തലസ്ഥാനം പിടിച്ചാൽ ഭരണം ഉറപ്പ്!! ഭരണ വിരുദ്ധ വികാരം മറികടക്കാൻ തന്ത്രങ്ങളുമായി സി.പി.എം; V.K. പ്രശാന്ത് കഴക്കൂട്ടത്ത്, G. സ്റ്റീഫൻ കാട്ടാക്കടയിൽ, ആര്യ രാജേന്ദ്രൻ വട്ടിയൂർക്കാവിൽ

ജി. സ്റ്റീഫൻ, ആര്യാ രാജേന്ദ്രൻ, വി.കെ. പ്രശാന്ത്

-പി.ജെ. റഫീഖ്-

തലസ്ഥാനം പിടിച്ചാൽ ഭരണം പിടിക്കാം. തലസ്ഥാനം ഇടതുപക്ഷത്ത് നിന്ന് അകലുന്നു എന്ന് വ്യക്തമാക്കുന്നതായിരുന്നു ലോകസഭ തെരഞ്ഞെടുപ്പ് ഫലങ്ങൾ. തലസ്ഥാനമായ തിരുവനന്തപുരത്ത് 14 നിയമസഭ മണ്ഡലങ്ങളിൽ ഇടതുപക്ഷത്തിന് ലീഡ് ഉണ്ടായത് വർക്കലയിൽ മാത്രം.

2021 ൽ തലസ്ഥാനത്തെ 14 നിയമസഭ മണ്ഡലങ്ങളിൽ 13 ലും വിജയകൊടി പാറിച്ചത് എൽ.ഡി.എഫ് ആയിരുന്നു. സാമ്പത്തിക പ്രതിസന്ധി അനുദിനം രൂക്ഷമാകുമ്പോൾ ഭരണ വിരുദ്ധ വികാരം മറികടക്കാൻ എളുപ്പവും അല്ല. നിയമസഭ തെരഞ്ഞെടുപ്പിൽ ഇങ്ങനെ പോയാൽ വർക്കലയിലെ ഒരു സീറ്റ് കൊണ്ട് തൃപ്തിപെടേണ്ടിവരും. അതും കിട്ടുമോ എന്ന് കണ്ടറിയണം.

പുതുമുഖ സ്ഥാനാർത്ഥികളെ ഇറക്കി ഭരണ വിരുദ്ധ വികാരം മറികടക്കാനാണ് സി പി എം ഉദ്ദേശിക്കുന്നത്. എം.എൽ.എമാരെ നിയോജക മണ്ഡലം മാറ്റി മൽസരിപ്പിക്കാനും ആലോചിക്കുന്നുണ്ട്. സ്ഥാനാർത്ഥി ലിസ്റ്റിൽ പുതുമ സൃഷ്ടിക്കാൻ ഇതു വഴി സാധിക്കുമെന്നാണ് കണക്ക് കൂട്ടൽ. വട്ടിയൂർക്കാവ് എംഎൽഎ വി.കെ പ്രശാന്ത് കഴക്കൂട്ടത്ത് മൽസരിക്കുമെന്നാണ് സൂചന.

ജി. സ്റ്റീഫൻ, ആര്യാ രാജേന്ദ്രൻ, വി.കെ. പ്രശാന്ത്

വട്ടിയൂർക്കാവിൽ മേയർ ആര്യാ രാജേന്ദ്രൻ സ്ഥാനാർത്ഥി ആയേക്കും. റിയാസുമായി ഇടഞ്ഞ് നിൽക്കുന്ന കടകംപള്ളി സുരേന്ദ്രന് സീറ്റ് ഉണ്ടാവുകയില്ല. അരുവിക്കര എം എൽ എ ജി. സ്റ്റീഫനെ കാട്ടാക്കടയിൽ മത്സരിപ്പിക്കാനും നീക്കമുണ്ട്. രാജ്യസഭ എം.പി എ.എ. റഹീം, ഷിജുഖാൻ എന്നിവരും തലസ്ഥാനത്ത് സ്ഥാനാർത്ഥികളാകും. രണ്ട് ടേം പൂർത്തിയായവരെ മാറ്റാനുള്ള തീരുമാനം ഒഴിവാക്കും. ജയസാധ്യതയ്ക്കായിരിക്കും മുൻതൂക്കം.

2021 ൽ കോവളം മാത്രമാണ് യു.ഡി.എഫിന് തലസ്ഥാനത്ത് നിന്ന് ജയിക്കാൻ കഴിഞ്ഞത്. ലോക്സഭാ ഫലങ്ങൾ പുറത്ത് വന്നതോടെ തലസ്ഥാനം പിടിക്കാമെന്ന ആത്മവിശ്വാസത്തിലാണ് യു.ഡി.എഫ്. വട്ടിയൂർക്കാവ് കേന്ദ്രികരിച്ച് കെ. മുരളിധരൻ പ്രവർത്തനം ആരംഭിച്ചു കഴിഞ്ഞു. 2016 ൽ നാല് സീറ്റിൽ യു.ഡി.എഫ് ജയിച്ചിരുന്നു. കെ മുരളിധരൻ , വി.എസ്. ശിവകുമാർ, എം.വിൻസൻ്റ് , കെ .എസ്. ശബരിനാഥൻ എന്നിവരായിരുന്നു 2016 ൽ തലസ്ഥാനത്തെ യു.ഡി.എഫ് എംഎൽഎമാർ . 2021 ൽ ഇത് ഒന്നായി കുറഞ്ഞു.

2016 ൽ തലസ്ഥാനത്ത് 9 സീറ്റിൽ ജയിച്ച് ഭരണത്തിൽ കേറിയ എൽ.ഡിഎഫ് 2021 ൽ 13 സീറ്റിൽ വിജയിച്ചു തുടർഭരണം നേടി. 2011 ൽ നേരിയ ഭൂരിപക്ഷത്തിന് അധികാരത്തിൽ കയറിയ യു.ഡി.എഫിനെ സഹായിച്ചത് തലസ്ഥാനത്തെ മിന്നും വിജയങ്ങൾ ആയിരുന്നു.

വർക്കല കഹാർ, പാലോട് രവി, എം.എ. വാഹിദ്, കെ. മുരളിധരൻ, വി.എസ്. ശിവകുമാർ, ജി. കാർത്തികേയൻ, എ.റ്റി ജോർജ്, എൻ. ശക്തൻ, ആർ. ശെൽവരാജ് എന്നീ 9 എം എൽ എ മാർ യു.ഡി.എഫിന് 2011 ൽ ഉണ്ടായിരുന്നു. 2016 ൽ നേമത്ത് നിന്ന് ഒ രാജഗോപാലിലൂടെ ബി ജെ പി നിയമസഭയിൽ അക്കൗണ്ട് തുറന്നത്.

ശശി തരൂരിനോട് പരാജയപ്പെട്ട രാജീവ് ചന്ദ്ര ശേഖറെ നേമത്ത് മൽസരിപ്പിക്കാനാണ് ബി.ജെ.പി ആലോചിക്കുന്നത്. തലസ്ഥാനം പിടിച്ചാൽ ഭരണം ഉറപ്പാണ്. അതുകൊണ്ട് തന്നെ വാശിയേറിയ പോരാട്ടങ്ങൾക്ക് തലസ്ഥാനം സാക്ഷ്യം വഹിക്കും എന്ന് വ്യക്തം.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments