ജീവാനന്ദം: ധനമന്ത്രിയുടെ പിൻമാറ്റത്തിൽ മുഖ്യമന്ത്രിക്ക് അതൃപ്തി

കേരള മുഖ്യമന്ത്രി പിണറായി വിജയൻ, ധനമന്ത്രി കെ.എൻ. ബാലഗോപാല്‍

സാമ്പത്തിക പ്രതിസന്ധി കാലത്ത് ശക്തമായ തീരുമാനങ്ങൾ എടുക്കേണ്ടി വരുമെന്ന് കെ.എം എബ്രഹാം

ജീവാനന്ദം പദ്ധതിയിൽ നിന്ന് ബാലഗോപാൽ പിന്നോട്ട് പോയതിൽ മുഖ്യമന്ത്രിക്ക് അതൃപ്തി. പ്രതിഷേധം ഉയർന്നതോടെ ജീവാനന്ദം പദ്ധതി എല്ലാ ജീവനക്കാർക്കും നിർബന്ധമല്ല എന്ന ബാലഗോപാലിൻ്റെ പത്രകുറിപ്പ് ആണ് മുഖ്യമന്ത്രിയെ ചൊടിപ്പിച്ചത്.

താൽപര്യമുള്ളവർ ചേർന്നാൽ മതിയെങ്കിൽ ആരാണ് ജീവാനന്ദം പദ്ധതിയിൽ ചേരുന്നത് എന്നാണ് മുഖ്യമന്ത്രിയുടെ ചോദ്യം.ധനവകുപ്പ് ഭരണത്തിൽ ബാലഗോപാൽ ശോഭിക്കുന്നില്ല എന്ന അഭിപ്രായവും മുഖ്യമന്ത്രിക്കുണ്ട്. ചീഫ് പ്രിൻസിപ്പൽ സെക്രട്ടറിയായ കെ. എം എബ്രഹാമിന് കാബിനറ്റ് റാങ്ക് നൽകിയതും ബാലഗോപാലിൻ്റെ പ്രകടനം മോശമായത് കൊണ്ടാണ്.

ഫിനാൻസ് സെക്രട്ടറി കസേരയിൽ ഇരുന്ന് തഴക്കവും പഴക്കവും ഉള്ള കെ.എം എബ്രഹാമിൻ്റെ തലയിൽ ഉദിച്ച ആശയമാണ് ജീവാനന്ദം. ബജറ്റ് പ്രസംഗത്തിൽ ബാലഗോപാലിൻ്റെ കൊണ്ട് ജീവാനന്ദം പ്രഖ്യാപിച്ചത് കാലേ കൂട്ടിയുള്ള നീക്കമായിരുന്നു. ബജറ്റ് പ്രഖ്യാപനങ്ങൾ ഉത്തരവുകളായി ഇറങ്ങുമ്പോൾ സാധാരണ ഗതിയിൽ പ്രതിഷേധം ഉണ്ടാകാറില്ല എന്ന് മുൻകൂട്ടി കണ്ടാണ് ജീവാനന്ദത്തിന് അടിത്തറയിട്ടത്.

സർക്കാർ കേന്ദ്രങ്ങളെ ഞെട്ടിച്ച് കൊണ്ട് ഉത്തരവ് ഇറങ്ങി മണിക്കൂറുകൾക്കകം പ്രതിപക്ഷ പ്രതിഷേധം ഉയർന്നു. ഭരണ സിരാ കേന്ദ്രമായ സെക്രട്ടേറിയേറ്റിലെ പ്രതിപക്ഷ സർവീസ് സംഘടനകളുടെ കൂട്ടായ്മ സെക്രട്ടേറിയേറ്റ് ആക്ഷൻ കൗൺസിലിൻ്റെ പ്രതിഷേധം പ്രതിപക്ഷ നേതാവ് ഏറ്റെടുത്തതോടെ 24 മണിക്കൂറുകൾക്കുള്ളിൽ ജീവാനന്ദം കേരളം മുഴുവൻ ചർച്ചയായി.

ശക്തമായ പ്രതിഷേധങ്ങളാണ് സംസ്ഥാനത്ത് പദ്ധതിക്കെതിരെ ഉണ്ടായത്. മൂന്ന് വർഷമായി ആനുകൂല്യങ്ങൾ കിട്ടാതെ നിൽക്കുന്ന ജീവനക്കാരുടെ കയ്യിൽ നിന്ന് ശമ്പളം വീണ്ടും കവരാനുള്ള നീക്കത്തിന് ഭരണകക്ഷി സംഘടനകളുടെ പിന്തുണ പോലും കിട്ടിയില്ല. പദ്ധതി എല്ലാ ജീവനക്കാർക്കും നിർബന്ധമല്ല എന്ന നിലപാട് എടുത്താണ് ബാലഗോപാൽ വിഷയം തണുപ്പിച്ചത്.

സർക്കാരിൻ്റെ പ്ലാൻ ബി ആയിരുന്നു ജീവാനന്ദം. മാസം 500 കോടി വച്ച് ഒരു വർഷം 6000 കോടി ജീവനക്കാരുടെ ശമ്പളത്തിൽ നിന്ന് ലഭിക്കുന്ന പദ്ധതി എന്ന നിലയിൽ പഠിച്ച് തയ്യാറാക്കിയാണ് കെ.എം. എബ്രഹാം ജീവാനന്ദം പദ്ധതി ഒരുക്കിയത്. സാമ്പത്തിക പ്രതിസന്ധികാലത്ത് സർക്കാരിന് വർഷം 6000 കോടി കിട്ടുന്ന പദ്ധതി പ്രതിപക്ഷ പ്രതിഷേധം ഉയർന്നതിൻ്റെ പേരിൽ യു ടേൺ എടുത്തത് ന്യായികരിക്കാൻ സാധിക്കില്ല എന്നാണ് എബ്രഹാമിൻ്റെ നിലപാട്.

സാമ്പത്തിക പ്രതിസന്ധികാലത്ത് കടുത്ത തീരുമാനങ്ങൾ എടുക്കേണ്ടി വരുമെന്നാണ് എബ്രഹാമിൻ്റെ വാദം. പത്രകുറിപ്പ് ഇറക്കി ബാലഗോപാൽ ജീവാനന്ദം പദ്ധതിയിൽ നിന്ന് തലയൂരി എങ്കിലും ഉത്തരവ് പുതുക്കി ഇറക്കണമെന്നാണ് സെക്രട്ടറിയേറ്റ് ആക്ഷൻ കൗൺസിലിൻ്റെ ആവശ്യം. മുഖ്യമന്ത്രിയും കെ.എം. എബ്രഹാമും ഇടഞ്ഞതോടെ ഉത്തരവ് എങ്ങനെ പുതുക്കി ഇറക്കും എന്ന ആശങ്കയിലാണ് ബാലഗോപാൽ.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments