FinanceKerala Government News

പി.എസ്.സി ചെയർമാന്റെയും അംഗങ്ങളുടെയും ശമ്പളത്തില്‍ വമ്പൻ വർദ്ധനവ് വരുന്നു! 4 ലക്ഷവും 3.75 ലക്ഷവുമാക്കി ഉയർത്താൻ ശുപാർശ

പി.എസ്.സി ചെയർമാൻ്റെ ശമ്പളം 4 ലക്ഷമായും അംഗങ്ങളുടേത് 3.75 ലക്ഷമായും ഉയർത്തും. ശമ്പളം ഉയർത്തുന്നതിനോടൊപ്പം പെൻഷനും വർദ്ധിപ്പിക്കും. പി.എസ്.സി ചെയർമാൻ്റെയും അംഗങ്ങളുടെയും ശമ്പളം വർദ്ധിപ്പിക്കാൻ ധനവകുപ്പിൽ നീക്കം ആരംഭിച്ചെന്ന് മലയാളം മീഡിയ റിപ്പോർട്ട് ചെയ്തിരുന്നു.

നിലവിൽ 2.24 ലക്ഷമാണ് ചെയർമാൻ്റെ ശമ്പളം. അംഗങ്ങളുടേത് 2.19 ലക്ഷവും. യു.പി.എസ് സിയിൽ വെറും 9 അംഗങ്ങളാണ് ഉള്ളതെങ്കിൽ കേരളത്തിൽ 21 പി.എസ്.സി അംഗങ്ങളുണ്ട്. രാഷ്ട്രീയ നിയമനങ്ങളാണ് ഇവ. പി.എസ്.സി അംഗമാകാൻ പ്രത്യേകിച്ച് വിദ്യാഭ്യാസയോഗ്യത നിഷ്കർഷിക്കുന്നില്ല. രാഷ്ട്രീയ കൊടി പിടിച്ചാൽ പി.എസ്.സി അംഗമാകാം എന്നതാണ് അവസ്ഥ.

പുതിയ ശുപാര്‍ശയില്‍ ചെയര്‍മാന്‍ ആനുകൂല്യങ്ങളടക്കം നാലുലക്ഷവും അംഗങ്ങള്‍ക്ക് 3.75 ലക്ഷവും ശമ്പളമായി നല്‍കണമെന്നാണ് നിര്‍ദേശിച്ചിരിക്കുന്നത്. സമാനമായി പെന്‍ഷനിലും വര്‍ധനയുണ്ട്. നിലവില്‍ ചെയര്‍മാന് ലഭിക്കുന്ന പെന്‍ഷനായ 1.25 ലക്ഷം രൂപ 2.5 ലക്ഷവും അംഗങ്ങള്‍ക്കുള്ള 1.20 ലക്ഷം 2.25 ലക്ഷവും ആക്കണമെന്നാണ് ശുപാര്‍ശ.

ജില്ലാ ജഡ്ജിമാരുടെ സൂപ്പര്‍ ടൈം സ്റ്റെയിലും കേന്ദ്രനിരക്കിലുള്ള ഡി.എയും നല്‍കണമെന്നാണ് ശുപാര്‍ശയുടെ ഉള്ളടക്കം. കഴിഞ്ഞ മന്ത്രിസഭായോഗത്തില്‍ ഇക്കാര്യം പരിഗണനയ്ക്ക് വന്നെങ്കിലും തീരുമാനമെടുത്തിരുന്നില്ല. സര്‍ക്കാര്‍ കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനാല്‍ ശുപാര്‍ശ ഒന്നുകൂടി വിലയിരുത്തി തീരുമാനിക്കാമെന്നാണ് ധാരണ.

പരിഷ്‌കരിക്കുന്ന ശമ്പളത്തിന് 2016 മുതല്‍ പ്രാബല്യം നല്‍കണമെന്നും നിര്‍ദേശമുണ്ട്. പി.എസ്.സി. ചെയര്‍മാനും അംഗങ്ങള്‍ക്കും ഏകീകരിച്ച ശമ്പളം നല്‍കി ഡി.എ ഒഴിവാക്കണമെന്ന് ധനവകുപ്പ് അഭിപ്രായപ്പെട്ടിരുന്നു. എന്നാല്‍, കേന്ദ്രനിരക്കില്‍ ജില്ലാ ജഡ്ജിമാർക്ക് ശമ്പളത്തോടൊപ്പം ഡി.എയും നല്‍കുന്നതുപോലെ പി.എസ്.സി. ചെയര്‍മാനും അംഗങ്ങള്‍ക്കും നല്‍കാവുന്നതാണെന്ന 2007-ലെ സര്‍ക്കാര്‍ ഉത്തരവ് ബാധകമാക്കാവുന്നതാണെന്ന മറുവാദവും ഫയലില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഡി.എ. ഉള്‍പ്പെടെ നല്‍കിയാല്‍ പ്രതിവര്‍ഷം നാലുകോടി രൂപയുടെ അധികബാധ്യത വരുമെന്നാണ് കണക്കാക്കുന്നത്.

പി.എസ്.സി. ചെയര്‍മാനും അംഗങ്ങളും ഭരണഘടനാ പദവി വഹിക്കുന്നവരായതിനാല്‍ കേന്ദ്രസര്‍ക്കാരില്‍ സമാന തസ്തികയുമായി ചേര്‍ന്നുപോകുന്നതാകണം ശമ്പളവും ആനുകൂല്യങ്ങളുമെന്നതാണ് ശമ്പളവര്‍ധനയ്ക്കുള്ള കാരണമായി ചൂണ്ടിക്കാട്ടുന്നത്. എന്നാല്‍, യു.പി.എസ്.സി യില്‍ ഒമ്പത് അംഗങ്ങളുള്ള പ്പോള്‍ കേരള പി.എസ്.സിയില്‍ 21 പേരുണ്ട്. പി.എസ്.സി. അംഗങ്ങള്‍ രാഷ്ട്രീയാടി സ്ഥാനത്തിലാണ് നിയമിക്കപ്പെടുന്നതും. അറ്റന്‍ഡര്‍ മുതല്‍ കേരള അഡ്മിനിസ്ട്രേറ്റീവ് സര്‍വീ സിലേക്കുവരെ ഉദ്യോഗസ്ഥരെ തിരഞ്ഞെടുക്കുന്ന പി.എസ്.സി. അംഗങ്ങളാകാന്‍ പ്രത്യേകിച്ച് വിദ്യാഭ്യാസ യോഗ്യതയൊന്നും നിഷ്‌കര്‍ഷിക്കുന്നുമില്ല.

Leave a Reply

Your email address will not be published. Required fields are marked *