കൊച്ചി: ഇൻസ്റ്റഗ്രാമില്‍ റീല്‍സ് കണ്ട് യുവതിക്ക് അശ്ലീല സന്ദേശമയച്ച യുവാവില്‍നിന്നും പണം തട്ടിയെടുത്ത സംഘം അറസ്റ്റിൽ. കേസ് ഒത്തുതീർപ്പാക്കാൻ 20 ലക്ഷം രൂപയാണ് ഇവർ ആവശ്യപ്പെട്ടത്. രണ്ട് ലക്ഷം രൂപ വാങ്ങിയെടുക്കുകയും അടുത്ത മൂന്ന് ലക്ഷത്തിനുവേണ്ടി സമ്മർദ്ദം ചെലുത്തുകയും ചെയ്യുന്നതിനിടെയാണ് ഇവരുടെ അറസ്റ്റ്.
ആലപ്പുഴ സ്വദേശിനി ജസ്‌ലി, ആലുവ സ്വദേശി അഭിജിത്, നിലമ്പൂര്‍ സ്വദേശി സല്‍മാന്‍ എന്നിവരാണ് അറസ്റ്റിലായത്. യുവതി പങ്കുവെച്ച റീൽസിന് മൂവാറ്റുപുഴ സ്വദേശിയായ യുവാവ് അശ്ലീല ചുവയുള്ള സന്ദേശമയച്ചിരുന്നു. ഇക്കാര്യം ചൂണ്ടിക്കാണിച്ച് ജസ്‍ലി ഏരൂർ പൊലീസിൽ ഇന്നലെ പരാതി നൽകിയിരുന്നു.
കോടതിയുടെ അനുമതിയോടെ മാത്രം കേസെടുക്കാൻ പറ്റുന്ന സംഭവമായതിനാല്‍ ഇതു സംബന്ധിച്ച റിപ്പോർട്ട് പോലീസ് കോടതിയില്‍ സമർപ്പിച്ച് തുടർ നടപടികള്‍ക്കുവേണ്ടി തയ്യാറെടുക്കുന്നിനിടെയാണ് പണം തട്ടിപ്പ് നടന്നത്. കേസ് പിൻവലിക്കാൻ 20 ലക്ഷം രൂപ ആവശ്യപ്പെട്ട് യുവാവിനെ യുവതി സമീപിച്ചത്. അഞ്ച് ലക്ഷം രൂപ നൽകാമെന്ന് സമ്മതിക്കുകയും ചെയ്തു. ആദ്യം രണ്ടു ലക്ഷം രൂപ അഭിജിത്തിന്റെ അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്തു. മൂന്നു ലക്ഷം കൂടി നൽകാൻ തയാറെടുക്കുന്നതിനിടെയാണ് പൊലീസ് ഇടപെടുകയും സംഘത്തെ അറസ്റ്റ് ചെയ്യുകയും ചെയ്തത്.
സമീപകാലത്താണ് ഈ യുവാവിന്റെ സഹോദരിയുടെ വിവാഹം കഴിഞ്ഞത് സഹോദരിയുടെ സ്വർണ്ണം ഉള്‍പ്പെടെ വിറ്റ് കേസ് ഒത്തുതീർക്കാൻ ശ്രമിക്കുന്നതിനിടെയായിരുന്നു ഏരൂർ പോലീസ് സംഭവം അറിഞ്ഞത്. തുടർന്നാണ് മൂവരെയും അറസ്റ്റ് ചെയ്തത്. സിനിമ നിർമാണത്തിനായി 20 ലക്ഷം രൂപ സംഘടിപ്പിക്കാനായിരുന്നു തട്ടിപ്പെന്ന് ഇവർ പോലീസിനോട് പറഞ്ഞു.