തിരുവനന്തപുരം: തെരഞ്ഞെടുപ്പ് പരാജയത്തില്‍ നിന്ന് കരകയറാന്‍ വകുപ്പുകളുടെ മുഖം മിനുക്കല്‍ ആരംഭിക്കും. ഓരോ വകുപ്പും അടിയന്തിരമായി ചെയ്യേണ്ട കാര്യങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കും. അത് ജനങ്ങളിലേക്ക് എത്തിക്കാന്‍ മന്ത്രിമാരുടെ ഓഫിസുകളില്‍ 5 അംഗ സോഷ്യല്‍ മീഡിയ ടീമിനെ നിയോഗിക്കും.
വകുപ്പുകളുടെ പ്രവര്‍ത്തനങ്ങള്‍ ജനങ്ങളിലെത്തിക്കുകയാണ് ഇവരുടെ ലക്ഷ്യം. ഒപ്പം വകുപ്പുകളെ കുറിച്ചുള്ള കുപ്രചരണങ്ങള്‍ക്ക് മറുപടിയും ഇവര്‍ തയ്യാറാക്കും. മന്ത്രിമാരുടെ ഓഫിസിലെ നിലവിലുള്ള സംവിധാനത്തിന് പുറമെയാണിത്. മുഖ്യമന്ത്രിക്ക് മാത്രമാണ് സ്വന്തം നിലയില്‍ സോഷ്യല്‍ മീഡിയ ടീം ഉള്ളത് . 12 അംഗങ്ങളാണ് മുഖ്യമന്ത്രിയുടെ ടീമില്‍ ഉള്ളത്.
84 ലക്ഷം രൂപയാണ് ഇവരുടെ ഒരു വര്‍ഷത്തെ ശമ്പള ചെലവ്. ചില മന്ത്രിമാരുടെ ഓഫിസില്‍ സോഷ്യല്‍ മീഡിയക്കായി ടീം ഉണ്ടെങ്കിലും അവരൊന്നും ഈ മേഖലയില്‍ പ്രാഗല്‍ഭ്യം തെളിയിച്ചവരല്ല. സര്‍ക്കാര്‍ ജോലി പോലെയാണ് സോഷ്യല്‍ മീഡിയ ജോലി എന്ന മട്ടിലാണ് ഇവരുടെ പ്രവര്‍ത്തനം. അതുകൊണ്ടാണ് പരിചയസമ്പന്നരെ ഇറക്കാന്‍ തീരുമാനിച്ചത്.
23 മാസം മാത്രമാണ് സര്‍ക്കാരിന് കാലാവധി ഉള്ളത്. തദ്ദേശ , നിയമസഭ തെരഞ്ഞെടുപ്പുകളില്‍ തിരിച്ച് വരവ് ലക്ഷ്യമിട്ടാണ് സോഷ്യല്‍ മീഡിയ ടീമിനെ മന്ത്രിമാരുടെ ഓഫിസില്‍ നിയമിക്കുന്നത്. 50 ലക്ഷം രൂപയാണ് ഒരു മന്ത്രിയുടെ സോഷ്യല്‍ മീഡിയ ടീമിന് ഒരു വര്‍ഷത്തെ ശമ്പളമായി നിശ്ചയിക്കുന്നത്. 20 മന്ത്രിമാരുടെ സോഷ്യല്‍ മീഡിയ ടീമിനെ ശമ്പളം കൊടുക്കാന്‍ ഒരു വര്‍ഷം 10 കോടി വേണം.
പത്ര ദൃശ്യ മാധ്യമങ്ങളില്‍ പരസ്യത്തിന് ചെലവായ 100 കോടി ഈ മാസം കൊടുക്കാനും തീരുമാനിച്ചിട്ടുണ്ട്. പണം ഇറക്കി കളിക്കാനാണ് സര്‍ക്കാര്‍ തീരുമാനം. പ്രതിച്ഛായ മെച്ചപ്പെടുത്താനുള്ള ഓട്ടത്തില്‍ ഖജനാവ് ചോര്‍ച്ച ഇനിയും ഉയരും എന്ന് വ്യക്തം.
കാട്ടിലെ തടി.. തേവരുടെ ആന.. വലിയെടാ.. വലി..