കൊച്ചി: നടന്‍ ഉണ്ണി മുകുന്ദന്റെ സിനിമ നിർമാണ കമ്പനിയെക്കുറിച്ച് നടത്തിയ പരാമര്‍ശത്തില്‍ പരസ്യമായി മാപ്പ് പറഞ്ഞ് നടന്‍ ഷെയ്ന്‍ നിഗം. ലിറ്റില്‍ ഹാര്‍ട്‌സ് എന്ന ചിത്രത്തിന്റെ ദുബായില്‍ വെച്ച് പ്രമോഷന്റെ ഭാഗമായുള്ള വാര്‍ത്ത സമ്മേളനത്തിലായിരുന്നു ഷെയ്ന്‍ നിഗം മാപ്പ് പറഞ്ഞത്.

‘തമാശയായി പറഞ്ഞതാണ്, ആരേയും വേദനിപ്പിക്കാന്‍ ഉദ്ദേശിച്ചായിരുന്നില്ല. ഇത് വ്യക്തമാക്കികൊണ്ട് ഉണ്ണിമുകുന്ദന് മെസേജും അയച്ചിരുന്നു. ഉണ്ണി ചേട്ടനെയും അദ്ദേഹത്തിന്റെ ഫാന്‍സിനെയും എന്റെ വാക്കുകള്‍ വേദനിപ്പിച്ചെങ്കില്‍ പരസ്യമായി മാപ്പ് പറയുന്നു’. ഇത്തരം കാര്യങ്ങളില്‍ മറുപടി പറയുമ്പോള്‍ ഇനി കൂടുതല്‍ ശ്രദ്ധിക്കുമെന്നും ഷെയ്ന്‍ പറഞ്ഞു. ഉണ്ണിമുകുന്ദന്റെ നിര്‍മ്മാണ കമ്പനിയെ കുറിച്ച് ഷെയ്ന്‍ അശ്ലീല പരാമര്‍ശം നടത്തിയെന്നായിരുന്നു സമൂഹ മാധ്യമങ്ങളില്‍ അടക്കമുള്ള വിമര്‍ശനം.

സമൂഹ മാധ്യമങ്ങളില്‍ തന്റെ മാതാവിനെതിരെയുണ്ടായ അധിക്ഷേപങ്ങളെക്കുറിച്ച് പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. തന്നെ മട്ടാഞ്ചേരി ഗ്യാങ് എന്ന് വിശേഷിപ്പിക്കുന്നതില്‍ അടിസ്ഥാനമില്ല. അങ്ങനെയൊരു ഗ്യാങ്ങിനെക്കുറിച്ച് തനിക്ക് അറിയില്ലെന്നും മട്ടാഞ്ചേരിയില്‍ കളിച്ചു വളര്‍ന്ന ആളാണ് താനെന്നും ഷെയ്ന്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം കോര്‍പറേറ്റ് കമ്പനികള്‍ക്ക് ഒപ്പം പിടിച്ചുനില്‍ക്കാന്‍ കഴിയാത്ത സ്ഥിതിയിലാണ് മലയാളത്തിലെ സ്വതന്ത്രനിര്‍മാതാക്കളെന്ന് സാന്ദ്ര തോമസ്. സ്ത്രീയായതിനാല്‍ തന്നെ സഹായിക്കാന്‍ പോലും ആരും തയ്യാറാകുന്നില്ല. നടി മഹിമ നമ്പ്യാരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു. ഈമാസം ഏഴിന് ലിറ്റില്‍ ഹാര്‍ട്‌സ് തിയറ്ററിലെത്തും.