വാരണാസി മണ്ഡലത്തില്‍ ഒരു ഘട്ടത്തില്‍ നരേന്ദ്ര മോദി പിന്നില്‍ ആയതുള്‍പ്പെടെ ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎയ്ക്ക് കനത്ത തിരിച്ചടി നല്‍കി ഇന്ത്യ മുന്നണി. ആദ്യ മിനിറ്റുകളില്‍ എന്‍.ഡി.എ മുന്നേറ്റമായിരുന്നെങ്കിലും പിന്നീട് ഇത് മാറിമറിയുകയായിരുന്നു.
അപ്രതീക്ഷിത പോരാട്ടം കാഴ്ചവച്ച് പ്രതിപക്ഷ കക്ഷികളുടെ ഇന്ത്യ മുന്നണി. ഒരു ഘട്ടത്തിൽ എൻഡിഎയെ ഞെട്ടിച്ച് സീറ്റ് നിലയിൽ മുന്നിലെത്തിയ ഇന്ത്യ സഖ്യം, നിലവിൽ 220ലധികം സീറ്റുകളിൽ ലീഡ് ചെയ്യുകയാണ്. ലീഡ് നിലയിൽ കേവല ഭൂരിപക്ഷം കടന്ന എൻഡിഎ സഖ്യം, 290ലധികം സീറ്റുകളിൽ മുന്നിലാണ്. ഭരണം പിടിക്കാൻ 272 സീറ്റുകളാണ് വേണ്ടത്.
ആദ്യ ഘട്ടത്തിൽ എൻഡിഎ വ്യക്തമായ മുന്നേറ്റം നടത്തിയിരുന്നെങ്കിലും, പിന്നീട് ഇന്ത്യ സഖ്യം ശക്തമായി തിരിച്ചുവന്നു. ഒരുവേള ഇരു മുന്നണികളും ഒപ്പത്തിനൊപ്പം മുന്നേറിയെങ്കിലും പിന്നീട് വീണ്ടും എൻഡിഎ മുന്നിൽ കയറി. 2014നു ശേഷം ഇതാദ്യമായി കോൺഗ്രസ് 100 സീറ്റുകളിൽ ലീഡ് ചെയ്യുന്നു.
വാരാണസിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഒരു ഘട്ടത്തിൽ പിന്നിൽ പോയെങ്കിലും പിന്നീട് മുന്നിലെത്തി. ഇവിടെ കോൺഗ്രസ് സ്ഥാനാർഥി അജയ് റായ് ഒരു ഘട്ടത്തിൽ ആറായിരത്തോളം വോട്ടുകളുടെ അപ്രതീക്ഷിത ലീഡ് നേടിയിരുന്നു. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഉത്തർപ്രദേശിലെ റായ്ബറേലിയിലും വയനാട്ടിലും ലീഡ് ചെയ്യുന്നു. രാഹുൽ കഴിഞ്ഞ തവണ മത്സരിച്ചു തോറ്റ അമേഠിയിലും കോൺഗ്രസ് സ്ഥാനാർഥി ഇത്തവണ മുന്നിലാണ്. അവിടെ കേന്ദ്രമന്ത്രി സ്മൃതി ഇറാനി പിന്നിലാണ്.
2019 ൽ എൻഡിഎയ്ക്ക് 352 സീറ്റാണ് ലഭിച്ചത്. ഇത്തവണയും എൻഡിഎ 350 സീറ്റിലധികം നേടുമെന്നാണ് മിക്ക എക്സിറ്റ് പോൾ ഫലങ്ങളും പ്രവചിച്ചിട്ടുള്ളത്. ചില ഫലങ്ങൾ, എൻഡിഎ 400 കടക്കുമെന്നും പറയുന്നു. 44 ദിവസം നീണ്ട തിരഞ്ഞെടുപ്പു പ്രക്രിയ ആണ് അവസാന ഘട്ടത്തിൽ എത്തിയിരിക്കുന്നത്. ഏപ്രിൽ 19ന് ആയിരുന്നു ആദ്യഘട്ട വോട്ടെടുപ്പ്; കഴിഞ്ഞ ഒന്നിന് അവസാന ഘട്ടം നടന്നു.