാർ മാർഗം ഷിരൂരിലേക്ക് പോകുമെന്നാണ് മന്ത്രി വ്യക്തമാക്കിയിരിക്കുന്നത്.
രക്ഷാപ്രവർത്തനത്തിന് പ്രതിസന്ധി സൃഷ്ടിച്ച് ഷിരൂരിൽ കനത്ത മഴ. രാവിലെ മുതൽ ഷിരൂരിൽ കനത്ത മഴയും കാറ്റും. ഗംഗാവലി പുഴയിലെ ശക്തമായ അടിയൊഴുക്കും രക്ഷാപ്രവർത്തനത്തെ ദുഷ്കരമാക്കുന്നു. കനത്ത മഴ വെല്ലുവിളിയാകുമെന്ന ആശങ്ക ശക്തമാണ്. ഉത്തര കന്നഡ ജില്ലയിൽ മൂന്ന് ദിവസത്തേക്ക് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കാലാവസ്ഥ അനുകൂലമായാൽ മാത്രം ട്രക്ക് ഉയർത്താൻ ശ്രമിക്കും. പ്രതികൂല കാലാവസ്ഥയിൽ ഡൈവിങ് സാധ്യമാകില്ലെന്നത് ഇന്നത്തെ രക്ഷാപ്രവർത്തനത്തിന് മേൽ കരിനിഴൽ വീഴ്ത്തുന്നുണ്ട്.