കൊച്ചി: പ്രതിപക്ഷ നേതാവ് വി.ഡി.സതീശന് ഇന്ന് അറുപതാം പിറന്നാള്‍. അണികളുടെ ഭാഷയില്‍ ചുറുചുറുക്കിന് അറുപതിന്റെ യൗവനം. യഥാര്‍ത്ഥ ജന്മദിനം ഒരുമാസം അകലെയാണെങ്കിലും എല്ലാവരും ആശംസകള്‍ അറിയിക്കുന്നത് സര്‍ട്ടിഫിക്കേറ്റിലുള്ള ഈ ദിനത്തിലാണ്. കര്‍ക്കിടത്തിലെ ചതയമാണ് യഥാര്‍ത്ഥ ജന്മദിനം. എന്നാല്‍, ആശംസംപ്രവാഹം നിറയുന്നത് രേഖകളിലുള്ള ഇന്നാണ്.

എന്നാല്‍ പിറന്നാള്‍ ദിനത്തില്‍ ആഘോഷങ്ങളൊന്നുമില്ലെന്നാണ് വി.ഡി. സതീശന്‍ പറയുന്നത്. തിരക്കുകള്‍ തന്നെയാണ് ആഘോഷങ്ങളില്ലാത്തതിന്റെ പ്രധാനകാരണം.

എറണാകുളം നെട്ടൂരില്‍ ജനിച്ച സതീശന്‍ വിദ്യാര്‍ഥി പ്രസ്ഥാനത്തിലൂടെയാണ് രാഷ്ട്രീയത്തിലെത്തിയത്. 1986-87 കാലത്ത് എം.ജി. സര്‍വകലാശാല യൂണിയന്‍ ചെയര്‍മാനായിരുന്നു. 2001 മുതല്‍ തുടര്‍ച്ചയായി നിയമസഭാംഗമാണ്. എ.ഐ.സി.സി. സെക്രട്ടറി പദവിയും കെ.പി.സി.സി. വൈസ് പ്രസിഡന്റിന്റെ ചുമതലയും വഹിച്ചു.

യു.എ.ഇ. യാത്രയ്ക്കുള്ള തയ്യാറെടുപ്പിലായിരുന്നെങ്കിലും മഴക്കെടുതി രൂക്ഷമായതോടെ ബുധനാഴ്ച യാത്ര റദ്ദാക്കിയിരുന്നു. അന്ന് വൈകീട്ട് തന്നെ പറവൂരില്‍ വെള്ളം കയറിയ പ്രദേശങ്ങളിലെത്തി ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയിരുന്നു.

മനസും ശരീരവും ഊര്‍ജവും കാഴ്ചപ്പാടും വീറും വാശിയും ചിരിയും സ്‌നേഹവും പിണക്കവും ഇണക്കവും അധ്വാനവും മടിയും കുറുമ്പും ചേര്‍ന്നൊരു പ്രായമുണ്ടെങ്കില്‍ ഇദ്ധേഹത്തിന് എന്നും നാല്‍പ്പതാണ് പ്രായമെന്നാണ്, പ്രതിപക്ഷ നേതാവിന്റെ പിറന്നാള്‍ ദിനത്തില്‍ കെ.എസ്.യു ജനറല്‍ സെക്രട്ടറി മുബാസ് ഓടക്കാലി ഫേസ്ബുക്കില്‍ കുറിച്ചത്.

മുബാസിന്റെ കുറിപ്പിന്റെ പൂര്‍ണ്ണരൂപം:

അറുപതോ! ആരു പറഞ്ഞു ഈ നുണ ?

സാധാരണ ഇക്കാലത്ത് മനുഷ്യർക്ക് രണ്ട് പിറന്നാളുകളാണ് ഉള്ളത്.നാൾ വരുന്ന മലയാളം പിറന്നാളും ജനിച്ച തീയതി വരുന്ന ഇംഗ്ളീഷ് ബർത്ത് ഡേയും .എന്നാൽ ഇന്നത്തെ പിറന്നാളുകാരന് മൂന്നാമത് ഒരു ഹാപ്പി ബർത്ത് ഡേ കൂടിയുണ്ട് – സ്കൂളിൽ ചേർന്ന ദിവസം. അങ്ങനെ മൂന്നു പിറന്നാളുകൾ ഉള്ള ഞങ്ങളുടെ പ്രിയപ്പെട്ട നേതാവിന് അറുപത് വയസാകുന്നു! അതായത് ഷഷ്ഠിപൂർത്തി.പറയുമ്പോൾ തന്നെ ഗൗരവവും ബഹുമാനവും എല്ലാം കൂടി ഒറ്റവരവാണ്. ഘനഗംഭീരനായ ഒരു ഷഷ്ഠിപൂർത്തിക്കാരനെവിടെ?ഈയാൾക്കോ ,അറുപതോ? ഏയ് ,ഒരിക്കലുമല്ല. ഒന്നുകിൽ കണക്ക് തെറ്റി ,അല്ലെങ്കിൽ കണക്കിപ്പോൾ ഇങ്ങനെയാണ് , അയാളെ പോലെ, അൺ പ്രഡിക്ടബിൾ !

മനസും ശരീരവും ഊർജവും കാഴ്ചപ്പാടും വീറും വാശിയും ചിരിയും സ്നേഹവും പിണക്കവും ഇണക്കവും അധ്വാനവും മടിയും കുറുമ്പും ചേർന്നൊരു പ്രായമുണ്ടെങ്കിൽ ഇദ്ധേഹത്തിന് എന്നും നാൽപ്പതാണ് പ്രായം.

മനസ് ചെറുപ്പമാകണം എന്നൊക്കെ പലരും തത്വം പറയുന്നത് കേട്ടിട്ടുണ്ട്. മനസ്സ് ചെറുപ്പമാകാൻ ബുദ്ധിയും ശരീരവും ഒന്നിക്കണം. ഈ മനുഷ്യൻ എഴുപത് ശതമാനം ബുദ്ധി കൊണ്ടും ബാക്കി മുപ്പത് ശതമാനം ശാരീരിക ഊർജം കൊണ്ടും പ്രവർത്തിക്കുന്ന ഒരു പ്രതിഭാസമാണ്. സാധാരണ പ്രായം ഏറി വരുന്നവർ പറയും മനസ് പോകുന്നിടത്ത് ശരീരം പോകുന്നില്ലല്ലോ , അയ്യയ്യോ, ശരീരം പോകുന്നിടത്തൊന്നും മനസ്സും പോകുന്നില്ലല്ലോ എന്നും. ഈ മനുഷ്യന് എന്തായാലും ആ പ്രശ്നം ഇല്ലേയില്ല . ഗ്രേസെൽസ് കൊണ്ട് പ്രവർത്തിക്കുന്ന ഒരു പ്രത്യേക യന്ത്രമായതിനാൽ ബുദ്ധിക്കൊപ്പം ഓടിക്കോളും കൈയ്യും കാലും ഹൃദയവും. അതു കൊണ്ട് ന്യൂ ജെൻ ഭാഷയിൽ എല്ലാം സിങ്ക് ആണ്.

നിരന്തരമായി പണിയെടുത്തു കൊണ്ടേയിരിക്കണം. കണ്ടു നിൽക്കുന്നവർ പറയും വർക്കഹോളിക്ക്. ഒരു ചാൻസു കിട്ടിയാൽ പുതച്ചുറങ്ങണമെന്ന് ആഗ്രഹിക്കുന്നയാളാണ്. എതായാലും സദാ ഊർജ്ജസ്വലനാകാൻ കഴിയുന്നു. രാത്രി ,പകൽ ഒന്നും പ്രശ്നമല്ല. ഹരമാണ് , ഒബ്സെഷനാണ് ,അഡിക്ഷനാണ് ജോലി . യഥാർഥ കർമ്മയോഗി.

ഫലം ആഗ്രഹിക്കുന്നില്ല ,

കെട്ടുപാടുകളുമില്ല .

ചെയ്യാനുള്ള കാര്യങ്ങൾ വൃത്തിയായും വെടിപ്പായും ചെയ്യും. പിന്നെ കൂട്ടത്തിൽ ആളൊരു ചെറിയ കൺട്രോൾ ഫ്രീക്ക് ആണെന്നു മാത്രം. മേമ്പൊടിക്ക് ഇത്തിരി ദേഷ്യവും, സാരമില്ല പെർഫെക്ക്ഷൻ ഒരസുഖമാണോ സാർ?

ഏറ്റവും ഇഷ്ടം എന്താ?

രാഷ്ട്രീയം

പിന്നെ?

വായന

പിന്നെ?

നിയമസഭയിൽ പ്രസംഗിക്കുക

പിന്നെ?

കാടു കാണുക

ഇനിയോ?

സ്നേഹമുള്ളവർക്കൊപ്പം കൂടുക.

ഇത്തരം ഇഷ്ടങ്ങൾ ഒരാളുടെ മനസിനെ പാകപ്പെടുത്തും. സദാ ഊർജം നിറക്കും. പുതു ചിന്തകളാൽ നിറക്കും. മറ്റുള്ളവരെ കുറിച്ച് കരുതലോടെ ഇടപെടാൻ പാകപ്പെടുത്തും നിത്യയൗവ്വനവും തരും. നന്നായിട്ട് ചിരിക്കാൻ, നന്നായിട്ടൊന്ന് സംസാരിക്കാൻ, തോളിൽ കൈയ്യിട്ടൊന്ന് നടക്കാൻ നിങ്ങൾക്ക് കഴിയുന്നതാണ് ഏറ്റവും വലിയ അനുഗ്രഹവും ഈശ്വരകൃപയും. ഇന്നത്തെ പിറന്നാളു കാരന് അത് വേണ്ടുവോളമുണ്ട്.

നല്ലൊരു പോരാളി, ഒന്നാം തരം ഒരു ഫോർവേഡ് , ഗംഭീര സർജിക്കൽ സ്ട്രൈക്കർ ഇതെല്ലാമാണിയാൾ. ആരും ഒന്നും ഒരിക്കലും താലത്തിൽ വെച്ച് നൽകിയിട്ടില്ല. സ്പൂൺ ഫീഡ് ചെയ്തിട്ടുമില്ല. ഗോഡ്ഫാദേഴ്സും ഇല്ല. ഗ്രൂപ്പുകളും ഇല്ല. പൊരുതി തന്നെ മുന്നേറി , നേരിൻ്റെ വഴിയിൽ തന്നെ നടന്നു. പതറിയില്ല ,വഴി മാറി നടന്നുമില്ല. അതാണ് ഈ മനുഷ്യൻ്റെ യഥാർഥ പ്രസക്തി.

കൺവിക്ഷൻ എന്നൊരു വാക്കുണ്ടെങ്കിൽ അത് ആൾരൂപം പൂണ്ടതാണ് ഇയാൾ .ബോധ്യങ്ങൾ , വ്യക്തി ജീവിതത്തിലും പൊതുജീവിതത്തിലും കൃത്യം . യുക്തിസഹമാണ് ചിന്തകൾ ,വികാരം കൂടി കലർന്നതാണ് ചെയ്തികൾ .പച്ച മനുഷ്യൻ ,നാട്യങ്ങളും ജാഡകളും ഇല്ല.

നേരായി ചിന്തിച്ച് നേരായി പ്രവർത്തിച്ച് നേരായി ജീവിക്കുന്ന ഒരാൾ. കർമ്മം കൊണ്ടും മനസുകൊണ്ടും നിങ്ങൾക്കൊപ്പം നടക്കുകയാണ് ഞങ്ങൾ .

ജീവിതത്തിലെ തിരഞ്ഞെടുപ്പുകൾ ,ചോയ് സസ് , സധൈര്യം എടുക്കാനുള്ള ഉറപ്പ് അതും ഈ വ്യക്തിത്വത്തിൻ്റെ മറ്റ് കൂട്ടുന്നു .നിയമ പഠനം , വക്കീൽ പണി , രാഷ്ട്രീയം എല്ലാം ഓരോ തിരഞ്ഞെടുപ്പുകളായിരുന്നു. നല്ല തെളിമയോടെ എടുത്ത തീരുമാനങ്ങൾ . സങ്കടങ്ങൾ വന്നപ്പോഴും വ്യക്തി ജീവിതത്തിലും പൊതുജീവിതത്തിലും ശരിയുടെ പക്ഷം ചേർന്നു തന്നെ നിന്നു. അത് അസാമാന്യമായ ഒരു ഉറപ്പാണ് , അവനവനും ചുറ്റും ഉള്ളവർക്കും.

കടലോളം സ്നേഹം.അതിൽ ഒരിക്കലും ഒരു കുറവുമില്ല.അത് കരുതലായും കരുത്തായും ചേർത്തു പിടിക്കും .കുട്ടിക്കളിയായി ആഹ്ളാദിക്കും നഷ്ടബോധങ്ങളായി കണ്ണീരണിയും .

നൻമയും കരുത്തും ഊർജവും സഹജീവി സ്നേഹവും ചേരുന്നതാണ് പ്രായമെങ്കിൽ നിങ്ങൾക്ക് എന്നും പ്രായം 25 ആണ്.

കർമരംഗത്ത് നാൽപ്പതിൻ്റെ ഉറപ്പും. ഈ അറുപത് ആരു പറയുന്ന നുണയാണ്!

നിങ്ങൾക്ക് ജീവിതം എന്താണ് തിരികെ നൽകിയത് വീ.ഡി?

നമുക്ക് ഒരിക്കൽ ആ കണക്കെടുക്കാം അത് എഴുതി നിറക്കാം.

ഒരുപാട് ഒരുപാട് വർഷങ്ങൾ അതിനായി കിട്ടട്ടെ.

നിത്യ നാൽപ്പതുകാരനായിരിക്കുക. ആയുരാരോഗ്യ സൗഖ്യം നേരുന്നു

എന്നും നിറഞ്ഞ ആ ചിരി കാത്തു വെക്കുക… അതു മാത്രമാണ് ഞങ്ങൾ ആവശ്യപ്പെടുന്നത്.