ലക്നോ: ഉത്തരേന്ത്യയിലാകെ കനത്ത ചൂട് കാലാവസ്ഥയാണ്. ഈ കൊടും ചൂടിൽ ഒരു ഡോക്ടറുടെ വീട്ടിൽ മോഷ്ടിക്കാൻ കയറിയ കള്ളൻ മദ്യപിച്ച് എ.സി മുറിയിൽ കിടന്ന് ഉറങ്ങിയതും പിന്നീട് പോലീസ് വന്ന് ഉണർത്തി കസ്റ്റഡിയിൽ എടുക്കുന്നതിൻ്റെയും ദൃശ്യങ്ങളാണ് വൈറൽ .
വാരണാസിയിൽ ജോലി ചെയ്യുന്ന സുനിൽ പാണ്ഡ്യ എന്ന ഡോക്ടറുടെ
വീട്ടിലാണ് കള്ളൻ കയറിയത്. വാരണാസിയിൽ ജോലി ചെയ്യുന്നതിനാൽ തന്നെ ഡോക്ടറുടെ വീട് പൂട്ടിക്കിടക്കുകയായിരുന്നു. കഴിഞ്ഞ ദിവസം രാവിലെ വീടിന്റെ വാതിൽ തുറന്ന് കിടക്കുന്നതും സാധനങ്ങൾ വലിച്ച് വാരിയിട്ടിരിക്കുന്നതും കണ്ട് അയൽവാസികളാണ് പോലീസിനെ വിവരം അറിയിച്ചത്.
പോലീസ് സംഭവസ്ഥലത്ത് എത്തുമ്പോൾ കാണുന്നതാവട്ടെ മോഷണം നടത്തി സുഖമായി കിടന്നുറങ്ങുന്ന കള്ളനെയാണ്. അലമാര തകർത്തു, പണവും മറ്റു സാധനങ്ങളും കൈക്കലാക്കിയതിന് ശേഷമാണ് വിശ്രമിക്കാനായി ഇയാൾ കിടന്നത്.
മദ്യത്തിന്റെ ലഹരിയിൽ എ.സിയിട്ട് അൽപനേരം കിടന്നുറങ്ങുന്നതിനിടെയാണ് പ്രതിയെ പോലീസ് പിടികൂടുന്നത്. തുടർന്ന് മോഷണക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കുകയായിരുന്നു.