2 മാസത്തെ ശമ്പളം എങ്കിലും അനുവദിക്കണമെന്ന് ബാലഗോപാലിനോട് ശിവൻകുട്ടി

പാചക തൊഴിലാളികളുടെ ശമ്പളം മുടങ്ങി. സ്കൂളുകളിലെ പാചക തൊഴിലാളികൾ ദുരിതത്തിൽ. മൂന്ന് മാസത്തെ വേതനം ആണ് മുടങ്ങിയത്. 2024 ഏപ്രിൽ, മെയ്, ജൂൺ മാസത്തെ വേതനം ആണ് മുടങ്ങിയത്. 3 മാസത്തെ വേതനം കൊടുക്കാൻ വേണ്ടത് 8.13 കോടിയാണ്.

2024 മാർച്ച് മാസം വരെയുള്ള വേതനം ആണ് ഇതുവരെ നൽകിയത്. രണ്ട് മാസത്തെ വേതനം കൊടുക്കാൻ എങ്കിലും പണം അനുവദിക്കണമെന്ന് വിദ്യാഭ്യാസ മന്ത്രി ശിവൻകുട്ടി ധനമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.

പ്രതിദിന വേതനം ഉയർത്താത്തതും, ശമ്പളം കൃത്യമായി നൽകാത്തതും , മറ്റ് ആനുകൂല്യങ്ങൾ നിഷേധിക്കുന്നതും തൊഴിലാളികളെ പ്രതിസന്ധിയിലാക്കുകയാണ്. 300 രൂപ മുതല്‍ 600 രൂപവരെയാണ് നല്‍കിവന്നിരുന്നത്. എന്നാലിത് എല്ലാമാസവും കൃത്യമായി ലഭിക്കാത്ത സാഹചര്യമാണുള്ളത്.

സംസ്ഥാനമൊട്ടാകെ പതിനായിരത്തിലധികം തൊഴിലാളികളാണ് വേതനത്തിനായി കാത്തിരിക്കുന്നത്. ശമ്പളം മുടങ്ങിയതോടെ തൊഴിലാളികളെ വലിയ കടക്കെണിയിലാണ് കുടുക്കിയിരിക്കുന്നത്. വിരമിച്ചാല്‍ പെൻഷൻ ആനുകൂല്യങ്ങള്‍ പോലുമില്ലാത്ത തൊഴിലാളികളോടാണ് സർക്കാരിന്റെ ഈ അവഗണന.