യൂറോകപ്പിന് മുൻപ് മൂന്ന് സൗഹൃദ മത്സരങ്ങളാണ് ഉള്ളത്. ഇതിൽ ആദ്യത്തെ രണ്ട് മത്സരങ്ങളിലും സൂപ്പർ താരം റൊണാൾഡോ കളിക്കില്ല. ഈ മത്സരങ്ങളിൽ താരത്തിന് വിശ്രമം നൽകാനാണ് പരിശീലകൻ റൊബേർടോ മാർട്ടിനസ് തീരുമാനിച്ചിരിക്കുന്നത്. 5 ന് ഫിൻലാൻഡിനെയും 8 ന് ക്രൊയേഷ്യയുമാണ് പോർച്ചുഗൽ സൗഹൃദ മത്സരത്തിൽ നേരിടേണ്ടിയിരുന്നത്.

എന്നാൽ ജൂൺ 11ന് നടക്കുന്ന അയർലൻഡിനെതിരായ അവസാന സൗഹൃദ മത്സരത്തിൽ റൊണാൾഡോ കളിക്കും. അതാണ് യൂറോകപ്പിന് മുന്നേയുള്ള പോർച്ചുഗലിന്റെ അവസാന മത്സരം. ജൂൺ പതിനെട്ടാം തീയതി ചെക്ക് റിപ്പബ്ലിക് എതിരെയാണ് പോർച്ചുഗലിന്റെ യൂറോകപ്പിലെ ആദ്യ മത്സരം. അൽ നസറിനൊപ്പമുള്ള റൊണാൾഡോയുടെ സീസൺ രണ്ടു ദിവസം മുമ്പ് മാത്രമായിരുന്നു അവസാനിച്ചത്. ഇതെല്ലാം കണക്കിലെടുത്താണ് താരത്തിന് വിശ്രമം അനുവദിച്ചത്.

യൂറോ കപ്പില്‍ റൊണാള്‍ഡോ കളത്തില്‍ ഇറങ്ങുന്നതോടുകൂടി ഒരു ചരിത്ര നേട്ടമായിരിക്കും പോര്‍ച്ചുഗീസ് സൂപ്പര്‍താരത്തെ തേടിയെത്തുക. യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ ആറ് വ്യത്യസ്ത പതിപ്പുകളില്‍ കളിക്കുന്ന ആദ്യ താരമായി മാറാന്‍ റൊണാള്‍ഡോക്ക് സാധിക്കും. 2004, 2008, 2012, 2016, 2021 എന്നീ വര്‍ഷങ്ങള്‍ നടന്ന യൂറോ കപ്പുകളിലാണ് റൊണാള്‍ഡോ പോര്‍ച്ചുഗലിനായി ബൂട്ട് കെട്ടിയത്.

റൊണാള്‍ഡോക്ക് പുറമെ വെറ്ററന്‍ താരം പെപ്പെ, ഡിയാഗോ ജോട്ട, ബര്‍ണാഡോ സില്‍വ, ഗോണ്‍സാലോ റാമോസ്, ജാവോ ഫെലിക്സ്, ബ്രൂണോ ഫെര്‍ണാണ്ടസ് തുടങ്ങിയ സൂപ്പര്‍ താരങ്ങള്‍ കൂടി പോര്‍ച്ചുഗല്‍ ടീമില്‍ ചേരുമ്പോള്‍ ടീം കൂടുതല്‍ കരുത്തുറ്റതായി മാറും എന്നാണ് ആരാധകര്‍ ഉറച്ചു വിശ്വസിക്കുന്നത്. ലോകകപ്പിലെ നിരാശ യൂറോ കപ്പിലൂടെ മാറ്റാൻ ആകും എന്നാണ് ക്രിസ്ത്യാനോ റൊണാൾഡോയും പോർച്ചുഗലും പ്രതീക്ഷിക്കുന്നത്.