തിരുവനന്തപുരം: ഭരണസിരാകേന്ദ്രമായ സെക്രട്ടറിയറ്റില്‍ നിന്ന് അനധികൃതമായി ആക്രി വസ്തുക്കള്‍ കടത്തുകയും, അതിന്റെ പേരില്‍ ഇടത് സര്‍വീസ് സംഘടനാ നേതാക്കള്‍ അഴിമതി നടത്തുന്നുവെന്നുമുള്ള ആരോപണം ശക്തമാകുന്നു. ആക്രികടത്തിലെ വഴിവിട്ട ഇടപാടുകള്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടും ഇതിനെക്കുറിച്ച് പ്രതികരിക്കാനോ അന്വേഷണം പ്രഖ്യാപിക്കാനോ സര്‍ക്കാര്‍ തയ്യാറാകാത്തതാണ് പ്രതിഷേധത്തിന് കാരണമാകുന്നത്. സംഭവത്തില്‍ ശക്തമായ പ്രതിഷേധക്കുറിപ്പ് പുറത്തിറക്കിയിരിക്കുകയാണ് സെക്രട്ടേറിയറ്റ് ആക്ഷന്‍ കൗണ്‍സില്‍.

ആക്ഷന്‍ കൗണ്‍സില്‍ പുറത്തിറക്കിയ നോട്ടീസിന്റെ പൂര്‍ണ്ണരൂപം:

‘സെക്രട്ടേറിയറ്റില്‍ നിന്നും ആക്രി അടിച്ചുമാറ്റി ജീവിക്കുന്ന ഒരു വിഭാഗവുമുണ്ട്.’ – ‘റിപ്പോര്‍ട്ടര്‍’ വാര്‍ത്താ അവതാരകന്റെ പരിഹാസച്ചുവയുള്ള ഈ വാക്കുകള്‍ സെക്രട്ടേറിയറ്റ് സമൂഹത്തിന്റെ നെഞ്ചു തുളച്ചാണ് കടന്നുപോയത്. സെക്രട്ടേറിയറ്റ് ജീവനക്കാരെ അപമാനത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തുന്ന ഈ പ്രസ്താവനക്ക് കളമൊരുക്കിയത് സെക്രട്ടേറിയറ്റിലെ അനധികൃത ആക്രിക്കടത്താണ് . പരമ്പരയെന്നോണം പുറത്തു വരുന്ന വാര്‍ത്തകള്‍ ആത്മാഭിമാനമുള്ള സെക്രട്ടേറിയറ്റ് ജീവനക്കാരന്റെ തല അപമാനഭാരത്താല്‍ കുനിഞ്ഞു പോകുന്ന അവസ്ഥയിലെത്തിച്ചിരിക്കുന്നു.

കാര്യക്ഷമമായ സിവില്‍ സര്‍വീസിന്റെ സിരാകേന്ദ്രമായ സെക്രട്ടേറിയറ്റിന്റെ അഴിമതിരഹിതമായ പ്രോജ്ജ്വല പാരമ്പര്യത്തില്‍ സെക്രട്ടേറിയറ്റ് ജീവനക്കാരന്‍ എന്നും അത്യധികം അഭിമാനിച്ചിരുന്നു. എന്നാല്‍ ആക്രിക്കടത്ത് സെക്രട്ടേറിയറ്റ് സര്‍വീസിന് മേല്‍ തീരാക്കളങ്കമാണ് ചാര്‍ത്തിയിരിക്കുന്നത്.

സെക്രട്ടേറിയറ്റിലെ അനധികൃത ആക്രി കടത്തുമായി ബന്ധപ്പെട്ട് കഴിഞ്ഞ ഒരാഴ്ചക്കാലമായി പുറത്തുവരുന്ന മാധ്യമവാര്‍ത്തകള്‍ ഗൗരവതരവും ഞ്ഞെട്ടിപ്പിക്കുന്നതുമാണ്. ടെണ്ടറില്ലാതെ ആക്രിവസ്തുക്കള്‍ സെക്രട്ടേറിയറ്റില്‍ നിന്നും അനധികൃതമായി കടത്തുക, ഇതിനായി ദിവസവേതനാടിസ്ഥാനത്തില്‍ ഇഷ്ടക്കാരെ മാനദണ്ഡങ്ങള്‍ പാലിക്കാതെ നിയമിക്കുക, സര്‍ക്കാരിന് ലഭിക്കേണ്ട വരുമാനം തട്ടിയെടുക്കുക തുടങ്ങിയ അതീവ ഗൗരവതരമായ ആരോപണങ്ങളാണ് പുറത്തുവന്നു കൊണ്ടിരിക്കുന്നത്. സെക്രട്ടേറിയറ്റിലെ പൊതുഭരണവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരും ഭരണാനുകൂല സംഘടനാനേതാക്കളും ആണ് ഈ ക്രമക്കേടുകള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത് എന്ന വാര്‍ത്തകള്‍ വന്ന് ദിവസങ്ങള്‍ കഴിഞ്ഞെങ്കിലും ഒരന്വേഷണം പ്രഖ്യാപിക്കുകയോ വിശദീകരണം പുറത്തിറക്കുകയോ പോലും സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുമുണ്ടായിട്ടില്ല എന്നത് പൊതുജനങ്ങളുടെ , വിശിഷ്യാ സെക്രട്ടറിയേറ്റ് സമൂഹത്തിനിടയില്‍ വലിയ സംശയം ജനിപ്പിച്ചിട്ടുണ്ട്.

ആക്രി വസ്തുക്കള്‍ കൊണ്ടുപോകുന്നതിന് സര്‍ക്കാര്‍ അനുമതി നല്‍കിയ വ്യക്തിതന്നെ താന്‍ അങ്ങനെയൊരു കരാറില്‍ ഏര്‍പ്പെട്ടിട്ടില്ലെന്ന വെളിപ്പെടുത്തല്‍ നടത്തിയതോടെ ഇതിന്റെ മറവില്‍ വലിയ ക്രമക്കേട് നടന്നതായി തെളിഞ്ഞിരിക്കുകയാണ്. പൊതുഭരണ വകുപ്പിലെ താല്‍ക്കാലിക ജീവനക്കാരന്‍ മാത്രം വിചാരിച്ചാല്‍ നടക്കുന്ന ക്രമക്കേടല്ല ഇത്. ആക്രി സാധനങ്ങള്‍ വിറ്റ തുക ട്രഷറിയില്‍ അടച്ചില്ലെന്നത് നഗ്‌നമായ അഴിമതിയാണ്. താല്‍ക്കാലിക ജീവനക്കാരന്‍ പൊതുഭരണസംവിധാനത്തെയാകെ കബളിപ്പിച്ചു എന്ന് കരുതാന്‍ കഴിയില്ല. സെക്രട്ടേറിയറ്റിലെ ഭരണാനുകൂല സംഘടനാ നേതൃത്യത്തിന് ഇക്കാര്യത്തില്‍ ഉത്തരവാദിത്തമുണ്ട്. പൊതുഭരണ ഹൗസ് കീപ്പിംഗ് വകുപ്പിനും ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ക്കും വീഴ്ചകളുണ്ടായി എന്നത് വ്യക്തമാണ്.

അഴിമതിരഹിത കാര്യക്ഷമമായ സര്‍വ്വീസിന് പേര്‌കേട്ട സെക്രട്ടേറിയറ്റിന്റെ സല്‍പ്പേരിന് കളങ്കപ്പെടുത്തുന്ന വാര്‍ത്തകള്‍ പൊള്ളയാണെങ്കില്‍ അത് തെളിയിക്കേണ്ട ബാധ്യതയുള്ള സര്‍ക്കാര്‍ അതിന് തയ്യാറാവാത്തത് സര്‍ക്കാരിലെ ഉന്നതരും അറിഞ്ഞുകൊണ്ടുള്ള കൂട്ടുകച്ചവടമായേ കരുതാനാകൂ.

ഭരണവിലാസം സംഘടനയുടെ തലപ്പത്തിരിക്കുന്നവരുടെ ഇത്തരം ചെയ്തികള്‍ നാള്‍ക്കുനാള്‍ പുറത്തുവരികയാണ്. കഴിഞ്ഞ എട്ടുവര്‍ഷവും ‘കട്ട’സഖാക്കളുടെ കഥകള്‍ ഗോപ്യമായിരുന്നെങ്കില്‍ ഇന്നത് അങ്ങാടി പാട്ടായി മാറിയിട്ടുണ്ട്. കൊള്ളമുതല്‍ പങ്കുവയ്ക്കുന്നതു സംബന്ധിച്ചുരുത്തിരുഞ്ഞ തര്‍ക്കം കഴിഞ്ഞ ഏപ്രില്‍ മാസത്തില്‍ സഖാക്കളുടെ കൂട്ടത്തല്ലില്‍ പരിണമിച്ചതോടെയാണ് രാവണന്‍ കോട്ടയില്‍ തടഞ്ഞുനിര്‍ത്തിയിരുന്ന ദുഷിച്ചു നാറിയ കഥകളൊക്കെ പുറംലോകം അറിഞ്ഞു തുടങ്ങിയത്.

‘അദ്ധ്യക്ഷ് മഹോദയ്’ അനുയായികളും ‘കാര്യദര്‍ശി കിങ്കരന്‍’മാരും ചേരിതിരിഞ്ഞ് തമ്മില്‍ തല്ലിയത് ജീവനക്കാരുടെ അവകാശങ്ങളുടെ പേരിലായിരുന്നില്ല, മറിച്ച് സ്ഥാനമാനങ്ങളുടെയും സ്വാധീനത്തിന്റെയും താന്‍പോരിമയുടെയും പേരിലായിരുന്നു എന്നതാണ്. സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെയും അധ്യാപകരുടെയും അവകാശങ്ങളും ആനുകൂല്യങ്ങളും അരിഞ്ഞു വീഴ്ത്തുമ്പോള്‍, അക്ഷരമുരിയാടാതെ അനുകൂലിച്ച് അടിമപടയാളികളായി പരിണമിച്ചവരാണ് കാല്‍പണത്തിന് വേണ്ടി പരസ്പരം ഒറ്റുകൊടുക്കാന്‍ വരെ തുനിഞ്ഞത്. സെക്രട്ടേറിയറ്റിലെ ആക്രിക്കൊള്ള വാര്‍ത്തയായതിന് പിന്നിലും മറ്റൊന്നല്ല.

ഗേറ്റ് പാസ് കിട്ടാന്‍ തുക അടയ്ക്കണമെങ്കില്‍ നയാ പൈസ അടക്കാതെ എങ്ങനെ ആക്രി കൊണ്ടുപോയി? മൂന്ന് ലോഡ് ആക്രിയുടെ പാസുമായി അഞ്ച് ലോഡ് പോകുന്നത് ചാനല്‍ കാണിച്ചിട്ടും, ആക്രി കൊണ്ടുപോകുന്ന വകയില്‍ സര്‍ക്കാരിന് കിട്ടേണ്ട തുക അടയ്ക്കുന്നില്ലെന്ന് റിപ്പോര്‍ട്ട് പുറത്തുവന്നിട്ടും, ഇല്ലാത്ത മുത്തുവേലിന്റെ പേരില്‍ ഉത്തരവിറക്കി ലക്ഷങ്ങള്‍
ഉദ്യോഗസ്ഥ സംഘം തട്ടിയെടുത്തുവെന്ന് വാര്‍ത്ത വന്നിട്ടും എന്തുകൊണ്ട് ഭരണകൂടം മൗനം പാലിക്കുന്നു?- ന്യായമായ ചോദ്യങ്ങള്‍ക്ക് മറുപടിയില്ല.

ആപാദചൂഡം അഴിമതിയില്‍ അഭിരമിക്കുന്ന ഭരണസംവിധാനത്തില്‍ അനുയായി വൃന്ദവും അടിച്ചു മാറ്റല്‍ അലങ്കാരമാക്കിയതില്‍ അത്ഭുതമില്ല. സെക്രട്ടേറിയറ്റില്‍ അതാണ് കാണുന്നത്. ജീര്‍ണ്ണതയിലേക്ക് കൂപ്പുകുത്തിയ ഇടതുഭരണത്തിന്റെ പ്രതീകമാണ് ആക്രി ഇടപാട്. ഒരഭ്യര്‍ത്ഥനയുണ്ട്, ആക്രി ജൈത്രയാത്ര ഒമ്പതാം വര്‍ഷം പിന്നിട്ട് പത്ത് പൂര്‍ത്തിയാകുമ്പോള്‍ സെക്രട്ടേറിയറ്റിന്റെ കഴുക്കോല്‍ എങ്കിലും ബാക്കി വച്ചേക്കണേ.

സുഹൃത്തുക്കളെ,

സമാനതകളില്ലാത്ത കൊള്ളയ്ക്ക് സെക്രട്ടേറിയറ്റ് സര്‍വീസും സാക്ഷ്യം വഹിക്കുന്നുവെന്നത് അപമാനകരമാണ്. സഖാക്കള്‍ക്കിപ്പോ ഡി എ വേണ്ട, സറണ്ടര്‍ വേണ്ട, ശമ്പള പരിഷ്‌ക്കരണം വേണ്ട, ശമ്പള പരിഷ്‌ക്കരണ കുടിശ്ശിക വേണ്ട. ആക്രി കടത്തി ലക്ഷങ്ങള്‍ അടിച്ചു മാറ്റുന്നവര്‍ക്കെന്ത് ഡി എ, എന്ത് സറണ്ടര്‍, എന്ത് പേറിവിഷന്‍? സര്‍ക്കാരിന് വലിയ
തുക നഷ്ടപ്പെടുമ്പോഴും, അതിനെ സാധൂകരിക്കുന്ന നടപടികളാണ് സര്‍ക്കാരിന്റെ ഭാഗത്തു നിന്നുണ്ടായത്. ആത്മാഭിമാനബോധമുള്ള സെക്രട്ടേറിയറ്റ് സമൂഹത്തിന് അതംഗീകരിക്കാനേ ആകില്ല.
വലിയ കൊള്ള നടമാടുന്ന സാഹചര്യത്തില്‍ ആക്രി വില്‍പ്പന/ നിര്‍മ്മാര്‍ജ്ജനം സംബന്ധിച്ച് കഴിഞ്ഞ എട്ട് വര്‍ഷമായി കൈക്കൊണ്ടുവരുന്ന എല്ലാ നടപടിക്രമങ്ങളും ടെണ്ടര്‍ നടപടികളും, നടത്തിയ താല്കാലിക നിയമനങ്ങളും, സര്‍ക്കാരിനുണ്ടായ സാമ്പത്തിക നഷ്ടം തുടങ്ങിയ എല്ലാ വിഷയങ്ങളിലും ഒരു ഉന്നതതല സ്വതന്ത്ര അന്വേഷണം നടത്തി കുറ്റകാര്‍ക്കെതിരെ കര്‍ശന നടപടികള്‍ കൈക്കൊള്ളണമെന്നും കുറ്റവാളികള്‍ക്കെതിരെ മാതൃകാപരമായ ശിക്ഷാനടപടികള്‍ സ്വീകരിക്കണമെന്നും അന്വേഷണം പൂര്‍ത്തിയാകുന്നതുവരെ ആരോപണ വിധേയരായവരെ സ്ഥാനങ്ങളില്‍ നിന്നും മാറ്റിനിര്‍ത്തണമെന്നും സെക്രട്ടേറിയറ്റ് ആക്ഷന്‍ കൗണ്‍സില്‍ ആവശ്യപ്പെടുന്നു. സത്യത്തിനും നീതിക്കും ഇടതുസംഘടനയില്‍ സ്ഥാനമില്ലാതായിരിക്കുന്നു. അതിനാല്‍ കള്ളത്തിനും കൊള്ളയ്ക്കും കൂട്ടുനില്‍ക്കുന്ന ഭരണവിലാസം സംഘടനയുടെ ചരടുകള്‍ പൊട്ടിച്ചെറിഞ്ഞ് പുറത്തു വരാന്‍ ആ സംഘടനയിലെ എല്ലാ അംഗങ്ങളാേടും അഭ്യര്‍ത്ഥിക്കുന്നു.

അഭിവാദനങ്ങളോടെ

ഇര്‍ഷാദ് എം എസ്, കണ്‍വീനര്‍, സെക്രട്ടേറിയറ്റ് ആക്ഷന്‍ കൗണ്‍സില്‍
പുരുഷാേത്തമന്‍ കെ പി ജനറല്‍ സെക്രട്ടറി കേരള സെക്രട്ടേറിയറ്റ് അസോസിയേഷന്‍
പി എന്‍ മനോജ്കുമാര്‍ പ്രസിഡന്റ് കേരള ഫൈനാന്‍സ് സെക്രട്ടേറിയറ്റ് അസോസിയേഷന്‍
എസ് പ്രദീപ്കുമാര്‍, ജനറല്‍ സെക്രട്ടറി, കേരള ഫൈനാന്‍സ് സെക്രട്ടേറിയറ്റ് അസോസിയേഷന്‍
കുമാരി അജിത പി, പ്രസിഡന്റ്, കേരള ലാ സെക്രട്ടേറിയറ്റ് അസോസിയേഷന്‍
മോഹനചന്ദ്രന്‍ എം എസ്, ജനറല്‍ സെക്രട്ടറി, കേരള ലാ സെക്രട്ടേറിയറ്റ് അസോസിയേഷന്‍
ഷിബു ജോസഫ്, പ്രസിഡന്റ്, കേരള ലെജിസ്ലേച്ചര്‍ സെക്രട്ടേറിയറ്റ് എംപ്ലോയീസ് ഓര്‍ഗനൈസേഷന്‍
വി എ ബിനു, ജനറല്‍ സെക്രട്ടറി, കേരള ലെജിസ്ലേച്ചര്‍ സെക്രട്ടേറിയറ്റ് എംപ്ലോയീസ് ഓര്‍ഗനൈസേഷന്‍