തിരുവനന്തപുരം: ഒന്നാം പിണറായി സർക്കാരിൻ്റെ കാലം മുതൽ നാളിതുവരെ നാല് തവണ വൈദ്യുതി നിരക്ക് വർദ്ധിപ്പിച്ചുവെന്ന് മന്ത്രി. കെ. കൃഷ്ണൻകുട്ടി. വൈദ്യുത ചാർജ് വർധനയിലൂടെ 2434 കോടിയുടെ അധിക വരുമാനം ലഭിച്ചു. സ്വകാര്യ സ്ഥാപനങ്ങളിൽ നിന്നും സർക്കാർ സ്ഥാപനങ്ങളിൽ നിന്നും വൈദ്യുത കുടിശികയായി 2310.70 കോടി പിരിഞ്ഞ് കിട്ടാനുണ്ടെന്നും മന്ത്രി വ്യക്തമാക്കി. കുടിശിക പിരിച്ചെടുക്കാനുള്ള ഊർജിത ശ്രമങ്ങൾ നടക്കുന്നുണ്ടെന്നും മന്ത്രി നിയമസഭയിൽ മറുപടി നൽകി.

മുഖ്യമന്ത്രി ഇരിക്കുന്ന സെക്രട്ടറിയേറ്റും ഭരിക്കുന്ന പോലിസ് വകുപ്പും വൈദ്യുതി കുടിശിക വരുത്തി

വൈദ്യുതി കുടിശിക വരുത്തിയ സർക്കാർ സ്ഥാപനങ്ങളിൽ ഗവൺമെൻ്റ് സെക്രട്ടറിയേറ്റും. സെക്രട്ടറിയേറ്റിൻ്റെ മാർച്ച് 31 വരെയുള്ള കുടിശിക 11,62,443 രൂപ. പലിശ ചേർക്കാതെയുള്ള തുകയാണിത്. വൈദ്യുതി കുടിശിക വരുത്തിയ സർക്കാർ ഓഫിസുകളുടെ വിശദാംശങ്ങൾ സംബന്ധിച്ച ടി.ജെ. വിനോദ് എം എൽ എയുടെ ചോദ്യത്തിന് മന്ത്രി. കെ. കൃഷ്ണൻകുട്ടി നൽകിയ മറുപടിയിലാണ് സെക്രട്ടറിയേറ്റിൻ്റെ വൈദ്യുതി കുടിശിക ഇടം പിടിച്ചത്. മുഖ്യമന്ത്രിയും മന്ത്രിമാരും ഇരുന്ന് ഭരിക്കുന്ന സെക്രട്ടറിയേറ്റ് പോലും വൈദ്യുതി ബിൽ കൃത്യമായി അടയ്ക്കുന്നില്ല എന്നത് പുറത്ത് വന്നത് സർക്കാരിന് നാണക്കേടാണ്.

മുഖ്യമന്ത്രിയുടെ സ്വന്തം വകുപ്പായ പോലിസിൻ്റെ വൈദ്യുതി കുടിശിക 72.63 കോടിയാണ്. ഇരിക്കുന്ന ഓഫിസും ഭരിക്കുന്ന പോലിസ് വകുപ്പും വൈദ്യുത ബിൽ കുടിശിക വരുത്തിയതിൻ്റെ ഉത്തരവാദിത്വത്തിൽ നിന്ന് പിണറായി വിജയന് ഒഴിഞ്ഞ് മാറാനാകില്ല.

കുടിശ്ശിക: വയനാട്ടില്‍ 1,62,376 കുടുംബങ്ങളുടെ കണക്ഷനുകൾ വിച്ഛേദിച്ചു

വൈദ്യുത ബിൽ അടയ്ക്കാത്തതിനാൽ 2023 മാർച്ച് 1 മുതൽ 1,62, 376 ഗാർഹിക കണക്ഷനുകൾ വയനാട് ജില്ലയിൽ മാത്രം വിച്ഛേദിച്ചു. ഇതിൽ 1,59,732 കണക്ഷനുകൾ പുനഃസ്ഥാപിച്ച് നൽകി. 2,644 കുടുംബങ്ങൾ വയനാടിൽ ഇപ്പോഴും ഇരുട്ടിലാണ്. വിച്ഛേദിക്കപ്പെട്ട കണക്ഷനുകളിൽ 3113 എണ്ണംപട്ടിക വർഗ കുടുബങ്ങളുടേതാണ്. 1514 പട്ടിക വർഗ്ഗ കുടുംബങ്ങളുടെ കണക്ഷൻ പുനഃസ്ഥാപിച്ചു എന്ന് ഒ.ആർ. കേളുവിൻ്റെ നിയമസഭ ചോദ്യത്തിന് മന്ത്രി കെ കൃഷ്ണൻ കുട്ടി മറുപടി നൽകി.