തിരുവനന്തപുരം: വിരമിച്ച ഉന്നത ഉദ്യോഗസ്ഥക്ക് 3 ലക്ഷം രൂപ ശമ്പളത്തിൽ നിയമനം നൽകാൻ നീക്കം നടക്കുന്നു. കഴിഞ്ഞ മെയ് മാസം വിരമിച്ച മിനി ആൻ്റണിക്കാണ് 3 ലക്ഷം രൂപ ശമ്പളത്തിൽ നിയമനം നൽകാൻ ശ്രമിക്കുന്നത്.

കിഫ്ബി ഡെപ്യൂട്ടി സി.ഇ.ഒ തസ്തികയിലേക്ക് മിനി ആൻ്റണിയെ നിയമിക്കുമെന്നാണ് സൂചന. കിഫ്ബി സി.ഇ.ഒ കെ.എം എബ്രഹാം മിനി ആൻ്റണിക്ക് കിഫ്ബിയിൽ ജോലി വാഗ്ദാനം ചെയ്തുവെന്നാണ് അറിയുന്നത്. സാംസ്കാരിക, സഹകരണ വകുപ്പ് സെക്രട്ടറിയായിരുന്ന മിനി ആൻ്റണി മെയ് 31 നാണ് വിരമിച്ചത്.

എബ്രഹാം മോഡൽ കരാർ നിയമനം ആയിരിക്കും മിനി ആൻ്റണിക്ക് ലഭിക്കുക. അതുകൊണ്ട് തന്നെ ശമ്പളവും പെൻഷനും കിട്ടും. ശമ്പളവും പെൻഷനും ഒരുമിച്ച് പോക്കറ്റിലേക്ക് പോകുന്ന ജോലി എബ്രഹാം മോഡൽ എന്ന വിളിപേരിലാണ് ഐ.എ.എസ് വൃത്തങ്ങളിൽ അറിയപ്പെടുന്നത്. ഈ മാസം തന്നെ മിനി ആൻ്റണിയെ കിഫ്ബി ഡെപ്യൂട്ടി സി.ഇ.ഒ ആയി നിയമിക്കും.

മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറി എന്ന റോളും കെ.എം. എബ്രഹാം ആണ് വഹിക്കുന്നത്. അതു കൊണ്ട് തന്നെ കിഫ്ബി ഭരണത്തിൽ ധനമന്ത്രി കെ.എൻ. ബാലഗോപാലിൻ്റെ റോൾ പേരിന് മാത്രം ആണ്. ധനവകുപ്പിൽ നിന്ന് വിരമിച്ച അഡീഷണൽ സെക്രട്ടറിക്കും എബ്രഹാം കിഫ്ബിയിൽ ജോലി നൽകിയിരുന്നു. 2 ലക്ഷം രൂപയാണ് വിരമിച്ച അഡീഷണൽ സെക്രട്ടറിക്ക് കിഫ്ബി ശമ്പളം നൽകുന്നത്.

Read Also:

ബാബുപോളിനെയും വിജയാനന്ദിനെയും മാതൃകയാക്കാതെ വിരമിക്കുന്ന ഐഎഎസുകാർ; ഒരേസമയം ശമ്പളവും പെൻഷനും പോക്കറ്റിലാക്കുന്ന എബ്രഹാമും ജോയിയുമാണ് ഇന്നിന്റെ മാതൃകകള്‍!