തിരുവനന്തപുരം: സ്റ്റാറ്റ്യൂറ്ററി പെൻഷൻ അവകാശമല്ലെന്ന കെ.എൻ. ബാലഗോപാലിൻ്റെ പ്രസംഗം സുപ്രീം കോടതി ഉത്തരവിന് എതിര്. കഴിഞ്ഞ ദിവസം നിയമസഭയിൽ ക്ഷേമപെൻഷൻ്റെ അടിയന്തിര പ്രമേയത്തിൻ്റെ മറുപടി പ്രസംഗത്തിൽ സ്റ്റാറ്റ്യൂറ്ററി പെൻഷൻ അവകാശമല്ലെന്ന് ബാലഗോപാൽ പറഞ്ഞിരുന്നു.

ശമ്പളവും പെൻഷനും അവകാശമാണെന്നും വൈകിയാൽ പലിശ നൽകേണ്ടി വരുമെന്നും സുപ്രീം കോടതി സുപ്രധാന ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ശമ്പളവും പെൻഷനും മാറ്റി വയ്ക്കുന്നത് അസ്വീകാര്യമാണ്. ശമ്പളം ജീവനക്കാർ ചെയ്യുന്ന സേവനത്തിനാണ്. ജീവനക്കാരുടെ അവകാശമാണത്.

പെൻഷൻ സംസ്ഥാനത്തിന് നൽകിയ മുൻകാല സേവനങ്ങൾക്കാണ്. അതുകൊണ്ട് തന്നെ പെൻഷനുകൾ ജീവനക്കാരുടെ നിയമങ്ങളും ചട്ടങ്ങളും അംഗീകരിച്ച അവകാശത്തിൻ്റെ ഭാഗമാണ് എന്ന് സുപ്രീം കോടതി ഉത്തരവിൽ പറയുന്നു. ആന്ധ്ര സ്വദേശിയായ റിട്ട. ജില്ലാ ജഡ്ജി ദീനവാഹി ലക്ഷ്മി കമലേശ്വരിയുടെ ഹർജിയിൽ ആന്ധ്ര ഹൈക്കോടതിയുടെ ഉത്തരവ് ശരിവച്ചാണ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അദ്ധ്യക്ഷനായ ബെഞ്ചിൻ്റെ വിധി.

2018ൽ ആയിരുന്നു ജഡ്ജി വിരമിച്ചത്. 2020 ലെ ലോക്ഡൗൺ കാലത്ത് പെൻഷൻ തടഞ്ഞ് വച്ചതിനെതിരെയാണ് ഹൈക്കോടതിയെ സമീപിച്ചത്. കൊറോണയെ തുടർന്ന് സംസ്ഥാനത്തിൻ്റെ സാമ്പത്തിക പരാധിനത കാരണമാണ് ശമ്പളവും പെൻഷനും മാറ്റിവയ്ക്കാൻ തീരുമാനിച്ചത് എന്നായിരുന്നു സംസ്ഥാനത്തിൻ്റെ ന്യായം.

വൈകി നൽകിയാൽ പെൻഷൻ അല്ലെങ്കിൽ ശമ്പള തുകയുടെ വാർഷിക നിരക്ക് കണക്കാക്കി അതിന് ആനുപാതികമായി 12 ശതമാനം കൂട്ടുപലിശ നൽകണമെന്നായിരുന്നു ഹൈക്കോടതിയുടെ വിധി. സുപ്രീം കോടതി പലിശ ആറ് ശതമാനം ആക്കുകയും 30 ദിവസത്തിനകം നൽകണമെന്ന് നിർദ്ദേശിക്കുകയും ചെയ്തു. സുപ്രീം കോടതി ഉത്തരവ് പോലും അറിയാതെ വായിൽ തോന്നുന്നത് കോതക്ക് പാട്ടെന്ന് പോലെയായിരുന്നു ബാലഗോപാലിൻ്റെ പ്രസംഗവും.

Read Also:

സ്റ്റാറ്റ്യൂട്ടറി പെൻഷൻ അവകാശമല്ല! കെ.എൻ. ബാലഗോപാലിൻ്റെ പ്രഖ്യാപനത്തിൽ ഞെട്ടി 7 ലക്ഷം സർവീസ് പെൻഷൻകാർ