ആലപ്പുഴ സിപിഎമ്മില്‍ ഐസക്ക് നേടും, സുധാകരനോട് ‘സലാം’ പറയും! ചിത്തരഞ്ജന് സ്ഥലംമാറ്റം; പിണറായിയുടെ പാർട്ടി രക്ഷാ പാക്കേജ് ഇങ്ങനെ..

ഒന്നാം പിണറായി സർക്കാരിന് മുതല്‍കൂട്ടായതും തുടർഭരണത്തിലേക്ക് വഴിവെട്ടിയതും ആലപ്പുഴയിലെ സിപിഎം നേതാക്കളായിരുന്നു. തോമസ് ഐസക്ക്, ജി. സുധാകരൻ തുടങ്ങിയ മുതിർന്ന നേതാക്കളുടെ ഇരുമുഖമായിരുന്നു സംഘടനയുടെ ജില്ലാ ഐക്കണ്‍. പക്ഷേ കാലം മാറി, ആലപ്പുഴയിലെ സിപിഎം ഇന്ന് പിണറായിക്ക് ഏറ്റവും തലവേദനയായ രാഷ്ട്രീയ ഭൂമികയായി മാറി.

അടിതട്ടിളകിയ സംഘടനാ സംവിധാനം കാരണം നേട്ടമുണ്ടാക്കിയത് ബിജെപിയാണെന്ന വസ്തുത സിപിഎം സംസ്ഥാന നേതൃത്വത്തിന് മുന്നില്‍ പല്ലിളിച്ച് കാണിച്ചു.ഇപ്പറഞ്ഞ തോമസ് ഐസക്കും ജി സുധാകരനും ഒരുപോലെ പിണറായി വിമർശനവുമായി രംഗത്തെത്തി. ഇത്രയുമായതോടെ, ആലപ്പുഴയിലെ സംഘടനയെ തന്റെ വരുതിയില്‍ നിർത്തി രക്ഷയൊരുക്കാൻ പാക്കേജ് നിർദ്ദേശിച്ചിരിക്കുകയാണ് പിണറായി വിജയൻ.

പരാജയത്തിന് പിന്നാലെ വിമർശന പാത തെരഞ്ഞെടുത്ത തോമസ് ഐസക്കിനെ പിണറായി അനുനയിപ്പിക്കും. പത്തനംതിട്ട തോൽവിയെ തുടർന്ന് പിണറായിക്കും സർക്കാരിനും എതിരെ വിമർശനങ്ങളുമായി ഐസക്ക് രംഗത്ത് വന്നിരുന്നു. പാര്‍ട്ടി ജനങ്ങളുടേതാണെന്ന ബോധ്യം വേണമെന്നും തിരുത്തേണ്ട തെറ്റുകള്‍ തിരുത്തണമെന്നും പിണറായിയെ ലക്ഷ്യമിട്ട് ഐസക്ക് പറഞ്ഞു. ജനങ്ങള്‍ക്കുള്ള ആനുകൂല്യങ്ങള്‍ വൈകിയത് തിരിച്ചടിയായോ എന്ന് പരിശോധിക്കണമെന്ന ഐസക്കിൻ്റെ തുറന്ന് പറച്ചിലിനെ മുന കെ.എൻ. ബാലഗോപാലിൻ്റെ നേർക്കായിരുന്നു. ഇതേ ഭാഷയില്‍ തിന്നെ സംസ്ഥാന നേതൃയോഗത്തിലും പിണറായിക്കും ബാലഗോപാലിനും എതിരെ വിമർശനം ഉയർന്നു.

ക്ഷേമ പെൻഷൻ മുടങ്ങിയതും ജീവനക്കാരുടെയും പെൻഷൻകാരുടെയും ആനുകൂല്യങ്ങൾ മുടങ്ങിയതും ബാലഗോപാലിൻ്റെ ധനകാര്യ മാനേജ്മെൻ്റിൻ്റെ വീഴ്ചയാണെന്ന അഭിപ്രായമാണ് ഐസക്ക് വെച്ചുപുലർത്തുന്നത്. കൊവിഡ് കാലത്ത് പോലും താൻ കൃത്യമായി ഇതെല്ലാം നൽകിയതാണെന്ന ന്യായമാണ് ഐസക്കിൻ്റേത്.

എന്നാല്‍, തുടർച്ചയായി വിമർശനങ്ങൾ തുടരുന്ന മുൻ മന്ത്രി ജി. സുധാകരനെ അനുനയിപ്പിക്കണ്ട എന്ന നിലപാടിലാണ് പിണറായി. ഇതിൻ്റെ ഭാഗമായാണ് അമ്പലപ്പുഴ എംഎൽഎ എച്ച്. സലാം ജി. സുധാകരനെതിരെ അതിശക്തമായ വിമർശനങ്ങളുമായി രംഗത്ത് വന്നത്. മുഖ്യമന്ത്രിയുമായി അടുത്തബന്ധമുള്ളയാളാണ് എച്ച് സലാം. ഐസക്കും സുധാകരനും ഒരുപോലെ പിണങ്ങി നിന്നാല്‍ പണിയാകുന്നത് പിണറായിക്കാണെന്ന് വ്യക്തമായതോടെയാണ് ഒരാളെ കൂടെകൂട്ടിയും രണ്ടാമത്തെയാളെ തള്ളിയുമുള്ള നീക്കം.

H Salam and PP Chitharanjan

അടുത്ത നിയമസഭ തെരഞ്ഞെടുപ്പില്‍ ആലപ്പുഴയില്‍ നിന്ന് മത്സരിക്കുന്നത് തോമസ് ഐസക്ക് ആയിരിക്കും. കഴിഞ്ഞ തവണ ഇതേ സീറ്റില്‍ ഐസക്കിന് ആഗ്രഹമുണ്ടായിരുന്നെങ്കിലും ചിത്തരഞ്ജനെ രംഗത്തിറക്കി പിണറായി അതിനെ വെട്ടി. ഐസക്കിൻ്റെ ഭൂരിപക്ഷം കിട്ടിയില്ലെങ്കിലും ചിത്തരജ്ഞൻ ജയിച്ച് കയറി. പുതിയ നീക്കമനുസരിച്ച് എച്ച്. സലാമിൻ്റെ അമ്പലപ്പുഴയിലേക്ക് ചിത്തരജ്ഞനെ തട്ടും.

അമ്പലപ്പുഴ നിയോജക മണ്ഡലത്തിലാണ് ചിത്തരജ്ഞൻ്റെ വീട്. അമ്പലപ്പുഴയോട് എച്ച്. സലാം സലാം പറയും. ജി. സുധാകരന് എതിരെ നേർക്ക് നേർ പോരാടുന്ന സലാം ഇനി അമ്പലപ്പുഴ നിന്നാൽ ക്ലച്ച് പിടിക്കില്ല എന്ന് നന്നായറിയാവുന്നത് പിണറായിക്കാണ്. സലാമിനെ കായംകുളത്ത് മൽസരിപ്പിക്കും. കായംകുളം എം.എൽ.എ പ്രതിഭ ഹരിക്ക് സീറ്റ് ഉണ്ടാവുകയില്ല.

തുടർച്ചയായി രണ്ട് തവണ മൽസരിച്ചവർക്ക് സീറ്റ് നൽകില്ല എന്ന നിലപാടിൽ പ്രതിഭ ഹരിക്ക് സീറ്റ് നഷ്ടപ്പെടും. പിണറായിയുടെ ആലപ്പുഴ പാക്കേജിന് അനുകൂലമായാണ് ഐസക്കിൻ്റെ പ്രതികരണം. ഭരണം കിട്ടിയാൽ വീണ്ടും ധനകാര്യ മന്ത്രി ആകാം അല്ലങ്കിൽ പ്രതിപക്ഷ നേതാവ് കസേരയിൽ കണ്ണ് വയ്ക്കാം. ഐസക്കിന് ലഭിക്കുന്നത് പാർട്ടിയിലെ ഉറച്ച നേതൃസ്ഥാനമെന്ന് ഉറപ്പാണ്. എന്നാല്‍, ആലപ്പുഴ സിപിഎമ്മിനെ പിണറായിക്കൊപ്പം ചേർത്ത നേതാക്കളില്‍ പ്രമുഖനാണ് മന്ത്രി സജി ചെറിയാൻ. അദ്ദേഹത്തിനുള്ള ചുമതലകളുടെ കാര്യത്തിലും പിണറായിക്ക് വ്യക്തമായ രൂപമുണ്ട്. ഇതേക്കുറിച്ച് സജി ചെറിയാനുമുള്ള ചർച്ചകളിലാണ് മുഖ്യമന്ത്രി. ആലപ്പുഴയ്ക്ക് പുറത്തേക്കുള്ള നിയോഗങ്ങളിലാണ് സജി ചെറിയാനെക്കുറിച്ച് മുഖ്യമന്ത്രി കണക്ക് കൂട്ടുന്നത് എന്നാണ് ലഭിക്കുന്ന സൂചന.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments