മാധ്യമപ്രവര്‍ത്തനം ഉപേക്ഷിച്ച് മുഴുവന്‍ സമയ സിപിഎം ആംഗമായി രംഗപ്രവേശം ചെയ്യുന്ന എം.വി. നികേഷ് കുമാറിന്റെ രാഷ്ട്രീയ ഭൂമിക കണ്ണൂര്‍ ജില്ലയായിരിക്കും. നേരത്തെ തന്നെ സിപിഎം പാര്‍ട്ടി മെംബര്‍ഷിപ്പ് കരസ്ഥമാക്കിയ എം.വി. നികേഷ് കുമാര്‍ കണ്ണൂര്‍ ഡി.സി ബ്രാഞ്ചിലായിരിക്കും പ്രവര്‍ത്തിച്ച് തുടങ്ങുക.
അടുത്ത പാര്‍ട്ടി സമ്മേളനത്തില്‍ കണ്ണൂര്‍ ജില്ല കമ്മിറ്റിയില്‍ പ്രവേശനം ലഭ്യമാക്കുമെന്ന് പാര്‍ട്ടി ഉറപ്പ് നല്‍കിയിട്ടുണ്ട്. 2016 ല്‍ അഴീക്കോടേക്ക് ഒരു തെരഞ്ഞെടുപ്പ് രംഗത്തെക്ക് കെട്ടിയിറക്കിയതെന്ന പരാതിക്ക് ഇനിയൊരു ഇടം നല്‍കില്ലെന്ന് ഉറപ്പിച്ചാണ് എം.വി. നികേഷ് കുമാറിന്റെ രാഷ്ട്രീയ സ്വപ്‌നങ്ങള്‍. അടുത്ത തെരഞ്ഞെടുപ്പില്‍ കണ്ണൂര്‍ മണ്ഡലത്തില്‍ നിന്നായിരിക്കും എം.വി. രാഘവന്റെ മകന്‍ നിയമസഭയിലേക്ക് മത്സരിക്കുക.
കണ്ണൂരിൽ പാർട്ടി പ്രവർത്തനത്തിൽ സജീവമാകുമ്പോൾ തന്നെ തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുടെ മാധ്യമ ഇടപെടലുകളിൽ ഉപദേശകനാകാനും സാധ്യതയുണ്ട്. മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവസ്ഥാനം ജോൺ ബ്രിട്ടാസ് ഒഴിഞ്ഞതിനു ശേഷം പിണറായി വിജയൻറെ മീഡിയ മാനേജ്മെൻറ് അവതാളത്തിൽ ആയതായി വിലയിരുത്തലുണ്ട്.
നിലവില്‍ കടന്നപ്പിള്ളി രാമചന്ദ്രന്‍ പ്രതിനിധീകരിക്കുന്ന മണ്ഡലമാണ് കണ്ണൂര്‍. രണ്ടര വര്‍ഷത്തെ രാഷ്ട്രീയ പദ്ധതിയാണ് ഇപ്പോള്‍ എം.വി. നികേഷ് കുമാറിന്റെ മുന്നിലുള്ളത്. മാധ്യമപ്രവര്‍ത്തനം ഉപേക്ഷിച്ച് പാര്‍ട്ടി പ്രവര്‍ത്തനത്തില്‍ സജീവമാകുന്നത് ജനങ്ങളുമായി നേരിട്ടുള്ള ഇടപഴകല്‍ സജീവമാക്കാനാണെന്ന് ചാനല്‍ ഫ്‌ളോറില്‍ നിന്ന് ഇറങ്ങുന്നതിന് മുമ്പ് തന്നെ നികേഷ് കുമാര്‍ വ്യക്തമാക്കിയിരുന്നു.
സംസ്ഥാനത്ത് സിപിഎം ഏറ്റവും ശക്തമായി കായികമായി നേരിട്ട ഒരു രാഷ്ട്രീയ അതികായന്റെ മകന്‍ കണ്ണൂരില്‍ തന്നെ സ്ഥാനമുറപ്പിക്കാന്‍ ഇറങ്ങിപ്പുറപ്പെടുന്നുവെന്നതാണ് നികേഷിന്റെ കാര്യത്തില്‍ ഇവിടെ സംഭവിക്കാന്‍ പോകുന്നത്. അച്ഛന്‍ എം.വി. രാഘവന്‍ 1967 മുതല്‍ 78 വരെ കണ്ണൂര്‍ ജില്ല സെക്രട്ടറിയായിരുന്നു.
ഇടതുമുന്നണിയുടെ ഉറച്ച നിയമസഭ മണ്ഡലമായ കണ്ണൂരില്‍ നിന്ന് മത്സരിക്കാനുള്ള നികേഷിന്റെ നീക്കത്തിന് പിണറായി വിജയന്റെ പിന്തുണയുമുണ്ട്. മാധ്യമപ്രവര്‍ത്തനത്തില്‍ നിന്ന് വിടാനൊരുങ്ങിയ സമയത്തൊക്കെയും പിണറായി വിജയനൊപ്പമായിരുന്നു നികേഷ് കുമാറിന്റെ സ്ഥാനം. അമേരിക്കയില്‍ വെച്ച് നടന്ന ലോക കേരള സഭ മേഖലാ സമ്മേളനത്തില്‍ എം.വി നികേഷ് കുമാറും സജീവമായിരുന്നു.