കേരളീയത്തിനായി കിഫ്ബി നല്‍കിയത് 2.97 കോടി! മാധ്യമങ്ങള്‍ക്ക് 2.32 കോടി

തിരുവനന്തപുരം: ഈ വർഷം ഡിസംബറില്‍ രണ്ടാമത്തെ കേരളീയം നടത്താന്‍ നിശ്ചയിച്ചിറങ്ങിയിരിക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍. കോടികള്‍ ചെലവിടുന്ന ആഘോഷ പരിപാടിയോടുള്ള വിമര്‍ശനങ്ങളെ അവഗണിച്ച് ഈ സാമ്പത്തിക പ്രതിസന്ധിക്കിടയിലും ധൂര്‍ത്തുമായി മുന്നോട്ട് പോകുമെന്ന് പ്രഖ്യാപിക്കുകയാണ് സംസ്ഥാന സർക്കാർ. ലോകസഭാ തെരഞ്ഞെടുപ്പിലെ ദയനീയ തോല്‍വി ഒന്നും മുഖ്യന് വിഷയമല്ല. കേരളീയത്തിന് പിന്നാലെ നവകേരള സദസ്സും മുഖ്യമന്ത്രി പ്രഖ്യാപിക്കുമോ എന്ന ആകാംക്ഷയിലാണ് സംസ്ഥാനം.

സ്‌പോണ്‍സര്‍ഷിപ്പിലൂടെ പണം കണ്ടെത്തിയാകും കേരളീയം നടത്തുക എന്നാണ് പ്രഖ്യാപനം. കഴിഞ്ഞ തവണയും സ്‌പോണ്‍സര്‍ഷിപ്പ് ആയിരുന്നു. വ്യാപക പണപ്പിരിവ് നടത്തി. ഖജനാവില്‍ നികുതിയായി എത്തേണ്ട പണം കേരളീയത്തിന്റെ മറവില്‍ സ്‌പോണ്‍സര്‍ഷിപ്പായി മാറി. നികുതി തട്ടിപ്പുകാരുടെ പറുദീസയായി കേരളം മാറി. ആരാണ് സ്‌പോണ്‍സര്‍ എന്ന ചോദ്യത്തിന് മുഖ്യനും ചീഫ് സെക്രട്ടറിയും കൈമലര്‍ത്തി. എല്ലാം പരമ രഹസ്യം.

അടുത്ത കേരളീയം പരിപാടി പ്രഖ്യാപിക്കുമ്പോഴും അജ്ഞാതരായി തുടരുകയാണ് കേരളീയം സ്‌പോണ്‍സര്‍മാര്‍. 27 കോടി കേരളീയത്തിനു വേണ്ടി സര്‍ക്കാര്‍ ചെലവാക്കി. സ്‌പോണ്‍സര്‍മാര്‍ എത്തിയതോടെ ചെലവ് 100 കോടിക്ക് മുകളിലായി. പ്രതീക്ഷിച്ചതിലും കൂടുതല്‍ തുക സ്‌പോണ്‍സര്‍ഷിപ്പ് ആയി കിട്ടിയെന്നായിരുന്നു ബാലഗോപാലിന്റെ പ്രതികരണം. ആരാണ് സ്‌പോണ്‍സര്‍ എന്ന് ധനമന്ത്രി കെ.എ. ബാലഗോപാലും പറയുന്നില്ല. ഇത് സംബന്ധിച്ച വിവര വകാശ ചോദ്യത്തിനും മറുപടിയില്ല.

കിഫ് ബി യും കെ.എഫ്.സിയും കേരളീയത്തിന് കൊടുത്ത കണക്ക് മാത്രം ബാലഗോപാല്‍ പുറത്തുവിട്ടു. 15 കോടി കേരളീയത്തിന്റെ അടിസ്ഥാന സൗകര്യങ്ങള്‍ക്കായി നല്‍കുമെന്നായിരുന്നു കിഫ്ബി വാഗ്ദാനം. ഇതിന് കിഫ്ബി നാനുമതിയും നല്‍കി. കേരളീയം പരിപാടിക്കായി 2.97 കോടി കിഫ് ബി ചെലവാക്കിയെന്ന് ബാലഗോപാല്‍ നിയമസഭയില്‍ വ്യക്തമാക്കിയിരുന്നു.

മാധ്യമങ്ങള്‍ക്ക് മാത്രം കിഫ്ബി 2.32 കോടി നല്‍കി. സ്റ്റാളുകള്‍ സ്ഥാപിക്കാന്‍ 61.19 ലക്ഷവും മോഡലുകള്‍ തയ്യാറാക്കാന്‍ 1.77 ലക്ഷവും സെമിനാറുകള്‍ സംഘടിപ്പിക്കാന്‍ 1.20 ലക്ഷവും കിഫ്ബി നല്‍കി. വാടക, വൈദ്യുത ചാര്‍ജ് ഇനങ്ങളില്‍ 1.33 ലക്ഷവും കിഫ് ബി കേരളീയത്തിനായി ചെലവഴിച്ചു. കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്‍ കേരളീയത്തിനായി 11.95 ലക്ഷമാണ് ചെലവഴിച്ചത്.