വെള്ളിത്തിരയില്‍ പുതിയ സൂര്യോദയമായി ‘സൂര്യഭാരതി’ ക്രിയേഷന്‍സ്

തൃശൂര്‍: വെള്ളിത്തിരയില്‍ പുതിയ സൂര്യോദയമായി ‘സൂര്യഭാരതി’ ക്രിയേഷന്‍സ് പ്രവര്‍ത്തനം ആരംഭിച്ചു. തൃശൂര്‍ സൗത്ത് ഇന്ത്യന്‍ബാങ്ക് ഹെഡ് ഓഫീസിന് സമീപം ‘നന്ദന’ത്തില്‍ പ്രവര്‍ത്തനം ആരംഭിച്ച ഓഫീസിന്റെ ഉദ്ഘാടനം പ്രശസ്ത കവിയും ഗാനരചയിതാവുമായ ബി. കെ. ഹരിനാരായണന്‍ ഉദ്ഘാടനം ചെയ്തു. സര്‍ഗാത്മകതയുടെ വലിയൊരു തലമാണ് സിനിമയെന്നും സൂര്യഭാരതി സൂര്യനെപ്പോലെ സിനിമ മേഖലയില്‍ ഉദിച്ചുയരട്ടെയെന്നും സൂര്യ ഭാരതിക്ക് കലാമൂല്യമുള്ള സിനിമകള്‍ ചെയ്യാന്‍ കഴിയട്ടെയും ഹരിനാരായണന്‍ അഭിപ്രായപ്പെട്ടു.

വര്‍ഷത്തില്‍ രണ്ട് ജനകീയ സിനിമകള്‍ നിര്‍മ്മിക്കുമെന്ന് സൂര്യഭാരതി ക്രിയേഷന്‍സ് മാനേജിംഗ് ഡയറക്ടര്‍ കെ. പി മനോജ് കുമാര്‍ പറഞ്ഞു. സൂര്യ ഭാരതി ക്രിയേഷന്‍ സിനിമാ നിര്‍മ്മാണ കമ്പനിയുടെ ഉദ്ഘാടനത്തോടനുബന്ധിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സമൂഹത്തിന്റെ കാഴ്ചപ്പാടുകളും സാമൂഹ്യമനസ്ഥിതിയും ജനങ്ങള്‍ ഒപ്പിയെടുക്കുന്ന ഒന്നാണ് സിനിമ. സാമൂഹ്യ പ്രവര്‍ത്തനത്തിന്റെ പ്രതിഫലനം കൂടിയാണ് ഓരോ സിനിമയും.

അതുകൊണ്ട് കൂടിയാണ് സൂര്യഭാരതി ക്രിയേഷന്‍ സിനിമ നിര്‍മ്മാണ മേഖലയിലേക്ക് കടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഏറ്റവും പ്രധാനപ്പെട്ട കലയായ സിനിമ ഓരോ മനുഷ്യനെയും ആകര്‍ഷിക്കുന്നത് അതിലെ സര്‍ഗാത്മകത കൂടി കണ്ടുകൊണ്ടാണ്. 1994 മെയ് 10നാണ് സൂര്യഭാരതിയുടെ തുടക്കം.

തുടക്കത്തില്‍ സൂര്യഭാരതി സാമൂഹ്യ സേവന രംഗത്ത് ചുവടുറപ്പിക്കുകയായിരുന്നു . ഇന്നത് സിനിമാ മേഖലയിലേക്കും വ്യാപിപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ കൗണ്‍സിലര്‍ എം സുകുമാരന്‍, ചലച്ചിത്രതാരങ്ങളായ ഊര്‍മിള ഉണ്ണി, സീനത്ത്, കെ സദാനന്ദന്‍, വിദ്യാസാഗര്‍, മുതിര്‍ന്ന പത്രപ്രവര്‍ത്തകന്‍ ആര്‍. ജയചന്ദ്രന്‍, തനിനിറം ചീഫ് എഡിറ്റര്‍ എസ് ബി മധു തുടങ്ങിയവര്‍ സംസാരിച്ചു.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments