തിരുവനന്തപുരം: തെരഞ്ഞെടുപ്പ് തോൽവിയുടെ പ്രധാന കാരണങ്ങളിലൊന്ന് ഭരണവിരുദ്ധ വികാരമാണെന്ന് സി.പി.എം ജില്ല സെക്രട്ടേറിയറ്റ് യോഗം. തലസ്ഥാനത്തെ തിരിച്ചടിയുടെ കാരണങ്ങളിലൊന്ന് നഗരഭരണത്തിനെതിരായ വികാരമാണെന്നും യോഗത്തിൽ അഭിപ്രായമുയർന്നു. ശനി, ഞായർ ദിവസങ്ങളിൽ ജില്ല കമ്മിറ്റി യോഗം ചേരുന്നുണ്ട്. തെരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച ജില്ല സെക്രട്ടേറിയറ്റിന്‍റെയും നേരത്തേ നടന്ന സംസ്ഥാന നേതൃയോഗത്തിന്‍റെയും വിലയിരുത്തൽ യോഗം ചർച്ച ചെയ്യും.
ആറ്റിങ്ങൽ മണ്ഡലത്തിൽ പാർട്ടിയുടെ അടിസ്ഥാന വോട്ട് ബാങ്കായി ഈഴവ വിഭാഗത്തിൽനിന്ന് വലിയ തോതിൽ ചോർച്ചയുണ്ടായെന്ന് സെക്രട്ടേറിയറ്റ് യോഗം കണക്ക് പരിശോധിച്ച് വിലയിരുത്തി. അവിടെ ബി.ജെ.പിക്കുണ്ടായ വോട്ട് വർധനവ് ആശങ്കയുളവാക്കുന്നു. ഇടതുപക്ഷ സ്വഭാവം കാത്തുസൂക്ഷിച്ച മണ്ഡലത്തിൽ ബി.ജെ.പിയിലേക്ക് പോയ വോട്ടുകൾ തിരിച്ചുപിടിക്കാൻ ഫലപ്രദമായ നടപടി വേണമെന്ന് അഭിപ്രായമുയർന്നു.
തിരുവനന്തപുരത്തെ തിരിച്ചടി പ്രതീക്ഷിച്ചതാണ്. എന്നാൽ, മേയർ ആര്യ രാജേന്ദ്രൻ ഉൾപ്പെട്ട വിവാദങ്ങൾ തോൽവിയുടെ ആഘാതം വർധിപ്പിച്ചെന്ന് അഭിപ്രായമുയർന്നു. ഈ നിലക്ക് പോയാൽ കോർപറേഷൻ ഭരണം ബി.ജെ.പിയിലേക്ക് പോകുന്നത് കാണേണ്ടി വരുമെന്ന് ചിലർ അഭിപ്രായപ്പെട്ടു. തദ്ദേശ തെരഞ്ഞെടുപ്പിന് ഇനി അധികം നാളില്ല. തിരുത്തൽ നടപടികൾ താഴേതട്ടുമുതൽ വേഗത്തിൽ വേണം.
കോൺഗ്രസിന് അനുകൂലമായ ദേശീയ സാഹചര്യം കേരളത്തിൽ സ.പി.എമ്മിന് ദോഷകരമായി എന്നത് വസ്തുതയാണ്. എന്നാൽ, മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെ ഉയർന്ന ആക്ഷേപങ്ങളും ജനങ്ങളെ സ്വാധീനിച്ചിരിക്കാമെന്ന അഭിപ്രായങ്ങളും യോഗത്തിൽ ഉയർന്നതായാണ് വിവരം.