CinemaCrimeNews

ഷൈൻ ടോം ചാക്കോ കുരുക്കിൽ; ലഹരി പരിശോധനക്കിടെ ഇറങ്ങി ഓടി; വിൻസിയെ ശല്യപ്പെടുത്തിയതും ഇതേ നടൻ

കൊച്ചി: മലയാള സിനിമയിലെ വിവാദ നടൻ ഷൈൻ ടോം ചാക്കോയെ തേടി പോലീസ്. നടി വൻസി അലോഷ്യസ് ശല്യപ്പെടുത്തിയതായി വെളിപ്പെടുത്തിയത് ഇതേ ഷൈൻ ടോമിനെക്കുറിച്ചാണെന്നും ഇപ്പോൾ പുറത്തുവരികയാണ്.

ഷൈൻ ടോമിനെതിരെ താരസംഘടനയായ അമ്മയ്ക്കും ഫിലിം ചേംബറിനും വിൻസി അലോഷ്യസ് പരാതി നൽകി. പുറത്തിറങ്ങാനിരിക്കുന്ന സൂത്രവാക്യം എന്ന സിനിമയുടെ സെറ്റിൽ വെച്ചാണ് നടിക്ക് ഷൈൻ ടോമിൽ നിന്ന് മോശം അനുഭവം ഉണ്ടായത്.

അതേസമയം, ഇന്നലെ രാത്രി ഷൈനും കൂട്ടുകാരും താമസിച്ചിരുന്ന കൊച്ചിയിലെ ഹോട്ടലിൽ ലഹരി വിരുദ്ധ സ്‌ക്വാഡായ ഡാൻസാഫ് സംഘം പരിശോധന നടത്തി. ഈ സമയത്ത് ഷൈൻ ടോം ചാക്കോ മുറിയിൽ നിന്ന് പുറത്തേക്ക് ഇറങ്ങി ഓടിയെന്ന് പോലീസ്. മൂന്നാമത്തെ നിലയിൽ നിന്നാണ് ഇയാൾ ഇറങ്ങി ഓടി രക്ഷപ്പെട്ടത്. പിന്നീട് മുറിയില്‍ നടത്തിയ പരിശോധനയില്‍ മയക്കുമരുന്ന് ഒന്നും കണ്ടെത്തിയിട്ടില്ല.

വിൻസിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ഷൈൻ ടോം ചാക്കോയെ അമ്മയിൽ നിന്ന് പുറത്താക്കും. സൂത്രവാക്യം എന്ന സിനിമയുടെ ഷൂട്ടീംഗ് ലൊക്കേഷനില്‍ വെച്ചാണ് ഷൈൻ മയക്കുമരുന്ന് ഉപയോഗിക്കുകയും തികച്ചും അനുചിതമായ രീതിയിൽ പെരുമാറുകയും ചെയ്തുവെന്ന പരാതി ഉയർന്നിരിക്കുന്നത്.