തിരുവനന്തപുരം: അക്കൗണ്ട് ഉടമ അറിയാതെ ട്രഷറിയിലെ പണം അപഹരിക്കുന്നതടക്കമുള്ള ട്രഷറി തട്ടിപ്പുകൾ ആവർത്തിക്കാതിരിക്കാൻ, ആറുമാസം ഇടപാടു നടത്താത്ത അക്കൗണ്ടുകൾ താൽക്കാലികമായി മരവിപ്പിക്കുമെന്നു ധന മന്ത്രി കെ.എൻ.ബാലഗോപാൽ. ഇതുൾപ്പെടെ ഇടപാടുകളുടെ നടപടിക്രമത്തിലും സോഫ്റ്റ്‍വെയറിലും കാതലായ മാറ്റം വരുത്തും. എല്ലാ അക്കൗണ്ട് ഉടമകൾക്കും E KYC ബാധകമാക്കും

ഒരു അക്കൗണ്ട് ഉടമയ്ക്കു നൽകിയ ചെക്ക് ബുക്കിലെ അവസാന മൂന്നു താൾ അവശേഷിക്കുമ്പോൾ മാത്രമേ പുതിയ ചെക്ക് ബുക്ക് നൽകുകയുള്ളൂ. ഇടപാടുകാരന്റെ മൊബൈലിലേക്കു വരുന്ന ഒടിപി അടിസ്ഥാനമാക്കിയാവും പുതിയ ചെക്ക് ബുക്ക് നൽകുക. റജിസ്റ്റേഡ് മൊബൈൽ നമ്പർ മാറ്റുന്നതിനു പഴയ നമ്പറിൽ ലഭിക്കുന്ന ഇ സന്ദേശത്തിലൂടെ മാത്രമേ സാധിക്കൂ. പെൻഷൻ നിർത്തലാക്കുമ്പോൾ തന്നെ പെൻഷനേഴ്സ് ട്രഷറി സേവിങ്സ് ബാങ്ക് അക്കൗണ്ടിലെ ഇടപാടുകൾ സ്വയം മരവിക്കും.

പണം പിൻവലിക്കുമ്പോൾ അക്കൗണ്ട് ഉടമയ്ക്കു സന്ദേശം അയയ്ക്കാറുണ്ട്. നിക്ഷേപിക്കുമ്പോഴും സന്ദേശം ലഭിക്കുന്ന സൗകര്യമേർപ്പെടുത്തും. ദീർഘകാലം ഒരേ ട്രഷറിയിൽ ഇരിക്കുന്നവർ അവിടത്തെ എല്ലാ കാര്യങ്ങളും മനസ്സിലാക്കി തട്ടിപ്പു നടത്താൻ സാധ്യതയുണ്ട്. അതിനാൽ ഈ ജീവനക്കാരെ മാറ്റുന്നതു പരിശോധിക്കുമെന്നും മന്ത്രി നിയമസഭയിൽ പറഞ്ഞു.

കേരളത്തിൽ ജിഎസ്ടിയുടെ ഹണിമൂൺ കാലം കഴിഞ്ഞുവെന്നു മന്ത്രി പറഞ്ഞു. ജിഎസ്ടി രീതികളും സംവിധാനങ്ങളും അറിയില്ലെന്നു പറഞ്ഞു വ്യാപാരികൾക്ക് ഇനി നികുതി അടയ്ക്കുന്നതിൽനിന്ന് ഒഴിയാനാകില്ല. നികുതിവെട്ടിപ്പിന് ഒരിളവും കൊടുക്കില്ല. ഓൺലൈൻ പ്ലാറ്റ്ഫോമുകളിൽനിന്നു വാങ്ങുന്ന സാധനങ്ങൾക്ക് ഇ വേ ബിൽ നിർബന്ധമാക്കുമെന്നു കഴിഞ്ഞ ജിഎസ്ടി കൗൺസിൽ യോഗത്തിൽ കേന്ദ്രം സമ്മതിച്ചിട്ടുണ്ട്. നികുതി വിഹിതം ലഭിക്കുന്നില്ലെന്ന വിഷയം കേരളമാണു യോഗത്തിൽ ഉന്നയിച്ചതെന്നും മന്ത്രി പറഞ്ഞു.