മുഖ്യമന്ത്രിയുടെ മകൾ വീണ വിജയൻ്റെ എക്സാ ലോജിക്കിന് വിദേശത്തും അക്കൗണ്ട് ഉള്ളതായും ഇതുവഴി കോടികളുടെ ഇടപാട് നടന്നുവെന്നും കേന്ദ്ര ഏജൻസികളുടെ കണ്ടെത്തൽ. ഈ അക്കൗണ്ടിലേക്ക് ഇന്ത്യയിൽ നിന്നും വിദേശത്തു നിന്നും നിക്ഷേപങ്ങൾ വന്നിട്ടുണ്ടെന്നുമുള്ള വിവരങ്ങളാണ് കിട്ടിയിരിക്കുന്നത്.
കരിമണൽ കമ്പനിയായ സിഎംആർഎൽ ഉൾപ്പെട്ട പണമിടപാടു കേസിൽ വിദേശബാങ്ക് അക്കൗണ്ട് കേന്ദ്രീകരിച്ചു സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫിസ് (എസ്എഫ്ഐഒ) അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
സിഎംആർഎൽ –എക്സാലോജിക് ഇടപാടിൽ കേന്ദ്ര ഏജൻസികളുടെ നിരീക്ഷണത്തിലായിരുന്ന അബുദാബിയിലെ ബാങ്ക് അക്കൗണ്ടിലേക്കു 2 വിദേശ കമ്പനികൾ വൻതുക നിക്ഷേപിച്ചെന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അന്വേഷണം.
രാജ്യാന്തര കൺസൽറ്റൻസി സ്ഥാപനമായ പ്രൈസ് വാട്ടർഹൗസ് കൂപ്പേഴ്സ് (പിഡബ്ല്യുസി), കനേഡിയൻ കമ്പനിയായ എസ്എൻസി ലാവ്‌ലിൻ എന്നിവയുടെ അക്കൗണ്ടുകളിൽനിന്ന് അബുദാബി ബാങ്ക് അക്കൗണ്ടിലേക്ക് 2016– 19 കാലയളവിൽ പലതവണ പണം നിക്ഷേപിച്ചതായി എസ്എഫ്ഐഒയ്ക്കു വിവരം ലഭിച്ചിരുന്നു. ദുബായിൽ റജിസ്റ്റർ ചെയ്ത സ്വകാര്യ സ്ഥാപനത്തിന്റെ പേരിലുള്ള ഈ സംയുക്ത അക്കൗണ്ട് കൈകാര്യം ചെയ്തിരുന്നത് സ്ഥാപന ഉടമകളായ 2 മലയാളികളാണ്.
മുഖ്യമന്ത്രിയുടെ മകൾ വീണ വിജയൻ്റെ കമ്പനിയായ എക്സ ലോജിക്കിൻ്റെ പണമിടപാടുകൾ അന്വേഷിക്കുന്ന എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) കൊച്ചി ഓഫിസിന് ഒരു വർഷം മുൻപ് ഈ വിവരം ലഭിച്ചിരുന്നു.
വിദേശ പണം സ്വീകരിച്ചതിൽ ഫെമ ചട്ടലംഘനം ആരോപിക്കപ്പെടുന്ന കിഫ്ബി മസാല ബോണ്ട് കേസിന്റെ അന്വേഷണത്തിനിടയിലാണ് അബുദാബി ബാങ്ക് അക്കൗണ്ട് സംബന്ധിച്ച രഹസ്യവിവരം ഇ.ഡിക്കു ലഭിക്കുന്നത്.
‘