ലീവ് കഴിഞ്ഞ് മടങ്ങിയെത്തിയ നൂഹിന് ടൂറിസം ഡയറക്ടർ കസേര ഇല്ല; ബാർ മുതലാളിമാരുടെ യോഗം വിളിച്ച ശിഖ സുരേന്ദ്രൻ ടൂറിസം ഡയറക്ടർ; ഐഎഎസ് ഭരണം പി.എ. മുഹമ്മദ് റിയാസിൻ്റെ കയ്യിൽ
തിരുവനന്തപുരം: ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസുമായി അകന്ന ഐഎഎസ് ഉദ്യോഗസ്ഥന്‍ പി.ബി. നൂഹിന് വകുപ്പ് മാറ്റം. ടൂറിസം ഡയറക്ടര്‍ സ്ഥാനത്തുനിന്ന് മാറ്റി പ്രതിസന്ധിയിലും വിവാദത്തിലും പെട്ടിരിക്കുന്ന സിവില്‍ സപ്ലൈസിന്റെ എം.ഡിയായാണ് നിയമനം. വിവാദനായകന്‍ ശ്രീറാം വെങ്കിട്ടരാമന്‍ ഇരുന്ന കസേരയിലേക്കാണ് നൂഹിന്റെ മാറ്റം. റിയാസിന്റെ അനിഷ്ടത്തിന് ഇരയായതോടെ സിപിഎം ഭരിക്കുന്ന വകുപ്പില്‍ നിന്നുതന്നെ അകറ്റി ഘടകക്ഷിയുടെ വകുപ്പിലേക്ക് നൂഹിനെ തട്ടിയത്.
ടൂറിസം ഡയറക്ടറായിരിക്കെ നൂഹ് അവധിയില്‍ പ്രവേശിച്ചപ്പോള്‍ പകരം എത്തിയ ശിഖ സുരേന്ദ്രന്‍ ഐഎഎസിന് ഇരട്ട നിയമനം നല്‍കിയിരിക്കുകയാണ് സര്‍ക്കാര്‍. ടൂറിസം മന്ത്രിയുടെ ഇഷ്ടാനിഷ്ടങ്ങള്‍ക്കനുസരിച്ച് ഐഎഎസ് ഉദ്യോഗസ്ഥരുടെ നിയമനം എന്ന സ്ഥിതിയിലാണ് കാര്യങ്ങള്‍. കെ.റ്റി.ഡി.സി മാനേജിംഗ് ഡയറക്ടറുടെ ചാര്‍ജിന് പുറമേ ശിഖ സുരേന്ദ്രനെ ടൂറിസം ഡയറക്ടറായി നിയമിച്ചിരിക്കുകയാണ്. ടൂറിസം ഡയറക്ടറേറ്റില്‍ ബാര്‍ മുതലാളിമാരുടെ യോഗം വിളിച്ചത് ശിഖ സുരേന്ദ്രനായിരുന്നു.
ലീവില്‍ പോയ പി.ബി നൂഹ് മടങ്ങിയെത്തിയെങ്കിലും ടൂറിസം ഡയറക്ടര്‍ കസേര നല്‍കാന്‍ മന്ത്രി തയ്യാറായില്ല. പകരം സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്റെ മാനേജിംഗ് ഡയറക്ടര്‍ കസേരയാണ് നൂഹിന് ലഭിച്ചത്. നൂഹ് 3 മാസം ലീവ് എടുത്തതിന് പിന്നാലെ ശിഖ സുരേന്ദ്രന് ടൂറിസം ഡയറക്ടറുടെ അഡീഷണല്‍ ചാര്‍ജ് നല്‍കിയിരുന്നു. തൊട്ടുപിന്നാലെ മദ്യനയം സംബന്ധിച്ച ബാര്‍ മുതലാളിമാരുടെ യോഗം ടൂറിസം ഡയറക്ടറേറ്റില്‍ നടന്നത് വിവാദമായിരുന്നു.
ബാര്‍ കോഴ വിവാദം പൊട്ടി പുറപ്പെട്ടതിന് പിന്നാലെ ടൂറിസം ഡയറക്ടറേറ്റില്‍ മദ്യനയം സംബന്ധിച്ച് ബാര്‍ മുതലാളിമാരുടെ യോഗം വിളിച്ചത് പ്രതിപക്ഷ നേതാവ് തെളിവ് സഹിതം പുറത്ത് വിട്ടിരുന്നു. എക്സൈസ് വകുപ്പ് തീരുമാനിക്കേണ്ട മദ്യനയത്തില്‍ ടൂറിസം വകുപ്പിന് എന്താണ് കാര്യം എന്ന വിമര്‍ശനം ഉയര്‍ന്നതോടെ മന്ത്രി മുഹമ്മദ് റിയാസ് പ്രതിരോധത്തിലായി.
എക്സൈസ് മന്ത്രി എം.ബി രാജേഷിനെ മുന്നില്‍ നിറുത്തി വകുപ്പ് ഭരിക്കുന്നത് മുഹമ്മദ് റിയാസ് ആണെന്ന് വ്യക്തമാക്കുന്നതായിരുന്നു ടൂറിസം ഡയറക്ടറേറ്റിലെ ബാര്‍ മുതലാളിമാരുടെ യോഗം. റിയാസുമായുള്ള അഭിപ്രായ ഭിന്നതയെ തുടര്‍ന്നാണ് പി.ബി. നൂഹ് 3 മാസം ലീവെടുത്തത് എന്ന കാര്യം മലയാളം മീഡിയ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
നൂഹും റിയാസും ഇക്കാര്യം നിഷേധിച്ചു രംഗത്ത് വന്നിരുന്നെങ്കിലും, ലീവ് കഴിഞ്ഞ് മടങ്ങിയെത്തിയ നൂഹിന് ടൂറിസം ഡയറക്ടര്‍ കസേര നല്‍കാത്തതിന്റെ പിന്നില്‍ മുഹമ്മദ് റിയാസിനെ കളി ആണ് എന്നാണ് ലഭിക്കുന്ന സൂചന. പൊതുഭരണ വകുപ്പ് ഭരിക്കുന്നത് മുഖ്യമന്ത്രി ആണെങ്കിലും ഐഎഎസ് ഭരണം മരുമകന്‍ മന്ത്രി മുഹമ്മദ് റിയാസ് തന്നെ എന്ന് വ്യക്തമാക്കുന്നതാണ് ഇന്നിറങ്ങിയ ഉത്തരവ്.
ശിഖ സുരേന്ദ്രന് ടൂറിസം ഡയറക്ടര്‍ കസേര കിട്ടിയത് ഉദ്ദിഷ്ട കാര്യത്തിന് ഉപകാരസ്മരണയാണോ എന്ന ചോദ്യമാണ് ഉയരുന്നത്. നൂഹിനെ സിവില്‍ സപ്ലൈസ് എം.ഡി ആക്കിയതോടെ നിലവിലെ എം.ഡി ശ്രീറാം വെങ്കിട്ടരാമന്‍ എയറിലാണ്. ശ്രീറാമിനെ എങ്ങോട്ടാണ് മാറ്റിയത് എന്ന് ഉത്തരവില്‍ പറയുന്നും ഇല്ല.