കോഴിക്കോട്: നിപ ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലിരുന്ന 15കാരൻ മരിച്ചു. മലപ്പുറം പാണ്ടിക്കാട് സ്വദേശിയായ കുട്ടിയാണ് മരിച്ചത്. ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയായ അസ്മില്‍ ആണ് മരണപ്പെട്ടത്. 10 ാം തീയതിയാണ് കുട്ടിക്ക് പനിബാധിച്ചത്. ആദ്യം നാട്ടിലെ ക്ലിനിക്കില്‍ കാണിച്ചെങ്കിലും പനി മാറാത്തതിനാലാണ് അതീവ ഗുരുതരാവസ്ഥയിൽ ഇന്നലെയാണ് കുട്ടിയെ കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റിയത്. വെന്റിലേറ്ററിലായിരുന്നു കുട്ടി.
പുനെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലേക്കയച്ച സാംപിൾ ഫലം ഇന്നലെ പോസിറ്റീവ് ആയിരുന്നു.
സമ്പർക്കപ്പട്ടികയിലുള്ള 214 പേരെ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. ഹൈറിസ്ക് വിഭാഗത്തിലായതിനാൽ ഇതിൽ 60 പേരുടെ സാംപിളുകൾ പരിശോധിക്കും. സമ്പർക്കം സംശയിക്കുന്ന 2 കുട്ടികളെ ഇന്നലെ മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലെ ഐസലേഷൻ വാർഡിലേക്കു മാറ്റി. നിപ്പ സ്ഥിരീകരിച്ച കുട്ടിക്ക് 10ന് ആണ് പനി ബാധിച്ചത്.
19ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. അവിടെ നടത്തിയ സ്രവപരിശോധനയിൽ ഫലം പോസിറ്റീവ് ആയതോടെ മെഡിക്കൽ കോളജ് മൈക്രോബയോളജി വിഭാഗത്തിലെ റീജനൽ വൈറസ് റിസർച് ആൻഡ് ഡയഗ്‌നോസ്റ്റിക് ലബോറട്ടറിയിലും (വിആർഡിഎൽ), തിരുവനന്തപുരത്തെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് വൈറോളജിയിലും പുണെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി ലാബിലും സ്രവം പരിശോധിച്ചു.