
കേരളത്തിലെ ഏറ്റവും വലിയ MDMA വേട്ട; രണ്ടരകിലോ ലഹരിമരുന്നുമായി കണ്ണൂർ സ്വദേശി പിടിയിൽ
തൃശൂർ: കേരളത്തിലെ ഏറ്റവും വലിയ എംഡിഎംഎ വേട്ട നടത്തി പൊലീസ്. രണ്ടര കിലോ എംഡിഎംഎയുമായി തൃശൂരിൽ നിന്നാണ് ഒരാൾ പിടിയിലായിരിക്കുന്നത്. കണ്ണൂർ പയ്യന്നൂർ സ്വദേശി ഫാസിലിനെയാണ് സിറ്റി പൊലീസും ജില്ലാ പൊലീസിന്റെ ലഹരിവിരുദ്ധ സ്‌ക്വാഡും ചേർന്ന് പിടികൂടിയത്. ഇയാളിൽ നിന്ന് 9000 എംഡിഎംഎ ഗുളികകൾ പിടിച്ചെടുത്തുവെന്നും വിവരമുണ്ട്. കേരളത്തിലെ ഏറ്റവും വലിയ എംഡിഎംഎ വേട്ടയാണിതെന്നും പൊലീസ് പറഞ്ഞു.
തൃശൂർ കേന്ദ്രീകരിച്ച് ലഹരിക്കടത്ത് നടക്കുന്നതായി പൊലീസിന് രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഇന്നലെ രാത്രി ഒല്ലൂരിൽ നടത്തിയ വാഹനപരിശോധനയ്ക്കിടെയാണ് ഫാസിൽ പിടിയിലാവുന്നത്. എറണാകുളത്തുനിന്ന് കാറിൽ തൃശൂരിലേയ്ക്ക് വരികയായിരുന്നു ഇയാൾ. കാറിൽ നിന്നും ആലുവയിലുള്ള ഇയാളുടെ വീട്ടിൽ നിന്നുമാണ് ലഹരിമരുന്ന് പിടികൂടിയത്. ഇതിന് രണ്ടരകിലോ തൂക്കം വരുമെന്ന് പൊലീസ് പറയുന്നു.
ഫാസിൽ എംഡിഎംഎ മൊത്തവിതരണക്കാരനാണെന്നാണ് വിവരം. ഗോവയിൽ നിന്ന് വൻതോതിൽ നാട്ടിലെത്തിച്ച് വിൽപന നടത്തുന്നതാണ് രീതി. ഇയാളുടെ കണ്ണൂരിലെ വീട്ടിലും പരിശോധന നടത്തുന്നുണ്ട്.