ഉമ്മൻ ചാണ്ടിയുടെ ഓർമ്മകൾക്ക് ഇന്ന് ഒരു വയസ്. ഈശ്വരദത്തമായി ലഭിച്ചിട്ടുള്ള ജനനേതാവ് എന്നായിരുന്നു ഉമ്മൻ ചാണ്ടിയെ യശ്ശ:ശരീരനായ ഡോ. ഡി. ബാബുപോൾ നിർവചിച്ചിരുന്നത്. 2009 ൽ പട്ടം മുതൽ ഉമ്മൻ ചാണ്ടി വരെ എന്ന പുസ്തകത്തിൽ ” ഉമ്മൻ ചാണ്ടിയും പട്ടേലരുടെ കോളാമ്പിയും ” എന്ന തലക്കെട്ടിൽ ബാബു പോൾ ഉമ്മൻ ചാണ്ടിയെ കുറിച്ച് എഴുതിയത് വായിക്കാം.
ഉമ്മന്‍ചാണ്ടിയും പട്ടേലരുടെ കോളാമ്പിയും
ഉമ്മന്‍ചാണ്ടി രാഷ്ട്രീയത്തിലെ ഒരു അത്ഭുതമാണ്. മാധ്യമസൃഷ്ടിയല്ല ആ വ്യക്തിത്വത്തിന്റെ ചിത്രം. ചിലരെ അടുത്തറിയുന്തോറും ബഹുമാനം കുറയും: ഉമ്മന്‍ചാണ്ടിയെ അടുത്തറിയുന്തോറും ആദരവ് കൂടും.
കോട്ടയത്ത് കളക്ടറായി പാര്‍ക്കുന്ന കാലത്താണ് ഉമ്മന്‍ചാണ്ടിയെ അടുത്ത് പരിചയപ്പെടാന്‍ സംഗതി വന്നത്. അതിന് മുന്‍പ് തന്നെ പരസ്പരം അറിയാമായിരുന്നെങ്കിലും അത് ചെറുപ്പക്കാരനായ കളക്ടറും ഒരു യുവരാഷ്ട്രീയ നേതാവും എന്ന മട്ടില്‍ ഒതുങ്ങിയിരുന്നു. ഞാന്‍ രണ്ടാം ജില്ലയില്‍ എത്തിയപ്പോള്‍ ഉമ്മന്‍ചാണ്ടി ഒന്നാം തവണ എമ്മെല്ലെ ആയി. ഇടയ്ക്കിടെ കാണും. ഇടുക്കി ജില്ലയില്‍ കോണ്‍ഗ്രസിനോ പോഷകസംഘടനകള്‍ എന്ന പേരില്‍ ഓമനിക്കപ്പെടുന്ന വാനരസേനകള്‍ക്കോ കാര്യമായ വേരോട്ടം ഇല്ല. തെന്നലയോടൊപ്പം പ്രവര്‍ത്തിക്കാന്‍ ആരോ കണ്ടെത്തി അഹമ്മദ് പട്ടേലിന്റെ മുന്‍പില്‍ എത്തിച്ച ജോസ് കുറ്റിയാനിയുടെ കോണ്‍ഗ്രസാണ് അന്ന് ജില്ലയില്‍.
കെ.എം. മാണി മന്ത്രി ആയിരിക്കുമ്പോള്‍ പാച്ചല്ലൂര്‍ വിക്രമന്‍ എന്നതുപോലെ കരുണാകരന്‍ ആഭ്യന്തരമന്ത്രി ആയിരുന്നപ്പോള്‍ ജോസിനും ശുപാര്‍ശ ചെയ്യാന്‍ അവകാശമുണ്ടായിരുന്നെങ്കിലും പാര്‍ട്ടി ദുര്‍ബലമായിരുന്നു. ന്യൂമാന്‍ കോളേജും കട്ടപ്പനയിലെ ദേവസ്വം ബോര്‍ഡ് കോളേജും മാത്രമാണ് ജില്ലയിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍. അവിടെ കെ. എസ്.യു.വിനെ കളക്ടറോ, കളക്ടറെ കെ.എസ്.യുവോ അറിയാനുള്ള അവസരം ആ ”പി.ടി പൂര്‍വ്വയുഗ’ത്തില്‍ (പി.ടി.തോമസ് എം.എല്‍.എ. ഇപ്പോഴത്തെയത്ര വലിയ ആള്‍ ആവുന്നതിന് മുമ്പ് ഉള്ള കാലം ആണ് വിവക്ഷിതം; ബി.സി., എ.ഡി എന്ന മട്ടില്‍, പ്രീ പി.ടി., പി.ടി. എന്ന് രണ്ടായിട്ടാണ് ഇടുക്കിയിലെ കോണ്‍ഗ്രസ് കാലഗണന) ഉണ്ടായിരുന്നില്ല. അതായത് കോണ്‍ഗ്രസിനേയോ കെ.എസ്.യുവിനേയോ സംബന്ധിച്ച കാര്യങ്ങള്‍ ഏറെ യൊന്നും ഉമ്മന്‍ചാണ്ടിയുമായി എനിക്ക് ചര്‍ച്ച ചെയ്യേണ്ടിയിരുന്നില്ല എന്ന് ചുരുക്കം.
മനോരമയുടെ മാനസപുത്രന്‍മാരായിരുന്നു ഞങ്ങള്‍ രണ്ടുപേരും യേശുദാസന്‍ അസാധു എന്ന് സ്വയം കുമ്പസാരിച്ച് പത്രം ഇറക്കിയിരുന്ന കാലം. പ്രധാനപ്പെട്ട പത്രങ്ങളെ അനുകരിച്ച് ഓരോ ഷീറ്റ് മാസികയുടെ ഒപ്പം വയ്ക്കുമായിരുന്നു കുറെനാള്‍. മനോരമയെ പരിഹസിച്ച പത്രത്തില്‍ ഡോ.പി.സി. അലക്‌സാണ്ടറുടെ ഒരു പ്രസംഗം, ദേശീയ വാര്‍ത്ത ഒന്ന്, വിദേശവാര്‍ത്ത ഒന്ന്. ബാക്കി മുഴുവന്‍ ഉമ്മന്‍ചാണ്ടിയും ബാബുപോളും! ആ ‘കുഞ്ചുക്കുറുപ്പ്’ എന്റെ ചെലവില്‍ ആയിരുന്നുവെന്ന് പ്രത്യേകം ഓര്‍മിക്കുന്നു. മനോരമ വഴി ഞങ്ങള്‍ തമ്മില്‍ ‘രക്തബന്ധം’ ഉണ്ടായി എന്നു വേണമെങ്കില്‍ പറയാം. വല്ലപ്പോഴുമെങ്കിലും മനോരമയിലെ സായാഹ്നസദസ്സുകള്‍ക്ക് തൊട്ടു മുന്‍പ് – ചിലപ്പോഴൊക്കെ അതിനിടയിലും – കണ്ടുമുട്ടും. ഇടയ്ക്കിടെ എന്റെ വീട്ടിലെ ക്യാംപ് ഓഫീസില്‍ വരും. രാഷ്ട്രീയവും ആനുകാലികപ്രസക്തിയുള്ള നാട്ടുവര്‍ത്തമാനങ്ങളും ചര്‍ച്ചചെയ്യും.
ഉമ്മന്‍ചാണ്ടിയുടെ കല്യാണത്തിന് ആരെയും വിളിച്ചിരുന്നില്ല പ്രത്യേകം. വിവരം നേരത്തെ അറിയാന്‍ തിരഞ്ഞെടുക്കപ്പെട്ട അസ്മാദൃശന്മാരോടാകട്ടെ ‘വരരുത്’ എന്ന് പറയുകയും ചെയ്തിരുന്നു. ഞാന്‍ അന്ന് ടൈറ്റാനിയം കമ്പനിയുടെ തലവന്‍ ആണ്. ഒരു കത്ത് അയച്ച് ഞാന്‍ അടങ്ങി. എന്നിട്ടും പരുമലയില്‍ ഒരു മെത്രാന്‍ തിരഞ്ഞെടുപ്പിന്റെ ബഹളം ഉണ്ടായിരുന്നു എന്നാണറിവ്. കല്യാണത്തിന് ശേഷം ഉമ്മന്‍ചാണ്ടി പോകുന്ന പള്ളി പുതുപ്പള്ളി മാത്രം ആണ്. കാരണം ഉണ്ട്, പൂര്‍ണദണ്ഡവിമോചനമാണ് വിവാഹത്തിലൂടെ ഉമ്മന്‍ചാണ്ടി നേടിയത്. ഭാര്യയുടെ പേര് ബാവ. ഞങ്ങളൊക്കെ ബാവമാരുടെ കൈ മുത്തും. ഉമ്മന്‍ചാണ്ടി ബാവയെ തന്നെ മുത്തും. ബാവയുടെ ഒപ്പം ഉറങ്ങുന്നവന് പള്ളിയില്‍ പോകേണ്ട ആവശ്യം ഇല്ല. വോട്ട് കളയാതിരിക്കാനും മറ്റ് വല്ലവരുടേയും കല്യാണം കൂടാനും ഒക്കെ അല്ലാതെ.
ഉമ്മന്‍ചാണ്ടി എഴുപതുകളുടെ അവസാനം മന്ത്രി ആയി. സെക്രട്ടറിയേറ്റില്‍ നിന്ന് യൂത്ത് പിള്ളേരുടെ അകമ്പടിയോടെ ഗസ്റ്റ് ഹൗസിലേക്ക് നടക്കുകയും വഴിയരികിലുള്ള പെട്ടിക്കടയില്‍ നിന്ന് തിരുവനന്തപുരത്തിന്റെ തനതായ ‘ബാഞ്ചി’ (ബോഞ്ചി എന്ന നാരങ്ങ സര്‍ബത്ത്) വാങ്ങി കുടിക്കുകയും ചെയ്തിരുന്നു. വിവരം പത്രത്തില്‍ വന്നതോടെ ആ പരിപാടി മുടങ്ങി. സ്റ്റേറ്റ് കാറിന്റെ ചുമന്ന നമ്പര്‍ പ്ലെയ്റ്റ് മാറ്റി, കൊടി അഴിച്ച് പോക്കറ്റിലിട്ട് ഒരു സാധാരണ മുതലാളിയുടെ – അന്ന് മുതലാളിക്ക് അല്ലേ ഉള്ളൂ വണ്ടി! മട്ടില്‍ അംബാസഡര്‍ കാറില്‍ യാത്രചെയ്തതും പോലീസിനെ വലച്ചു.
ഗണ്‍മാനും കുറെ പീക്കിരി പിള്ളേരും മന്ത്രിയും ഡ്രൈവറും: കുട്ടിക്കാനം കാമാക്ഷി റോഡിലെ ജീപ്പിലേതിനേക്കാള്‍ തിരക്ക് സ്റ്റേറ്റ് കാറില്‍. ഒരിടത്ത് മന്ത്രിയെ കാത്ത് നിന്ന് വലഞ്ഞ പോലീസിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് മന്ത്രിവാഹനം എന്ന് സൂചിപ്പിക്കുന്ന ചുമന്ന നമ്പര്‍ പ്ലേറ്റ് വയ്ക്കാന്‍ തുടങ്ങിയത്. ഉമ്മന്‍ചാണ്ടിയുടെ കാര്യക്ഷമതയ്ക്കുള്ള ഏറ്റവും വലിയ തെളിവ് തിരുവനന്തപുരത്ത് ചെങ്കല്‍ചൂളയിലുള്ള ഫ്‌ളാറ്റുകളാണ്. പട്ടംതാണുപിള്ളയുടെ കാലം മുതല്‍ പലരും പയറ്റിത്തോറ്റതും പയറ്റാതെ വിട്ടതും ആയിരുന്നു ചെങ്കല്‍ചൂളയിലെ ചേരിപ്രശ്നം. ഉമ്മന്‍ ചാണ്ടി ഭവനനിര്‍മാണവകുപ്പിന്റെ ചുമതല വഹിച്ച ഒരു കൊല്ലം കൊണ്ട് ആദ്യത്തെ കെട്ടിടം ഏതാണ്ട് പൂര്‍ത്തിയായി എന്നോണോര്‍മ. ഏതായാലും കുരുക്കുകള്‍ അഴിഞ്ഞിരുന്നു.
അതേകാലത്ത് ഉണ്ടായ ഒരു സംഭവം ഉമ്മന്‍ചാണ്ടിയുടെ യശസ്സിന് മങ്ങലേല്പിച്ചു എന്നതും മറക്കുന്നില്ല. ചര്‍ച്ചയ്‌ക്കെത്തിയ കമ്പനി ഉടമ തൊഴില്‍ മന്ത്രിയുടെ മുറിക്ക് മുന്നില്‍ വച്ച് മര്‍ദ്ദിക്കപ്പെട്ട ആ സംഭവം ഉമ്മന്‍ചാണ്ടി അറിഞ്ഞുകൊണ്ടാണ് അരങ്ങേറിയത് എന്ന് അക്കാലത്ത് പരക്കെ പഴിയൂണ്ടായിരുന്നു. സംഭവം കഴിഞ്ഞപ്പോള്‍ പ്രതിയെ സംരക്ഷിക്കാന്‍ പഴുതു ണ്ടാക്കിയിരിക്കാം എന്നതിലപ്പുറം എനിക്ക് സംശയിക്കാന്‍ പോലും തോന്നുന്നില്ല.
ഉമ്മന്‍ചാണ്ടി ആഭ്യന്തരവകുപ്പുമന്ത്രി ആയിരുന്ന കാലത്താണ് ഞങ്ങളുടെ സഭാദ്ധ്യക്ഷന്‍ പാത്രിയര്‍ക്കീസ്ബാവാ ഭാരതം സന്ദര്‍ശിച്ചത്. ബാവാ പുതുപ്പള്ളി വലിയ പള്ളിയിലോ മറ്റോ ചെന്ന് കയറിക്കളയുമോ എന്ന് ഉമ്മന്‍ചാണ്ടിക്ക് ഭയം ഉണ്ടായിരുന്നു. എന്നാല്‍ മന്ത്രി എന്ന നിലയ്ക്ക് ബാവായുടെ സന്ദര്‍ശനം തടസ്സപ്പെടുത്തിയാല്‍ ബാവാകക്ഷി ഒട്ടാകെ കരുണാകരവിഭാഗത്തില്‍ ഉറയ്ക്കുകയും ചെയ്യും. ഈ ദുര്‍ഘടസന്ധിയി ലാണ് ഞാന്‍ ബാവായുടെ സന്ദര്‍ശനം സംബന്ധിച്ച ജോലിയിലേക്ക് നിയുക്തനായത്. എന്റെ അംഗീകാരം ഇല്ലാതെ ബാവാ ഒരു പരിപാടിയും സ്വീകരിക്കയില്ല എന്ന് ഉമ്മന്‍ചാണ്ടി വച്ച നിബന്ധന പാത്രിയര്‍ക്കീസ് വിഭാഗം അംഗീകരിച്ചു. നേരത്തെ പറഞ്ഞിട്ടുള്ളതുപോലെ ആകെ ഒരു ‘പ്രവേശനം’ അഭിപ്രായഭിന്നതയ്ക്ക് വകനല്കിയത് ബാവാ കുന്നംകുളം സിംഹാസനപ്പളളിയില്‍ പോയതാണ്. അത് അന്നത്തെ വികാരി കുര്യാക്കോസ് കത്തനാര്‍ (ഇപ്പോള്‍ മാര്‍ യൂലിയോസ് മെത്രാപ്പോലീത്താ) കളക്ടര്‍ വിജയചന്ദ്രനെ സ്വാധീനിച്ച് സാധിച്ചതാണ്.
കരിങ്കൊടിയും ഗോബായ്ക്കും ബാവായെ സ്വീകരിച്ചതും അവിടെ മാത്രം ആയിരുന്നു. പ്രശ്‌നം ഉള്ള സ്ഥലം ആകയാല്‍ കളക്ടര്‍ പറയും പോലെ ചെയ്യാം എന്നായിരുന്നു എന്റെ നിലപാട്. പാത്രിയര്‍ക്കീസ് കക്ഷിക്ക് അനുവദിക്കപ്പെട്ട സമയത്ത് പ്രവേശിക്കാം എന്ന് കളക്ടര്‍ പറഞ്ഞു. മറ്റൊരിടത്തും ഒരു അപശബ്ദം ഉണ്ടായില്ല. ഉമ്മന്‍ചാണ്ടി ആള് ‘വീര’നാണെന്നതിന് വേറെ തെളിവ് വേണോ? കള്ളനെ കാവലേല്പിക്കുക, കള്ളന് കഞ്ഞിവയ്ക്കുന്നവരെ നിയന്ത്രിക്കാനുള്ള ബാദ്ധ്യത കള്ളന്, പോലീസ് ഫ്രീ! ഉമ്മന്‍ചാണ്ടി ഉപയോഗിച്ച ഈ തന്ത്രം പില്‍ക്കാലത്ത് വയലാര്‍ രവിയും ഉപയോഗിച്ചു. രവി മന്ത്രി ആയിരുന്ന കാലത്തോളം ഞാന്‍ ആയിരുന്നു യാക്കോബായ (ഓര്‍ത്തഡോ ക്‌സ്) സഭാവഴക്കില്‍ രവിയുടെ ഇന്റര്‍ലൊക്യൂട്ടര്‍ പള്ളികളില്‍ സമാധാനം നിലനിര്‍ത്തുന്നതിന് പ്രത്യുപകാരമായി രവി കൊച്ചി തുറമുഖത്ത് സമാധാനം ഉറപ്പാക്കിത്തന്നു.
ധനമന്ത്രി ആയിരിക്കെ എന്റെ രണ്ട് നിര്‍ദ്ദേശങ്ങള്‍ സ്വീകരിച്ചതിന്റെ പേരില്‍ ഉമ്മന്‍ചാണ്ടി പഴികേട്ടു. എനിക്കറിയാവുന്ന പല മാണിമാരും പിണങ്ങാമായിരുന്ന സാഹചര്യം. ‘ഛെ കുപ്പിയിലാക്കിയില്ലേ നിങ്ങള്‍?’ ഉമ്മന്‍ചാണ്ടി അങ്ങനെ ചോദിച്ചില്ല. യൂണിവേഴ്സിറ്റി കോളേജിലെ ഈവനിംഗ് കോളേജും ബിരുദതല പഠനങ്ങളും അസാനിപ്പിച്ചതാണ് ഇപ്പറഞ്ഞ രണ്ട് കാര്യങ്ങള്‍. പ്രൈവറ്റായി പഠിച്ച് ബി.എ എഴുതാമെന്ന് വന്നതോടെ സായാഹ്നകോളേജ് അനാവശ്യമായ ഒരു ചെലവായി. ഗ്രാമഭംഗിയെക്കുറിച്ച് കവിത എഴുതുകയും ചിറ്റൂര്‍ക്കോ മടപ്പള്ളിക്കോ സ്ഥലം മാറ്റിയാല്‍ അവധി എടുക്കുകയും ചെയ്യുന്നവരായ വാദ്ധ്യാന്മാരുടെ താവളം നിലനിര്‍ത്താന്‍ വേണ്ടി ഈ ചെലവ് വേണ്ടതില്ല എന്ന് തെളിയിക്കാന്‍ ഏറെ നേരം വേണ്ടി വന്നില്ല.
തിരുവനന്തപുരത്തെ വിദ്യാര്‍ത്ഥി സമരങ്ങളും മറ്റ് സമരങ്ങളും നിയന്ത്രിക്കാനും ബിരുദാനന്തര-ഡോക്ടറല്‍ പഠനങ്ങള്‍ക്ക് സൗകര്യപ്രദമായ അന്തരീക്ഷം ഒരുക്കാനും യൂണിവേഴ്‌സിറ്റി കോളേജിലെ ബി.എ., ബി.എസി. പരിപാടി നിര്‍ത്തണം എന്ന് ഞാന്‍ ഉപദേശിച്ചു. സംസ്‌കൃത കോളേജുകളില്‍ നിന്ന് അസംസ്‌കൃത പരിപാടികള്‍ ഉണ്ടാകില്ലേ എന്ന് ചോദിക്കാം. സി. കേശവന്‍ ശബരിമല കത്തിയപ്പോള്‍ പറഞ്ഞ മറുപടിയാണ് എനിക്കുള്ളത്. ഇ.ജ.മു.സര്‍ക്കാര്‍ ഈ തീരുമാനം പിന്നീട് മാറ്റി, അത് വേണ്ടിയിരുന്നില്ല. എ.കെ.ജി.സെന്ററിന് അനുബന്ധമായി പാര്‍ട്ടി നിയന്ത്രിക്കുന്ന വിദ്യാര്‍ഥികളെ കിട്ടി എന്നത് പാര്‍ട്ടിക്ക് നേട്ടമായി.
ഉമ്മന്‍ചാണ്ടിയോടൊപ്പം ഫിനാന്‍സ് സെക്രട്ടറി ആയിരുന്നില്ല ഞാന്‍. എങ്കിലും മന്ത്രിയുടെ അനൗദ്യോഗിക കണ്‍സള്‍ട്ടന്റ് ആയിരുന്നു. അഭിമാനത്തോടും സംതൃപ്തിയോടും കൂടെയാണ് ഞാന്‍ ഇത് കുറിച്ചിടുന്നത്.
ആരോടും ‘നോ’ പറയുകയില്ല എന്നതാണ് ഉമ്മന്‍ചാണ്ടിയുടെ കുഴപ്പമായി അവതരിപ്പിക്കാറുള്ളത്. ശരിയാണ്. സ്ത്രീയായിരുന്നെങ്കില്‍ ഉമ്മന്‍ചാണ്ടി നിത്യഗര്‍ഭിണി ആയേനെ. ‘ഇന്ന് വയ്യ’ എന്ന് രണ്ട് വാക്ക് പറയാന്‍ അറിഞ്ഞുകൂടല്ലോ! ഒരിക്കല്‍ തിരുവനന്തപുരം വിമാനത്താവളത്തില്‍ ഒരു മദ്ധ്യവയസ്‌കനെ കണ്ടു. മദിരാശിക്ക് പോവുകയാണ്. മകന് അമേരിക്കയില്‍ ജോലി വേണം. അതിന് ഏര്‍പ്പാടാക്കിയിട്ടുണ്ട്. ഇനി വിസ വേണം. അതിനാണ് മദിരാശി യാത്ര. എന്താണ് ജോലി? അറിഞ്ഞുകൂടാ. ചോദ്യത്തിനുത്തരമായി ഒരു ബ്രീഫ്‌കേസില്‍ നിന്ന് കടലാസ് എടുത്തുകാണിച്ചു. ഉമ്മന്‍ചാണ്ടിയുടെ കത്താണ്. ‘ഡിയര്‍ പ്രസിഡണ്ട് ക്ലിന്റണ്‍, ദ ബെയറര്‍ ഓഫ് ദിസ് ലെറ്റര്‍ ഈസ് ഫ്രം പുതുപ്പള്ളി. ഹി നീഡ്സ് എ ജോബ് ഇന്‍ അമേരിക്ക. അയാം ഷുവര്‍ യൂ വില്‍ ഡൂ യുവര്‍ ബെസ്റ്റ്. വിത്ത് ബെസ്റ്റ് വിഷസ് ടു യുവര്‍ എക്സലന്‍സി ആന്റ് മാഡം ഹിലാരി. യുവഴ്‌സ് സിന്‍സി യര്‍ലി ഉച.(ഒപ്പ്)’. ഈ കഥ ബൈബിളല്ല, അപ്പോക്രീഫയാണ് എന്ന് ഞാന്‍ സമ്മതിക്കുന്നു. എങ്കിലും ഇതാണ് മട്ട്. ഇത് ആരെയെങ്കിലും പറ്റിക്കാന്‍ വേണ്ടി ചെയ്യുന്നതല്ല ക്ലിന്റന് എഴുത്ത് തന്നിട്ട് കാര്യമില്ല എന്ന് പറഞ്ഞ് ബോധ്യപ്പെടുത്താന്‍ ചുരുങ്ങിയത് അരമണിക്കൂര്‍ വേണ്ടേ? ഉമ്മന്‍ചാണ്ടിക്ക്
അത്രയ്ക്ക് സമയം ഉണ്ടായിരുന്നെങ്കില്‍ കാലാകാലങ്ങളില്‍ തലമുടി വെട്ടി ക്കയില്ലേ? ഇപ്പോള്‍ അത് ആണ്ടിലൊരിക്കലാണെന്ന് മലയാളികള്‍ക്ക് അറിയാം. ചില കൂടിയ ഇനം പട്ടികളെപ്പോലെ. സായിപ്പ് വീട്ടിനകത്ത് വളര്‍ത്തുന്ന ഇവയ്ക്ക് ധാരാളം രോമം ഉണ്ട്. പക്ഷേ, പോമറേനിയനെയും സ്പിറ്റ്‌സിനേയും പോലെ രോമം കൊഴിയുകയില്ല. ആണ്ടിലൊരിക്കല്‍ മുന്നൂറ് ഡോളര്‍ കൊടുത്ത് വെട്ടിക്കണം. ആ പട്ടികളെ പല്ല് തേപ്പിക്കുന്നതും ആണ്ടി ലൊരിക്കലാണ്. മുന്നൂറ് ഡോളര്‍ തന്നെ ഫീസ്. ഉമ്മന്‍ചാണ്ടി നിത്യവും പല്ലുതേയ്ക്കും എന്ന് ഞാന്‍ വിശ്വസിക്കുന്നു. അല്ലെങ്കില്‍ ബാവ വീട്ടില്‍നിന്ന് ഇറക്കിവിടും എന്ന ധാരണയില്‍ ഒരു ഊഹം വച്ച് പറഞ്ഞതാണ്.
ഇങ്ങനെയൊരു മനുഷ്യനുണ്ടോ? ജാടയില്ല. ലാളിത്യമാണ് ജീവിതമുദ്ര. മുഖ്യമന്ത്രിയാകണ്ട. ആന്റണിക്ക് തുപ്പാന്‍ കോളാമ്പി പിടിച്ചുകൊടുക്കുന്ന വിധേയന്‍ ആയാല്‍ തന്നെ ആത്മസംതൃപ്തി വേണ്ടതിലധികം ആയി. ഇത്തവണ നമ്മുടെ ഗോവര്‍ണദോര്‍ വന്നല്ലോ. പഴയ അവതാരത്തില്‍ – ‘ആന്റണിയെ മാറ്റരുത് എന്ന് പി.പി. ജോര്‍ജിനെപ്പോലെ അംഗുലീപരിമിതരായവ രൊഴിച്ച് സകലമാനപേരെക്കൊണ്ടും പറയിച്ചു. ആര്? ഉമ്മന്‍ചാണ്ടി. മറ്റൊരു സംസ്ഥാനത്തും ഇത്ര പിന്തുണ ഒരു മുഖ്യമന്ത്രിക്ക് കിട്ടുകയില്ല എന്നാണ് മാര്‍ഗരറ്റ് ആല്‍വ പറയുന്നത്. ശരിയാവണം. മറ്റുള്ളിടത്തൊന്നും ഒരു ഉമ്മന്‍ചാണ്ടി ഉണ്ടാവുകയില്ലല്ലോ. ആന്റണി ഭാസ്‌കരപട്ടേലര്‍ ആണ്. താന്‍ പിടിക്കുന്ന കോളാമ്പി പട്ടേലരുടെ ചര്‍വ്വണം നിക്ഷേപിക്കാനുള്ളതാണ് എന്ന മട്ടിലാണ് ഉ.ചാ. എന്തെങ്കിലും ആകട്ടെ അവരായി, അവരുടെ പാടായി. വയലാര്‍ രവി പിണങ്ങിയപ്പോള്‍ അത് നാത്തൂന്‍ പോരിന്റെ ഭാഗമായാണ് ഞാന്‍ ആദ്യം വിലയിരുത്തിയത്. സുധീരന്‍ പിണങ്ങിയതിന് ആ ന്യായംപോലുമില്ല. എന്നിട്ടും ഉമ്മന്‍ചാണ്ടി കോളാമ്പിയുമായി ഹാജരുണ്ട്. ഉമ്മന്‍ചാണ്ടിയുടേയും എ.കെ.ആന്റണിയുടേയും നന്മയാണിത്.
ക്രാന്തദര്‍ശിയായ രാഷ്ട്രീയ പ്രവര്‍ത്തകന്‍, ശക്തനും പ്രാപ്തനുമായ മന്ത്രി, മനുഷ്യബന്ധങ്ങളെ മാനിക്കുന്ന മഹാമനസ്‌കന്‍, കേരളത്തിലങ്ങോള മിങ്ങോളം അലകളുയര്‍ത്താന്‍ പോന്ന മാസ്മരിക വ്യക്തിപ്രഭാവം – കരി സ്മാറ്റിക് പേഴ്‌സണാലിറ്റി – ഈശ്വരദത്തമായി ലഭിച്ചിട്ടുള്ള ജനനേതാവ്- ഒറ്റവാക്യത്തില്‍ പറഞ്ഞാല്‍ അതാണ് ഉമ്മന്‍ചാണ്ടി.