തിരുവനന്തപുരം: സർക്കാർ ജീവനക്കാർക്കുവേണ്ടി നടപ്പാക്കുന്ന ജീവാനന്ദം പദ്ധതി, ധനമന്ത്രി ബാലഗോപാൽ പ്രഖ്യാപിച്ച ‘പ്ലാൻ ബി’യുടെ തുടക്കം. ജീവാനന്ദം പദ്ധതിയിലൂടെ ജീവനക്കാരുടെ ശമ്പളത്തിൽ നിന്ന് 10 മുതൽ 20 ശതമാനം വരെ ഓരോ മാസവും സർക്കാരിന് ലഭിക്കും.
500 കോടി രൂപക്ക് മുകളിൽ സർക്കാരിന് ഒരു മാസം ലഭിക്കും. വർഷം 6000 കോടി സർക്കാരിൻ്റെ കയ്യിലേക്ക് ലഭിക്കുമെന്ന് വ്യക്തം. ഭരണത്തിൻ്റെ അവസാന രണ്ട് വർഷം 12000 കോടി ഇതിലൂടെ സർക്കാരിന് ലഭിക്കും.
പങ്കാളിത്ത പെൻഷൻ പദ്ധതിയിൽ ഉൾപ്പെട്ട ജീവനക്കാർ നിലവിൽ ശമ്പളത്തിൻ്റെ 10 ശതമാനം പെൻഷൻ കോൺട്രിബ്യൂഷൻ നൽകുന്നുണ്ട്. അതു കൂടാതെ പി.എഫ്, സ്റ്റേറ്റ് ലൈഫ് ഇൻഷുറൻസ്, ഗ്രൂപ്പ് ഇൻഷുറൻസ് , മെഡിസെപ്പ് തുടങ്ങിയ നിർബന്ധിത പിടുത്തവും ശമ്പളത്തിൽ ഉണ്ട്.
ജീവാനന്ദത്തിൻ്റെ പേരിൽ പിടിക്കുന്ന നിശ്ചിത ശതമാനം കൂടിയാകുമ്പോൾ ജീവനക്കാരൻ്റെ ശമ്പളത്തിൽ 35 ശതമാനം കുറവുണ്ടാകും. കഴിഞ്ഞ 3 വർഷമായിട്ട് ഒരു ആനുകൂല്യങ്ങളും ജീവനക്കാർക്ക് ലഭിക്കുന്നില്ല. ക്ഷാമബത്ത 19 ശതമാനം കുടിശികയാണ്. പ്രഖ്യാപിച്ച 2 ശതമാനം ക്ഷാമബത്തയുടെ 39 മാസത്തെ കുടിശികയും നഷ്ടപ്പെട്ടു.
വർഷങ്ങളായി ലീവ് സറണ്ടറും ലഭിക്കുന്നില്ല. ശമ്പളപരിഷ്കരണ കുടിശികയുടെ ഗഡുക്കളും അനന്തമായി മരവിപ്പിച്ചു. 2024 ൽ ജൂലൈ മുതൽ ലഭിക്കേണ്ട ശമ്പള പരിഷ്കരണത്തിന് കമ്മീഷനെ പോലും ഇതുവരെ വച്ചിട്ടില്ല. ജീവാനന്ദം പദ്ധതി പ്രകാരം ജീവനക്കാരൻ പെൻഷൻ ആകുമ്പോൾ ഓരോ മാസവും നിശ്ചിത തുക ലഭിക്കും എന്നാണ് വാഗ്ദാനം.
ഒരു വർഷം പെൻഷൻ ആകുന്നത് 10000 മുതൽ 15000 പേർ വരെയാണ്. ചില വർഷങ്ങളിൽ ഇത് 20000 ത്തിലേക്ക് ഉയരും. സർക്കാരിന് ഏറ്റവും ലാഭം ഉണ്ടാകുന്ന പദ്ധതിയാണിത്. ജീവനക്കാരന് നഷ്ടവും. ജീവനക്കാരൻ മരണപ്പെട്ടാൽ ആശ്രിതന് ആനുകൂല്യം ലഭിക്കും. ആശ്രിതൻ്റെ മരണത്തോടെ ഇതിൻ്റെ ആനുകൂല്യം നിലക്കും.
56 വയസാണ് റിട്ടയർമെൻ്റ് പ്രായം. 72 വയസാണ് ശരാശരി ആയുർദൈർഘ്യം. പ്രത്യേക നിധി രൂപികരിക്കാനുള്ള നീക്കം മലയാളം മീഡിയ നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. സ്റ്റേറ്റ് ലൈഫ് ഇൻഷുറൻസിനെ മുന്നിൽ നിറുത്തി ജീവനക്കാരുടെ ശമ്പളത്തിൽ നിന്ന് നിശ്ചിത ശതമാനം പിടിച്ച് സർക്കാരിലേക്ക് മുതൽകൂട്ടാനാണ് ശ്രമം. നിലവിലെ പെൻഷൻ നഷ്ടപ്പെടുമെന്ന ആശങ്കയും ജീവനക്കാർക്കുണ്ട്.
Read Also: