ഓഫിസിൽ വരുന്നത് അപൂർവ്വം!! ഫയലുകൾ നോക്കാൻ ഔദ്യോഗിക വസതിയിലേക്ക് 2 കമ്പ്യൂട്ടർ വാങ്ങിച്ച് ബാലഗോപാൽ
തിരുവനന്തപുരം: അനാരോഗ്യം കാരണം സെക്രട്ടറിയേറ്റിലേക്ക് വരുന്നത് അപൂർവം ആക്കിയ ധനമന്ത്രി കെ.എൻ. ബാലഗോപാൽ ഓഫീസ് വർക്കുകൾ ഔദ്യോഗിക വസതിയിലേക്ക് മാറ്റുന്നു.
ലോക്സഭ തെരഞ്ഞെടുപ്പിൽ ഇടതുമുന്നണിക്ക് ദയനീയ തോൽവി സംഭവിച്ചതോടെ ബാലഗോപാലിൻ്റെ വകുപ്പ് മാറ്റവും സജീവ ചർച്ചയിലാണ്. ഇതോടുകൂടി മന്ത്രിസഭ പുനസംഘടന കൂടി കഴിഞ്ഞിട്ട് ഔദ്യോഗിക കാര്യങ്ങളിൽ സജീവം ആയാൽ മതിയെന്ന ചിന്തയിലാണ് കെ.എൻ. ബാലഗോപാൽ.
ധനമന്ത്രി കസേര പോകുമെന്ന് ഉറപ്പായ കെ.എൻ ബാലഗോപാൽ സെക്രട്ടറിയേറ്റിലെ ഓഫിസിൽ വരുന്നതും അപൂർവ്വം. അനാരോഗ്യവും ബാലഗോപാലിനെ അലട്ടുന്നു. ആൻജിയോപ്ലാസ്റ്റിക് വിധേയനായ ബാലഗോപാൽ പൂർണ വിശ്രമത്തിലാണ്. അത്യാവശ്യ ഘട്ടങ്ങളിൽ മാത്രമാണ് ഓഫിസിൽ എത്തുന്നത്.
ഭൂരിഭാഗവും ഇ ഫയലുകൾ ആയതിനാൽ വീട്ടിലിരുന്ന് അത്യാവശ്യം ഫയലുകളും നോക്കുന്നുണ്ട്. ബാലഗോപാലിൻ്റെ ഉപയോഗത്തിനായി 2 ഡെസ്ക് ടോപ്പ് കമ്പ്യൂട്ടറുകൾ അദ്ദേഹത്തിൻ്റെ വസതിയിലേക്ക് വാങ്ങാനും തീരുമാനിച്ചിരുന്നു.
1.05 ലക്ഷത്തിന് 2 കമ്പ്യൂട്ടറുകൾ വാങ്ങാൻ മെയ് 30 ന് ധനവകുപ്പ് പണവും അനുവദിച്ചു. ധനവകുപ്പിൽ നിന്ന് അധികം താമസിയാതെ ഇറങ്ങേണ്ടി വരുമെന്ന് ബാലഗോപാലും കരുതുന്നുണ്ട്.