
കരുനാഗപ്പള്ളി: ജപ്തി നടപടിയിൽ മനംനൊന്ത് ആത്മഹത്യക്കൊരുങ്ങിയ നാല് അംഗ കുടുംബത്തിന് താങ്ങായി സി.ആർ. മഹേഷ് എം.എൽ.എ. കരുനാഗപ്പള്ളി മരുതൂർ കുളങ്ങര വടക്ക് ജിത് ഭവനിൽ മുത്തുവും ഭാര്യ ദീപയും രണ്ട് മക്കളുമാണ് ആത്മഹത്യാശ്രമം നടത്തിയത്.
വിവരമറിഞ്ഞെത്തിയ സി.ആർ. മഹേഷ് എം.എൽ.എ മണ്ണെണ്ണയിൽകുളിച്ചുനിന്ന നാലുപേരെയും അനുനയിപ്പിച്ച് സ്വന്തം വാഹനത്തിൽ പൊലീസ് സ്റ്റേഷനിൽ എത്തിക്കുകയായിരുന്നു. തെങ്കാശി സ്വദേശിയായ മുത്തു വർഷങ്ങളായി കരുനാഗപ്പള്ളി മരുതൂർ കുളങ്ങരയിൽ ടൈൽ വർക്ക് തൊഴിലാളിയാണ്.
മണപ്പുറം ഫൈനാൻസിൽനിന്ന് വായ്പയെടുത്ത എട്ടരലക്ഷം രൂപയുടെ തിരിച്ചടവ് മുടങ്ങിയതോടെയാണ് കമ്പനി കോടതി മുഖേന ഉത്തരവ് സമ്പാദിച്ച് ജപ്തി നടപടികളുമായി വീട്ടിലെത്തിയത്.
കുട്ടികളെയും ദമ്പതികളെയും പുറത്താക്കിയ ശേഷം വീട് മുദ്രവെക്കാൻ ശ്രമിക്കവേ വീട്ടിൽ കരുതിയിരുന്ന മണ്ണെണ്ണ നാലുപേരുടെയും ശരീരത്തിലേക്ക് ഒഴിച്ച് ഗ്യാസ് തുറന്നുവിട്ട് ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നു.
ജപ്തി നടപടികൾ തൽക്കാലം നിർത്തിവെച്ച് തിരിച്ചടവിനുള്ള സാവകാശം നൽകണമെന്ന് ഫൈനാൻസ് മാനേജറോട് ഫോണിലൂടെ ആവശ്യപ്പെട്ടപ്പോൾ തന്നോട് അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായി മഹേഷ് എം.എൽ.എ പറഞ്ഞു.
എം.എൽ.എ ഏർപ്പെടുത്തിയ വാടകവീട്ടിലേക്ക് കുടുംബത്തെ മാറ്റിപാർപ്പിച്ചു.