പ്രായം തളർത്താത്ത പോരാട്ട വീര്യവുമായി ക്രിസ്റ്റ്യാനോ റൊണാൾഡോ ഇന്നിറങ്ങുകയാണ്. 2016 ൽ ഉയർത്തിയ യൂറോ കപ്പ് കിരീടം വീണ്ടും ഉയർത്തി രാജ്യത്തിന്‌ അഭിമാനമാകാൻ. ചെക്ക് റിപ്പബ്ലിക്കാണ് ആദ്യ എതിരാളികൾ.

ഇന്ത്യന്‍ സമയം രാത്രി 12.30നാണ് മത്സരം. യോഗ്യത റൗണ്ടിലെ എല്ലാ മത്സരങ്ങളും ജയിച്ചാണ് പറങ്കിപ്പടയുടെ വരവ്. സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ മുന്നിൽ നിന്നും നയിക്കുമ്പോൾ ആരാധകർക്ക് അതിലേറെ എന്ത് വേണം.. മാത്രവുമല്ല സൂപ്പർ താരം സൂപ്പർ ഫോമിലുമാണ്. റൊണാൾഡോയെ കൂടാതെ പിന്നെയും ഉണ്ട് കരുത്തന്മാർ. റൂബൻ ഡയസ്, ബെർണാഡോ സിൽവ, ബ്രൂണോ ഫെർണാണ്ടസ്, എന്നിങ്ങനെ കരുത്തരുടെ നിര. ഒപ്പം തന്ത്രശാലിയായ പരിശീലകൻ റോബർട്ടോ മാർട്ടിനസും.

39 കാരനായ റൊണാൾഡോയുടെ അവസാന യൂറോ കപ്പ് ആയിരിക്കും ഇത്. ക്രിസ്റ്റ്യാനൊയുടെ അവസാന യൂറോ അവിസ്മരണീയമാക്കുക എന്നതും പോര്‍ച്ചുഗലിന് മുന്നിലെ ലക്ഷ്യമാണ്. യൂറോപ്പ് വിട്ട് സൗദി അറേബ്യന്‍ ലീഗിലേക്ക് മാറിയശേഷം റൊണാള്‍ഡോ ഇറങ്ങുന്ന ആദ്യ പ്രധാന ടൂര്‍ണമെന്‍റുമാണിത്. 2016ല്‍ റൊണാള്‍ഡോയുടെ പോര്‍ച്ചുഗല്‍ കിരീടം നേടിയെങ്കിലും പരിക്കു മൂലും ഫൈനലില്‍ റൊണാള്‍ഡോക്ക് കളിക്കാന്‍ കഴിഞ്ഞിരുന്നില്ല.

അതിനുശേഷം നടന്ന രണ്ട് ലോകകപ്പുകളിലും യൂറോ കപ്പിലും ക്രിസ്റ്റ്യാനൊയുടെ നേതൃത്വത്തിലിറങ്ങിയ പറങ്കിപ്പടക്ക് പ്രീ ക്വാര്‍ട്ടറിനപ്പുറം പോകാനും കഴിഞ്ഞില്ല. യോഗ്യതാ റൗണ്ടിലെ പത്ത് കളികളും ജയിച്ച പോര്‍ച്ചുഗല്‍ എതിരാളികളുടെ വലയില്‍ 36 തവണ പന്തെത്തിച്ചപ്പോള്‍ രണ്ട് ഗോള്‍ മാത്രമാണ് വഴങ്ങിയത്.

മറുവശത്തു തുടർച്ചയായ അഞ്ച് ജയങ്ങളുടെ ആത്മവിശ്വാസവുമായാണ് ചെക് ഇന്നിറങ്ങുന്നത്. 1996ലെ റണ്ണേഴ്സ് അപ്പായ ചെക്ക് റിപ്പബ്ലിക് അവസാന മൂന്ന് യൂറോ കപ്പിൽ രണ്ടിലും ക്വാർട്ടറിൽ എത്തിയിട്ടുണ്ട്. പാട്രിക് ഷിക്കിന്‍റെ സ്കോറിംഗ് മികവിലാണ് പ്രതീക്ഷ. പരസ്പരം കളിച്ച അഞ്ച് മത്സരങ്ങളില്‍ പോര്‍ച്ചുഗല്‍ നാലും ചെക്ക് റിപ്പബ്ലിക് ഒറു മത്സരത്തിലുമാണ് ജയിച്ചത്.