ദേശീയ കുപ്പായത്തിൽ നീണ്ട 21 വർഷത്തെ ചരിത്രയാത്ര

21 വർഷത്തെ ഫുട്‍ബോളിലെ ഏകാധിപതി. പോർച്ചുഗീസ് ഇതിഹാസം. സാക്ഷാൽ ക്രിസ്റ്റ്യാനോ റൊണാൾഡോ യൂറോകപ്പിന് മുമ്പേ ചരിത്രനേട്ടം സ്വന്തമാക്കിയിരിക്കുകയാണ്. മറ്റൊരു ഫുട്‌ബോള്‍ താരത്തിനും അവകാശപ്പെടാന്‍ സാധിക്കാത്ത നേട്ടം. ദേശീയ ടീമിനുവേണ്ടി തുടര്‍ച്ചയായ 21 വര്‍ഷങ്ങളില്‍ ഗോള്‍ സ്‌കോര്‍ ചെയ്യുന്ന ആദ്യ പുരുഷതാരം എന്ന നേട്ടത്തിലേക്കാണ് ഇതിഹാസനായകന്‍ നടന്നു കയറിയത്.

2003ല്‍ കസാക്കിസ്ഥാനെതിരെയുള്ള സൗഹൃദ മത്സരത്തില്‍ ആയിരുന്നു റൊണാള്‍ഡോ പറങ്കിപ്പടയ്ക്കു വേണ്ടി ആദ്യ ഗോള്‍ നേടിയത്. പിന്നീടുള്ള നീണ്ട 21 വര്‍ഷങ്ങളായി തന്റെ ഗോളടി മികവ് പോര്‍ച്ചുഗല്‍ കുപ്പായത്തില്‍ റൊണാള്‍ഡോ തുടരുകയായിരുന്നു. ഈ റോണോ മാജിക്‌ വരാനിരിക്കുന്ന യൂറോകപ്പിലും പോര്‍ച്ചുഗല്‍ ടീമിന്റെ ജേഴ്‌സിയില്‍ ഉണ്ടാകുമെന്നാണ് ആരാധകര്‍ ഉറച്ച് വിശ്വസിക്കുന്നത്.

തന്റെ കരിയറിലെ ആറാം യൂറോ മാമാങ്കത്തിനാണ് റൊണാള്‍ഡോ തയ്യാറെടുത്തുകൊണ്ടിരിക്കുന്നത്. 2004, 2008, 2012, 2016, 2021 എന്നീ വര്‍ഷങ്ങളിലായിരുന്നു റൊണാള്‍ഡോ ഇതിനുമുമ്പ് യൂറോ കപ്പില്‍ പന്ത് തട്ടിയത്. 2016ല്‍ പോര്‍ച്ചുഗലിനൊപ്പം യൂറോകപ്പ് സ്വന്തമാക്കാനും റൊണാള്‍ഡോയ്ക്ക് സാധിച്ചിരുന്നു.

യൂറോയോഗ്യത മത്സരങ്ങളില്‍ പത്തില്‍ പത്തു മത്സരങ്ങളും വിജയിച്ചു കൊണ്ടായിരുന്നു പോര്‍ച്ചുഗല്‍ യൂറോ കപ്പിലേക്ക് യോഗ്യത നേടിയത്. യോഗ്യതാ മത്സരങ്ങളിലും റൊണാള്‍ഡോയുടെ റൊണാള്‍ഡോയുടെ ഗോളടി മികവിന് ഫുട്‌ബോള്‍ ലോകം സാക്ഷ്യം വഹിച്ചിരുന്നു.

യൂറോ കപ്പില്‍ ഈ മാസം 19നാണ് പോര്‍ച്ചുഗലിന്റെ ആദ്യ മത്സരം നടക്കുന്നത്. റെഡ്ബുള്‍ റീനയില്‍ വച്ച് നടക്കുന്ന മത്സരത്തില്‍ ചെക്ക് റിപ്പബ്ലിക്കിനെതിരെയാണ് റൊണാള്‍ഡോയുടെയും സംഘത്തിന്റെയും ആദ്യ മത്സരം. നാലു ഗോള്‍ കൂടി വരും മത്സരങ്ങളിൽ നേടാന്‍ റൊണാള്‍ഡോക്ക് സാധിച്ചാല്‍ 900 കരിയര്‍ ഗോളുകള്‍ എന്ന പുതിയ നാഴികക്കല്ലിലേക്ക് നടന്നു കയറാനും റൊണാള്‍ഡോയ്ക്ക് സാധിക്കും.