ന്യൂഡല്‍ഹി: ഫ്രാന്‍സിസ് മാര്‍പാപ്പ അടുത്തവര്‍ഷം ഇന്ത്യ സന്ദര്‍ശിച്ചേക്കും. ജി-7 ഉച്ചകോടിക്ക് ഇറ്റലിയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി മാര്‍പാപ്പയെ ഇന്ത്യയിലേക്ക് ക്ഷണിച്ചിരുന്നു.
ക്ഷണം സ്വീകരിച്ചെങ്കിലും ഔദ്യോഗിക നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയാല്‍മാത്രമേ ഇക്കാര്യത്തില്‍ അന്തിമതീരുമാനമാകൂ. വൈകാതെ വിദേശകാര്യമന്ത്രാലയം അതിനുള്ള നടപടികളിലേക്ക് കടന്നേക്കും. മാര്‍പാപ്പ ഇന്ത്യയിലെത്തിയാല്‍ കേരളത്തില്‍ ഉറപ്പായുമെത്തുമെന്ന് കത്തോലിക്കാസഭാ വൃത്തങ്ങള്‍ സൂചിപ്പിച്ചു.
2021-ലും മോദി പാപ്പയെ ഇന്ത്യയിലേക്ക് ക്ഷണിച്ചിരുന്നെങ്കിലും നടപടിക്രമങ്ങള്‍ യഥാസമയം പൂര്‍ത്തിയാക്കാതിരുന്നതിനാല്‍ സന്ദര്‍ശനം നടന്നില്ല. 1999-ല്‍ ജോണ്‍പോള്‍ രണ്ടാമനാണ് ഇന്ത്യയില്‍ ഏറ്റവുമൊടുവില്‍ സന്ദര്‍ശനത്തിനെത്തിയ മാര്‍പാപ്പ.