ടി20 ലോകകപ്പിൽ രണ്ടാം കിരീടം കൊതിക്കുന്ന ഇന്ത്യ ഇന്ന് അയർലൻഡിനെ നേരിടും. പാകിസ്താൻ, കാനഡ, യു.എസ് ടീമുകൾക്കൂടി ഉൾപ്പെട്ട ഗ്രൂപ് എയിൽനിന്ന് ഒന്നാം സ്ഥാനക്കാരായി സൂപ്പർ എട്ടിൽ കടക്കാൻ മികച്ച ജയം തന്നെ ലക്ഷ്യമിടുന്നുണ്ട് ഇന്ത്യ. നാസോ കൗണ്ടി ഗ്രൗണ്ടിൽ ഇന്ത്യൻ സമയം രാത്രി എട്ട് മുതലാണ് മത്സരം.
ഏകദിന ലോകകപ്പ് നഷ്ടപ്പെട്ടതിന്റെ ക്ഷീണം തീർക്കാൻ ട്വന്റി20 കിരീടം പിടിച്ചടക്കേണ്ടതുണ്ട് രോഹിതിന്. നായകനെയും സൂപ്പർ താരം വിരാട് കോഹ്ലിയെയും സംബന്ധിച്ച് ഇത് അവസാന ലോകകപ്പാവാനാണ് സാധ്യത. രവീന്ദ്ര ജഡേജ, സൂര്യകുമാർ യാദവ്, ജസ്പ്രീത് ബുംറ തുടങ്ങിയ പ്രമുഖർക്കും ഈ സ്വപ്നം അകലത്തിൽതന്നെ തുടരുകയാണ്. മൂന്ന് ദിവസം മുമ്പ് നടന്ന സന്നാഹ മത്സരത്തിൽ ബംഗ്ലാദേശിനെ 60 റൺസിന് തോൽപിച്ച് തയാറെടുപ്പ് ഗംഭീരമാക്കിയിട്ടുണ്ട് ഇന്ത്യ.
സന്നാഹ മത്സരത്തിൽ രോഹിതിനൊപ്പം ഓപൺ ചെയ്ത മലയാളി താരം സഞ്ജു സാംസൺ പക്ഷേ തീർത്തും നിരാശപ്പെടുത്തി. ഇന്ന് ഓൾ റൗണ്ടർമാരായ ഹാർദിക് പാണ്ഡ്യ, ശിവം ദുബെ, രവീന്ദ്ര ജദേജ, അക്സർ പട്ടേൽ എന്നിവർക്ക് ഒരുമിച്ച് അവസരം നൽകാനാണ് തീരുമാനമെങ്കിൽ ഓപണിങ് ബാറ്റർ യശസ്വി ജയ്സ്വാൾ പുറത്തിരിക്കേണ്ടി വരും. ഇത് ഓപണറുടെ ചുമതല കോഹ്ലിയിലെത്തിക്കും. സഞ്ജു ടീമിൽ എത്തുമോ എന്നറിയാൻ കാത്തിരിക്കണം.
വിക്കറ്റ് കീപ്പർ ഋഷഭ് പന്ത്, സൂര്യകുമാർ യാദവ് എന്നിവരായിരിക്കും മറ്റു സ്പെഷലിസ്റ്റ് ബാറ്റർമാർ. ജസ്പ്രീത് ബുംറയും അർഷ്ദീപ് സിങ്ങും പേസ് ബൗളിങ്ങും നയിക്കും. സ്പെഷലിസ്റ്റ് സ്പിന്നറായി കുൽദീപ് യാദവും എത്തിയേക്കും. ട്വന്റി20യിൽ ഏഴും ഏകദിനത്തിൽ മൂന്നും പ്രാവശ്യമാണ് ഇന്ത്യയും അയർലൻഡും ഇതുവരെ ഏറ്റുമുട്ടിയത്. പത്തിലും ഇന്ത്യക്കായിരുന്നു ജയം.
എന്നാൽ, ഏകദിനത്തിലും ട്വന്റി20യിലും ഇംഗ്ലണ്ട്, പാകിസ്താൻ, വെസ്റ്റിൻഡീസ് തുടങ്ങിയ വമ്പന്മാരെ അട്ടിമറിച്ച ചരിത്രമുണ്ട് ഐറിഷ് സംഘത്തിന്. ഓപണർ കൂടിയായ ക്യാപ്റ്റൻ സ്റ്റിർലിങ് നേതൃത്വം നൽകുന്ന ബാറ്റിങ് നിരയിൽ ആൻഡി ബാൽബിർനി, ലോർകൻ ടക്കർ, ഹാരി ടെക്റ്റർ തുടങ്ങിയ കരുത്തരുണ്ട്. ലോകോത്തര പേസർമാരായ ജോഷ് ലിറ്റിൽ, ക്രെയ്ഗ് യങ് തുടങ്ങിയവരുടെ സാന്നിധ്യവും അയർലൻഡിന് പ്രതീക്ഷ നൽകുന്നതാണ്.