CrimeKeralaNews

അർധനഗ്നരാകും ദേഹമാകെ എണ്ണയും കരിയും തേക്കും; മാരകമായ ആയുധങ്ങളും; കുപ്രസിദ്ധ മോഷ്ടാക്കൾ, കുറുവ സം​ഘം കേരളത്തിൽ എത്തിയതായി സൂചന

എറണാകുളം: കേരളത്തിന്റെ പലയിടങ്ങളിലുമായി കുറവാ സംഘം എത്തുന്നു എന്ന് സംശയം. കഴിഞ്ഞ ദിവസം ആലപ്പുഴയിലും ഇന്ന് എറണാകുളത്തും സമാന രീതിയിലുള്ള സംഘത്തെ കണ്ടതായാണ് സൂചന. ഇതിനെ സാധൂകരിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത് വരുന്നുണ്ട്. പറവൂർ കുമാരമംഗലത്തെ അഞ്ചു വീടുകളിലാണ് കുറുവ സംഘം എന്ന് സംശയിക്കുന്ന രണ്ടുപേർ എത്തിയത്.

അർദ്ധ നഗ്നരായി മുഖം മറച്ച് കയ്യിൽ ആയുധങ്ങളുമായാണ് വരവ്. രണ്ടു വീടുകളിലെ സിസിടിവികളിൽ ഇരുവരുടെയും ദൃശ്യം പതിഞ്ഞു. വീടുകളുടെ പിന്നാമ്പുറത്തുള്ള വാതിൽ പൊളിക്കാൻ ആയിരുന്നു ശ്രമം. ഒറ്റക്ക് താമസിക്കുന്ന വയോജനങ്ങളെയും സ്ത്രീകളെയും ലക്ഷ്യം വെച്ചാണ് തസ്കര സംഘത്തിന്റെ നീക്കം.

കഴിഞ്ഞ ദിവസം പുന്നപ്രയില്‍ ഉറങ്ങിക്കിടന്ന അമ്മയുടെയും കുഞ്ഞിന്‍റെയും മാല മോഷണം പോയിരുന്നു. മുഖം മറച്ച ആളെ കണ്ടുവെന്ന് യുവതി പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. മണ്ണഞ്ചേരി, ചേര്‍ത്തല, കരീലക്കുളങ്ങര ഭാഗങ്ങളിൽ സംഘം ചേർന്ന് മോഷ്ടാക്കൾ എത്തിയതിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്.

പൊലീസിൽ പരാതി നൽകിയെങ്കിലും നാട്ടുകാർ കടുത്ത ആശങ്കയിലാണ്. സംഭവത്തിൽ എറണാകുളം റൂറൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രദേശത്ത് രാത്രികാല പരിശോധന അടക്കം കർശനമാക്കിയതായി എറണാകുളം റൂറൽ പൊലീസ് അറിയിച്ചു.

അതേ സമയം, പ്രദേശത്ത് എത്തിയത് കുറുവ സംഘമാണെന്നതിൽ സ്ഥിതീകരണം ഇതുവരെ ഉണ്ടായിട്ടില്ല. പ്രാദേശിക മോഷണ സംഘങ്ങൾ കുറുവ വേഷം ധരിച്ച് എത്തിയതാണോ എന്ന സംശയവും നിലവിലുണ്ട്.

ആരാണ് കുറുവ സംഘം ?

കുപ്രസിദ്ധരായ മോഷ്ടാക്കളാണ് കുറുവ സംഘം. തമിഴ്നാട് ഇന്‍റലിജൻസാണ് ഇവർക്ക് ഈ പേര് നൽകിയത്. ആയുധധാരികളായ സംഘം എന്നാണ് കുറുവ സംഘം എന്ന വാക്കിന്‍റെ അർഥം. ഒന്നോ രണ്ടോ മോഷ്ടാക്കളല്ല, മറിച്ച് വലിയൊരു സംഘം മോഷ്ടാക്കളുടെ കൂട്ടമാണിത്. കുറഞ്ഞത് മൂന്നുപേരായിരിക്കും ഒരു സ്ഥലത്തേക്ക് മോഷ്ടിക്കാൻ പോകുന്നത്.

മോഷണത്തെ തൊഴിലായി കാണുന്ന ജനങ്ങളാണെന്നതിനാൽ യാതൊരു കുറ്റബോധവും ഇവർക്ക് ഉണ്ടാകില്ല. പാരമ്പര്യമായി കൈമാറിയ കിട്ടിയ മോഷണതന്ത്രങ്ങളും സാങ്കേതിക വിദ്യയുടെ ഉപയോഗവുമെല്ലാം കൂടിച്ചേർന്നാണ് ഇവർ ഓരോ പ്രദേശങ്ങളിലേക്കെത്തുന്നത്.

പകൽ സമയങ്ങളിൽ ചെറിയ ചെറിയ ജോലികൾ ചെയ്ത് നടന്ന് മോഷ്ടിക്കേണ്ട വീടുകൾ കണ്ടുവയ്ക്കുന്ന സംഘം രാത്രി എത്തുന്നതാണ് രീതി. ആയുധങ്ങളുമായി എത്തുന്ന സംഘം അർധനഗ്നരാകും ദേഹമാകെ എണ്ണയും കരിയും തേക്കും. പിടിക്കപ്പെടുമെന്നുറപ്പായാൽ ആക്രമണം ആരംഭിക്കുന്ന ഇവർ ഒന്നിനും മടിക്കില്ല.

അടുക്കള ഭാഗത്ത് വാതിൽ തകർത്ത് അകത്ത് കയറുന്നതാണ് ഇവരുടെ രീതി. കുട്ടികളുടെ കരയുന്നതു പോലെ ശബ്ദം ഉണ്ടാക്കിയും ടാപ്പ് തുറന്നുവിട്ടും വീട്ടുകാരെ പുറത്തേക്കിറക്കുകയും, അവരെ ആക്രമിച്ച് വീടിനകത്തേക്ക് കയറി മോഷണം നടത്തുകയും ചെയ്യുന്നതും ഇവരുടെ രീതിയാണ്.

Leave a Reply

Your email address will not be published. Required fields are marked *