തിരുവനന്തപുരം: വിജിലൻസ് ഡയറക്ടർ ടി.കെ വിനോദ് കുമാർ ഐ.പി.എസ് സ്വമേധയാ വിരമിച്ചു. ഇദ്ദേഹം നൽകിയ വി.ആർ.എസ് അപേക്ഷ സർക്കാർ അംഗീകരിക്കുകയായിരുന്നു. 2025 ഓഗസ്റ്റ് വരെ സർവ്വീസ് കാലാവധി ബാക്കി നിൽക്കെയാണ് സ്വയം വിരമിച്ചത്. അമേരിക്കയിൽ പഠിപ്പിക്കാൻ പോകാനാണ് ജോലി ഉപേക്ഷിച്ചത്. 1992 ബാച്ച് ഐപിഎസ് ഓഫീസറാണ് ടി കെ വിനോദ് കുമാർ ഐപിഎസ്.
അമേരിക്കയിലെ നോർത്ത് കരോലീന സർവ്വകലാശാലയിലെ പ്രൊഫസറായാണ് ഇനി നിയമനം ലഭിച്ചിട്ടുള്ളത്. ഇതിനായി 2023 സെപ്റ്റംബറില്‍ രണ്ടുവർഷത്തെ അവധിക്ക് അപേക്ഷ നല്‍കിയിരുന്നെങ്കിലും കേന്ദ്ര സർക്കാർ അംഗീകരിച്ചിരുന്നില്ല. ഇതോടെയാണ് സ്വയം വിരമിക്കാൻ തീരുമാനിച്ചത്. ടി കെ വിനോദ് കുമാർ ഒഴിയുമ്പോൾ ബെവ്കോ എംഡി യോഗേഷ് ഗുപ്തക്ക് ഡിജിപിയായി സ്ഥാനകയറ്റം ലഭിക്കും.
മുൻകാലങ്ങളിൽ, ഉയർന്ന റാങ്കിലുള്ള ഉദ്യോഗസ്ഥർക്ക് മറ്റ് ജോലികൾ ഏറ്റെടുക്കാൻ രാജ്യം വിടാൻ അനുവാദമുണ്ടായിരുന്നു. മോദി സർക്കാർ അത്തരം സമ്പ്രദായങ്ങൾ വെട്ടിക്കുറയ്ക്കുകയായിരുന്നു, തീവ്രവാദ വിരുദ്ധ പ്രവർത്തനങ്ങളിൽ അമേരിക്കയിൽ പരിശീലനം നേടിയ ടികെ വിനോദ്കുമാർ അമേരിക്കയിലെ സർവകലാശാലകളിൽ പഠിപ്പിച്ചിരുന്നു. ക്രിമിനോളജിയിൽ പിഎച്ച്ഡി നേടിയ അദ്ദേഹം 1992 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനാണ്.