ജോസ് കെ മാണിയുടെ വിരട്ടൽ ഏറ്റു. രാജ്യസഭ സീറ്റ് ജോസ് കെ മാണിക്ക് നൽകി സിപിഎം . എ.കെ.ജി സെൻ്ററിൽ നടന്ന എൽ.ഡി.എഫ് യോഗത്തിലാണ് തീരുമാനം. രണ്ടാമത്തെ സീറ്റ് സിപിഐയ്ക്കും നൽകി.

കനത്ത തോൽവിക്കിടയിൽ കേരള കോൺ ഗ്രസ് മുന്നണി വിട്ടാലുള്ള രാഷ്ട്രീയ പ്രത്യാഘാതം മുൻകൂട്ടി കണ്ടാണ് സി പി എം സീറ്റ് വേണ്ടന്ന് വച്ചത്. രാജ്യസഭയിൽ നിലവിലെ സി പി എമ്മിൻ്റെ കക്ഷി നില ഇതോടെ മുന്നിൽ നിൽക്കും. ജോൺ ബ്രിട്ടാസ്, വി. ശിവദാസൻ , എ.എ റഹീം എന്നിവരാണ് രാജ്യസഭയിലെ സിപിഎം എം.പിമാർ. 2027 ലാണ് കേരളത്തിൽ ഇനി രാജ്യസഭ സീറ്റ് വരുന്നത്.

2027 ൽ കേരളം ഭരിക്കുന്ന കക്ഷിക്ക് 2 സീറ്റിൽ ജയിക്കാൻ സാധിക്കും. ഒരു സീറ്റ് പ്രതിപക്ഷത്തിന് കിട്ടും. ഭരണ വിരുദ്ധ വികാരം അതിശക്തമായ സംസ്ഥാനത്ത് ഇനി ഒരു തിരിച്ച് വരവ് എൽ.ഡി.എഫിന് സാധ്യമല്ല എന്നാണ് രാഷ്ട്രീയ നിരീക്ഷകർ പറയുന്നത്. 2027 ൽ പ്രതിപക്ഷത്തിരിക്കേണ്ടി വന്നാൽ രാജ്യസഭയിൽ 1 സീറ്റിൽ മാത്രമാണ് സിപിഎമ്മിന് ജയിക്കാൻ സാധിക്കുന്നത്.

ലോക്സഭയിലും രാജ്യസഭയിലും 1 സീറ്റായി സി പി എം ചുരുങ്ങും എന്ന് വ്യക്തം. തോമസ് ചാഴിക്കാടൻ തോറ്റതിന് പിന്നാലെ ജോസ് കെ മാണിക്ക് രാജ്യസഭ സീറ്റ് കൊടുത്തില്ലേൽ ഇന്ത്യ സഖ്യത്തിലെ എം.പി ഇല്ലാത്ത പാർട്ടിയായി കേരള കോൺഗ്രസ് മാറും.

എം.പി സ്ഥാനം കിട്ടിയില്ലെങ്കിൽ മുന്നണി മാറും എന്ന ജോസ് കെ മാണിയുടെ ഭീഷണിയും സിപിഎം മുഖവിലക്ക് എടുത്തു. രാജ്യസഭ സീറ്റിന് താൽപര്യപ്പെട്ട തോമസ് ഐസക്കിനെ പിണറായി ആശ്വസിപ്പിക്കും. ജോസ് കെ മാണിക്ക് ഓഫർ ചെയ്ത ഭരണപരിഷ്കാര കമ്മീഷൻ ചെയർമാൻ കസേര ഐസക്കിന് നൽകും. ജോസ് കെ മാണിക്ക് സീറ്റ് നൽകിയത് രാഷ്ട്രിയമായി സിപിഎമ്മിന് ക്ഷീണമാണ്.