ഭാര്യയുടെ കാമുകൻ എന്ന് സംശയിച്ച് ബന്ധുവിനെയും സുഹൃത്തിനെയും ഭർത്താവ് പതിയിരുന്ന് ആക്രമിച്ചു, ഒരാള്‍ കൊല്ലപ്പെട്ടു. ബന്ധുവായ ചെങ്ങളം സ്വദേശി രഞ്ജിത്ത് (40) ആണ് കൊല്ലപ്പെട്ടത്.
ഗുരുതരമായി പരിക്കേറ്റ ഇയാളുടെ സുഹൃത്ത് റിജോയെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശനിയാഴ്ച സന്ധ്യക്ക് ഏഴരയോടെയാണ് സംഭവം.
കൊല്ലപ്പെട്ട രഞ്ജിത്ത് സുഹൃത്തിനൊപ്പം വടവാതുർ കുരിശിന് സമീപം ബസിറങ്ങി. ഇവര്‍ മുന്നോട്ട് നടന്നുപോകുമ്പോൾ വഴിയിൽ പതിയിരുന്ന അജേഷ് ആയുധവുമായി ആക്രമിക്കുകയായിരുന്നു. റിജോയെ വെട്ടുന്നത് തടയാൻ ശ്രമിച്ചപ്പോഴാണ് അജേഷ് രഞ്ജിത്തിനെ ആക്രമിച്ചത്. ഇതിനിടെ റിജോ സമീപത്തെ ആശുപത്രിയിലേക്ക് ഓടിക്കയറി. എന്നാൽ നിലത്തുവീണ രഞ്ജിത്തിനെ അജേഷ് വീണ്ടും ആക്രമിച്ചു. നാട്ടുകാര്‍ ഓടിക്കൂടിയപ്പോൾ അജേഷ് ഓടി രക്ഷപ്പെട്ടു.
തൊട്ടടുത്ത ആശുപത്രിയിൽ പ്രാഥമിക ചികിത്സക്കുശേഷം രഞ്ജിത്തിനെ കോട്ടയം മെഡിക്കൽ കോളേജിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
അജേഷിന് ഭാര്യയെ വലിയ സംശയമായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. ഭാര്യക്ക് ബന്ധമുണ്ടെന്ന് ആരോപിച്ച് നാട്ടിലുള്ള പലരോടും ഇയാൾ തര്‍ക്കിച്ചിരുന്നു. സമാനമായ മാനസിക അവസ്ഥയിലാണ് ഇന്നലെയും ഇയാൾ റിജോയ്ക്കും രഞ്ജിത്തിനും നേരെ ആക്രമണം നടത്തിയത്.
പ്രതി അജേഷിന്റെ ഭാര്യയുടെ അമ്മാവന്റെ മകളുടെ ഭര്‍ത്താവാണ് കൊല്ലപ്പെട്ട രഞ്ജിത്ത്. സംശയ രോഗത്തെ തുടര്‍ന്നുള്ള കൊലപാതകമാണെന്നാണ് പൊലീസ് പറയുന്നത്. സംഭവത്തിന് ശേഷം രക്ഷപ്പെട്ട പ്രതിക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു.