തിരുവനന്തപുരം: സെക്രട്ടറിയേറ്റിൽ കെട്ടിക്കിടക്കുന്നത് 2,99,425 ഫയലുകൾ എന്ന് മുഖ്യമന്ത്രി. അനൂപ് ജേക്കബ് എം എൽ എ യുടെ ചോദ്യത്തിനാണ് 2024 മെയ് മാസം വരെ 2,99,425 ഫയലുകൾ തീർപ്പാക്കാൻ അവശേഷിക്കുന്നുണ്ട് എന്ന് വ്യക്തമാക്കിയത്.

എന്നാൽ ഓരോ വകുപ്പിലും കെട്ടി കിടക്കുന്ന ഫയലുകളുടെ എത്ര എന്ന ചോദ്യത്തിന് മുഖ്യമന്ത്രി മറുപടി നൽകിയില്ല. കൂടുതൽ ഫയലുകളും കെട്ടി കിടക്കുന്നത് സിപിഎം മന്ത്രിമാരുടെ വകുപ്പുകളിലാണെന്നാണ് ഉദ്യോഗസ്ഥ ഭരണ പരിഷ്കാര വകുപ്പിൽ നിന്ന് ലഭിക്കുന്ന സൂചന.

വകുപ്പ് തിരിച്ചുള്ള കണക്ക് മുഖ്യമന്ത്രി നൽകാതിരുന്നത് അത് കൊണ്ടാകാം. ജൂൺ മാസത്തെ കണക്ക് കൂടിയാകുമ്പോൾ കെട്ടി കിടക്കുന്ന ഫയലുകളുടെ എണ്ണം 3 ലക്ഷം കവിയും. ഓരോ ഫയലും ഓരോ ജീവിതമാണെന്ന് പ്രസംഗിച്ച് ഭരണം തുടങ്ങിയ പിണറായി ഫയൽ തീർപ്പാക്കലിൽ പിന്നോട്ട് പോയി എന്ന് കണക്കുകൾ പറയുന്നു.

കേരളം ഭരിച്ച ഒരു മുഖ്യമന്ത്രിമാരുടെ കാലത്തും ഇത്രയും ഫയലുകൾ കെട്ടികിടന്നിട്ടില്ല. ഫയലുകൾ കെട്ടി കിടക്കുക എന്നാൽ ഭരണ സ്തംഭനം എന്നർത്ഥം. കൂടുതൽ ഫയലുകളും കെട്ടി കിടക്കുന്നത് മന്ത്രി ഓഫിസുകളിലാണെന്നാണ് സെക്രട്ടേറിയേറ്റ് ഉദ്യോഗസ്ഥരുടെ ആക്ഷേപം.

എൻ. ജി. ഒ യൂണിയനുകളിലുള്ള ആളുകളാണ് കൂടുതലും മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫിൽ ഉള്ളത്. സെക്രട്ടറിയേറ്റ് ഫയലുകൾ കൈകാര്യം ചെയ്യാനുള്ള കഴിവ് ഇക്കൂട്ടർക്കില്ല. ഫയലിൻ്റെ കാലതാമസത്തിന് പ്രധാന കാരണവും ഇതുതന്നെ. യു.ഡി.എഫ് ഭരണകാലത്ത് പേഴ്സണൽ സ്റ്റാഫിൽ ഭൂരിഭാഗവും സെക്രട്ടറിയേറ്റ് ഉദ്യോഗസ്ഥർ ആയിരിക്കും.

സെക്രട്ടറിയേറ്റ് ഫയലുകളുടെ അടിയും തടയും പഠിച്ച ഇവർക്ക് ഫയലുകൾ നിഷ്പ്രയാസം കൈകാര്യം ചെയ്യാൻ കഴിയും. യു.ഡി.എഫ് കാലത്ത് സെക്രട്ടറിയേറ്റിൽ കെട്ടി കിടക്കുന്ന ഫയലുകളുടെ എണ്ണം കുറയുന്നതിൻ്റെ കാരണവും മറ്റൊന്നല്ല.