ഒരുവശത്തു ടി20 ലോകകപ്പ് ആവേശം. മറുവശത്തു ആവേശം ഇരട്ടിയാക്കാൻ എത്തുന്നത് യൂറോകപ്പ്. എന്തായാലും കായികപ്രേമികൾക്ക് ഇനി ആഘോഷത്തിന്റെ രാവുകൾ.
മിനി ലോകകപ്പ് എന്നറിയപ്പെടുന്ന യൂറോ കപ്പ് പോരാട്ടങ്ങൾക്ക് നാളെ രാത്രിയാണ് കിക്കോഫ്. ലോക ഫുട്‍ബോളിലെ അതികായന്മാരും ടീമുകളും അണിനിരക്കുന്ന യൂറോകപ്പ് ഇത്തവണ ജർമനിയുടെ വിവിധ നഗരങ്ങളിലാണ് നടക്കുന്നത്.
ജൂൺ 14 മുതൽ ജൂലായ് 14 വരെ ഒരു മാസം നീണ്ടു നിൽക്കുന്നതാണ് ഈ ആവേശപോരാട്ടം. ആറ് ഗ്രൂപ്പുകളിൽ ഓരോ ഗ്രൂപ്പിലും നാല് ടീമുകളായി ആകെ 24 ടീമുകൾ. ഓരോ ഗ്രൂപ്പിൽ നിന്നും ആദ്യ രണ്ട് സ്ഥാനക്കാർ പ്രീ ക്വാർട്ടറിലേക്ക് കടക്കും. മികച്ച നാലും മൂന്നും സ്ഥാനക്കാർക്കും പ്രീ ക്വാർട്ടറിലേക്കെത്താൻ അവസരമുണ്ട്.ഉദ്ഘാടന മത്സരത്തിൽ ഗ്രൂപ്പ് എ യിൽ ജർമനിയും സ്കോട്ട്ലാൻഡും പരസ്പരം ഏറ്റുമുട്ടും.
ജോർജിയയാണ് ഇത്തവണ യൂറോകപ്പിനെത്തുന്ന പുതുമുഖ ടീം. ഏറ്റവും കൂടുതൽത്തവണ കളിച്ച ടീം ജർമനി. 14-ാം യൂറോകപ്പിനാണ് ടീം എത്തുന്നത്. സ്‌പെയിനിന് 12-ാം ടൂർണമെന്റാണ്. ഫ്രാൻസ്, ഇംഗ്ലണ്ട്, നെതർലൻഡ്‌സ്, ചെക്ക് റിപ്പബ്ലിക്ക്, ഇറ്റലി ടീമുകൾ 11-ാം തവണയാണ് ടൂർണമെന്റിൽ കളിക്കുന്നത്.
നിലവിൽ ലോക ഫുട്‍ബോളിലെ മിന്നും താരങ്ങളായ ക്രിസ്റ്റാനോ റൊണാൾഡോ, ബെല്ലിങ്ങ്ഹാം, ലൂക്ക മോഡ്രിച്ച്, ഡൊണാറുമ്മ, വാൻഡിക്ക്, പെഡ്രി, ലെവൻഡോവ്‌സ്‌ക്കി, തുടങ്ങി നിരവധി താരങ്ങൾ വൻകര കിരീടത്തിന് വേണ്ടി ഇത്തവണ ബൂട്ട് കെട്ടുന്നുണ്ട്. ജൂലായ് 14 നാണ് ഫൈനൽ. അതേ സമയം ജൂൺ 21 നാണ് ലാറ്റിനമേരിക്കൻ വൻകരയുടെ ഫുട്‍ബോൾ രാജാക്കന്മാരെ നിർണ്ണയിക്കുന്ന കോപ്പ അമേരിക്ക പോരാട്ടത്തിന് തുടക്കം.