പെൻഷൻകാർക്കും 3 ശതമാനം ക്ഷാമ ആശ്വാസം ലഭിക്കും

സർക്കാർ ജീവനക്കാർക്ക് ഒരു ഗഡു ക്ഷാമബത്ത (Dearness Allowance) പ്രഖ്യാപിക്കും. 3 ശതമാനം ക്ഷാമബത്തയാണ് പ്രഖ്യാപിക്കുന്നത്. 2021 ജൂലൈ മുതൽ ലഭിക്കേണ്ട 3 ശതമാനം ഡി.എ ആണ് പ്രഖ്യാപിക്കുന്നത്.

പെൻഷൻകാർക്കും 3 ശതമാനം ക്ഷാമ ആശ്വാസം പ്രഖ്യാപിക്കും. നിയമസഭ സമ്മേളനം തീരുന്നതിന് മുൻപ് ക്ഷാമബത്ത പ്രഖ്യാപിക്കും എന്നാണ് ധനവകുപ്പിൽ നിന്നുള്ള സൂചന. നിലവിൽ 19 ശതമാനമാണ് ക്ഷാമബത്ത കുടിശിക . 3 ശതമാനം ക്ഷാമബത്ത പ്രഖ്യാപിക്കുമ്പോൾ കുടിശിക 16 ശതമാനമായി കുറയും.

ജൂലൈ 1 പ്രാബല്യത്തിൽ കേന്ദ്ര സർക്കാർ പുതിയ ഡി.എ പ്രഖ്യാപിക്കുമ്പോൾ സംസ്ഥാനത്തെ ഡി.എ കുടിശിക വീണ്ടും ഉയരും .ബജറ്റിൽ 2 ശതമാനം ഡി.എ പ്രഖ്യാപിച്ചത് ഏപ്രിലിലെ ശമ്പളത്തിൽ ലഭിച്ചിരുന്നു. എന്നാൽ അർഹതപ്പെട്ട 39 മാസത്തെ ഡി എ കുടിശികയെ കുറിച്ച് ധനവകുപ്പ് ഇറക്കിയ ഉത്തരവ് മൗനം പാലിക്കുകയായിരുന്നു.

ഇതിനെതിരെ സംസ്ഥാന വ്യാപകമായി ശക്തമായ പ്രതിഷേധങ്ങളാണ് ഉയർന്നത്. ഇത്തവണ പ്രഖ്യാപിക്കുന്ന ക്ഷാമബത്തയിലും 2021 ജൂലൈ മുതൽ പ്രാബല്യത്തിൽ ലഭിക്കേണ്ട കുടിശിക സർക്കാർ പ്രഖ്യാപിക്കുമോ എന്ന ആശങ്കയിലാണ് ജീവനക്കാർ.

ലോക്സഭ തെരഞ്ഞെടുപ്പിൽ പോസ്റ്റൽ വോട്ടിൽ പോലും തിരിച്ചടി നേരിട്ടതിനെ തുടർന്നാണ് ക്ഷാമബത്ത നൽകാൻ സർക്കാർ തീരുമാനമെടുത്തത്. സർക്കാറിൻ്റെ പ്രോഗ്രസ് റിപ്പോർട്ട് പ്രകാശനം ചെയ്യുന്ന ചടങ്ങിൽ ക്ഷാമബത്തയും ക്ഷാമ ആശ്വാസവും നൽകുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചിരുന്നു.