ഭരണാനുകൂല സംഘടനകളുടെ അനധികൃത പിരിവിനും ദേശാഭിമാനി വരിസംഖ്യ പിരിക്കലും കുറയും

തിരുവനന്തപുരം: ജി.എസ്.ടി വകുപ്പില്‍ 2024ലെ ഓണ്‍ലൈൻ ട്രാൻസ്ഫർ ഡേറ്റ ബെയ്സ് ലിങ്ക് തയ്യാറാക്കി നടപ്പാക്കുന്നതുവരെ ജനറല്‍ ട്രാൻസ്ഫർ ഉള്‍പ്പെടെയുള്ള എല്ലാ സ്ഥലംമാറ്റങ്ങളും സ്റ്റേ ചെയ്തു. ഓൺലൈൻ ട്രാൻസ്ഫർ നടപ്പിലാക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് കേരള ജി.എസ്.ടി എംപ്ലോയീസ് കൗൺസിൽ നൽകിയ കേസിലാണ് വിധി.

ജി.എസ്.ടി വകുപ്പിൽ പൊതു സ്ഥലം മാറ്റം ഓൺലൈനിലൂടെ 2017 ലെ പൊതുസ്ഥലം മാറ്റ ചട്ടങ്ങൾ അനുശാസിക്കും വിധം നടത്തണം എന്നാവശ്യപ്പെട്ട് സിപിഐയുടെ സർവ്വീസ് സംഘടനയായ കേരള ജിഎസ്ടി എംപ്ലോയീസ് കൗൺസിൽ സമർപ്പിച്ച ഹർജിയിലാണ് അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിൻ്റെ വിധി.

പ്രസ്തുത കേസിൽ ഇതുവരെ ഓൺലൈൻ സ്ഥലം മാറ്റം ഏർപ്പെടുത്താത്തത് എന്തുകൊണ്ടാണെന്ന് സർക്കാരിനോട് കോടതി ചോദിച്ചിരുന്നു. 2024 ലെ പൊതുസ്ഥലം മാറ്റം ഓൺലൈനിലൂടെ നടത്തുന്നതിനുള്ള നോട്ടിഫിക്കേഷൻ ഇറക്കിയത് സംബന്ധിച്ച വിവരങ്ങളും അറിയിക്കുവാൻ സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.

ജിഎസ്ടി വകുപ്പിൽ സ്ഥലം മാറ്റം തോന്നും പടിയാണെന്ന ആക്ഷേപം നേരത്തേ തന്നെയുണ്ട്. അനധികൃത സ്ഥലംമാറ്റത്തിൻ്റെ പേരിൽ നികുതി വകുപ്പ് സെകട്ടറിയും, കമ്മീഷണറും പട്ടികജാതി കമ്മീഷൻ്റേയും ട്രിബ്യൂണലിൻ്റേയും ഹൈക്കോടതിയുടെയും കോടതിയലക്ഷ്യ നടപടികൾ നേരിടുകയും ഇവർക്കെതിരെ ലോകായുക്ത അന്വേഷണവും ആരംഭിച്ചിട്ടുണ്ട്.

ഇതുമായി ബന്ധപ്പെട്ട നിരവധി നിയമസഭാ ചോദ്യങ്ങൾക്ക് ധനമന്ത്രി വ്യക്തമായ ഉത്തരങ്ങൾ നൽകാത്ത സാഹചര്യവുമുണ്ട്. കോടതി വിധി സർക്കാരിന് തിരിച്ചടിയാണ്.