ആലപ്പുഴ മാന്നാറിൽ യുവതിയെ കൊന്നു കുഴിച്ചുമൂടിയ കേസിൽ ഒന്നാംപ്രതി ഭര്‍ത്താവ് അനില്‍. കലയ്ക്കു മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയത്തെത്തുടര്‍ന്നാണ് കൊല നടത്തിയതെന്നാണ് സംശയം. പെരുമ്പുഴ പാലത്തില്‍വച്ചാണ് കൊല നടന്നതെന്നും എഫ്ഐആറില്‍ വ്യക്തമാക്കുന്നു. അനില്‍, ജിനു, സോമന്‍, പ്രമോദ് എന്നിവരാണ് സംഭവത്തില്‍ പ്രതികള്‍. നാലുപേരും കൃത്യത്തില്‍ നേരിട്ട് പങ്കെടുത്തെന്നും എഫ്.ഐ.ആറില്‍ വ്യക്തമാക്കുന്നു.

കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത് ഒരു ഊമക്കത്തിലൂടെയായിരുന്നു. ജില്ലാ പൊലിസ് മേധാവി ചൈത്ര തെരേസ ജോണിന്റെ നിർദേശപ്രകാരം അമ്പലപ്പുഴ സി.ഐ പ്രതീഷ്കുമാർ രഹസ്യാന്വേഷണം നടത്തിയതോടെ നാടിനെ ഞെട്ടിച്ച കൊലയുടെ ചുരുളഴിഞ്ഞു. അമ്പലപ്പുഴയ്ക്കടുത്ത് കാക്കാഴത്തെ ഒരു നാടൻ ബോംബേറ് കേസിലെ പ്രതിയോട് ചോദിച്ചാൽ കലയെ കൊലപ്പെടുത്തിയതിന്‍റെ വിവരങ്ങൾ കിട്ടുമെന്നായിരുന്നു ഊമക്കത്തിലുണ്ടായിരുന്നത്.

മാന്നാറില്‍ 15 വര്‍ഷം മുന്‍പ് കാണാതായ കലയുടേതെന്ന് സംശയിക്കുന്ന മൃതദേഹാവശിഷ്ടം വീട്ടിലെ സെപ്റ്റിക് ടാങ്കില്‍നിന്നാണ് കണ്ടെത്തിയത്. കലയെ കൊന്നു മറവുചെയ്തെന്ന വിവരത്തെ തുടര്‍ന്ന് ഭര്‍ത്താവിന്‍റെ ബന്ധുക്കളായ അഞ്ചുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. കസ്റ്റഡിയിലുള്ള അനിലിന്‍റെ സഹോദരീ ഭര്‍ത്താവ് പ്രമോദ് മാര്‍ച്ചില്‍ ഭാര്യയെ ആക്രമിച്ച് കൊല്ലാന്‍ ശ്രമിച്ചിരുന്നു. ബോംബ് സ്ഫോടനക്കേസിലും കസ്റ്റഡിയിലായിരുന്നു. ഈ സമയത്താണ് കലയുടെ കൊലപാതകം സൂചിപ്പിക്കുന്ന ഊമക്കത്ത് പൊലീസിന് ലഭിക്കുന്നത്. ഇതര സമുദായക്കാരായ കലയും അനിലും പ്രണയിച്ച് വിവാഹം കഴിച്ചവരാണ്. ഇവര്‍ക്ക് ഒരു മകനുണ്ട്.