KeralaNews

50 കോടി മുടക്കി കേരളീയം വീണ്ടും നടത്തും! പണം പിരിക്കാന്‍ ഉദ്യോഗസ്ഥര്‍ തെരുവിലേക്കിറങ്ങും!

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ മേല്‍നോട്ടത്തില്‍ കോടികള്‍ ചെലവിട്ട് നടത്തുന്ന ആഘോഷ പരിപാടിയായ കേരളീയം ഇത്തവണയും നടത്തും. ഡിസംബറില്‍ കേരളീയം നടത്താനുള്ള നീക്കങ്ങളാണ് പുരോഗമിക്കുന്നത്. ഇതിനുവേണ്ടി മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ സംഘാടക സമിതി യോഗം ചേര്‍ന്നു. 50 കോടി ചെലവ് പ്രതീക്ഷിക്കുന്ന പരിപാടിക്കുവേണ്ടിയുള്ള പണം സ്‌പോണ്‍സര്‍ഷിപ്പിലൂടെ കണ്ടെത്താന്‍ വകുപ്പുകള്‍ക്ക് നിര്‍ദേശം നല്‍കി. കഴിഞ്ഞ വര്‍ഷം നവംബര്‍ മാസത്തിലായിരുന്നു കേരളീയം നടത്തിയത്. കഴിഞ്ഞ വര്‍ഷം കേരളീയത്തിനുവേണ്ടി ആരൊക്കെയാണ് സ്‌പോണ്‍സര്‍ഷിപ്പ് നല്‍കിയതെന്ന് ഇതുവരെയും സര്‍ക്കാരിന് കൃത്യമായ കണക്കുകള്‍ ശേഖരിക്കാന്‍ സാധിച്ചിട്ടില്ലെന്നാണ് മുഖ്യമന്ത്രി പറയുന്നത്.

2023 ലെ കേരളീയം പരിപാടിയുടെ സ്‌പോണ്‍സര്‍മാര്‍, നല്‍കിയ തുക എന്നിവയുടെ വിശദാംശങ്ങള്‍ ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് അന്‍വര്‍ സാദത്ത് നിയമസഭയില്‍ നല്‍കിയ ചോദ്യത്തിനാണ് സ്‌പോണ്‍സര്‍മാരുടെ പേര് വെളിപ്പെടുത്താതെയുള്ള മുഖ്യമന്ത്രിയുടെ അഭ്യാസ മറുപടി. 11,47,12,000 രൂപ പിആര്‍ഡി ഡയറക്ടറുടെ പേരില്‍ ആരംഭിച്ച അക്കൗണ്ടില്‍ സ്‌പോണ്‍സര്‍ഷിപ്പ് തുക ആയി ലഭിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.

കേരളീയം പരിപാടിയുടെ സ്‌പോണ്‍സര്‍ഷിപ്പ് തുക ലഭ്യമായി വരുന്നതേയുള്ളു എന്നും അതിനാല്‍ ക്രോഡീകരിച്ച വിവരങ്ങള്‍ ലഭ്യമല്ലെന്നുമാണ് മുഖ്യമന്ത്രിയുടെ ക്യാപ്‌സൂള്‍. 27 കോടിയാണ് സര്‍ക്കാര്‍ കേരളീയം പരിപാടിക്ക് ബജറ്റില്‍ നിന്ന് അനുവദിച്ചത്. ബാക്കി സ്‌പോണ്‍സര്‍മാരില്‍ നിന്നാണ് പിരിച്ചത്.

നികുതി വകുപ്പ് അഡീഷണല്‍ കമ്മീഷണറുടെ നേതൃത്വത്തിലായിരുന്നു പിരിവ്. ക്വാറി മുതലാളിമാരില്‍ നിന്ന് തുടങ്ങി സകല മാഫിയകളുടെ കയ്യില്‍ നിന്നും പിരിവെടുത്തു. പിരിവ് വിവാദമായതോടെ സ്‌പോണ്‍സര്‍മാരുടെ വിവരങ്ങള്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ പുറത്ത് വിടുമെന്നായി മന്ത്രി ശിവന്‍കുട്ടി. ഇത് സംബന്ധിച്ച വിവരവകാശ ചോദ്യത്തിന് ചീഫ് സെക്രട്ടറി മുതല്‍ പിരിവിന് നേതൃത്വം കൊടുത്ത അഡീഷണല്‍ കമ്മീഷണര്‍ വരെ കൃത്യമായ ഉത്തരം നല്‍കിയില്ല. വിവരങ്ങള്‍ ലഭ്യമല്ലെന്നായിരുന്നു മറുപടി. പരിപാടി കഴിഞ്ഞ് 7 മാസമായിട്ടും സ്‌പോണ്‍സര്‍മാരുടെ വിവരങ്ങള്‍ അറിയില്ല എന്ന് മുഖ്യമന്ത്രി നിയമസഭയില്‍ കൈമലര്‍ത്തിയതോടെ സര്‍ക്കാരിന് ഒളിക്കാനും മറയ്ക്കാനും ഏറെയുണ്ട് എന്ന് വ്യക്തം.

ഇനി എല്ലാ വര്‍ഷവും കേരളീയം നടത്തുമെന്നും തിരുവനന്തപുരമായിരിക്കും സ്ഥിരം വേദിയെന്നും മുഖ്യമന്ത്രി കഴിഞ്ഞ വര്‍ഷം കേരളീയത്തിന്റെ സമാപന സമ്മേളനത്തില്‍ പ്രഖ്യാപനം നടത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *