കേരളം 3500 കോടി കൂടി കടം എടുക്കുന്നു. ഇതോടെ ഈ സാമ്പത്തിക വർഷം കേരളം കടമെടുത്ത തുക 6500 കോടിയായി ഉയരും. കഴിഞ്ഞ മാസം 3000 കോടി കടം എടുത്തിരുന്നു.

കടമെടുപ്പിന് കേന്ദ്രാനുമതി ലഭിച്ചതിന് പിന്നാലെയാണ് ഈ മാസം 28 ന് റിസർവ് ബാങ്ക് വഴി കടപ്പത്രമിറക്കുന്നത്. 12 വർഷത്തെ തിരിച്ചടവ് കാലാവധിയിൽ 2000 കോടിയും 31 വർഷത്തെ തിരിച്ചടവ് കാലാവധിയിൽ 1500 കോടി രൂപയും ആണ് കടമെടുക്കുന്നത്.

3500 കോടി എടുത്ത് ശമ്പളവും പെൻഷനും കൊടുക്കാൻ സാധിക്കുമെന്നാണ് ധനവകുപ്പിൻ്റെ കണക്ക് കൂട്ടൽ. കടമെടുപ്പ് വൈകിയതിനാൽ ഒന്നാം തീയതി ശമ്പളം കൊടുക്കാൻ സാധിക്കുമോയെന്നതിൽ ധനവകുപ്പിന് വ്യക്തതയില്ല. രണ്ടാം തീയതി ഞായറാഴ്ച അവധിയാണ്. അതുകൊണ്ട് തന്നെ മൂന്നാം തീയതിയോടെ ശമ്പള വിതരണം തടസം ഇല്ലാതെ വിതരണം ചെയ്യാൻ സാധിക്കുമെന്നാണ് ധനവകുപ്പ് പ്രതീക്ഷിക്കുന്നത്.

ഈ വർഷം 18253 കോടി കടമെടുക്കാനാണ് കേന്ദ്രം അനുമതി നൽകിയത്. നേരത്തെ അനുവദിച്ച 3000 കോടി കൂടി ആകുമ്പോൾ അനുമതി നൽകിയത് 21253 കോടി. ഈ സാമ്പത്തിക വർഷം 37512 കോടി രൂപ കടം എടുക്കാൻ കേരളത്തിന് കഴിയുമെന്ന് കേന്ദ്രം അറിയിച്ചിരുന്നു. 16253 കോടി കുറച്ചുള്ള തുകയാണ് ഇപ്പോൾ കടം എടുക്കാൻ കേന്ദ്രം അനുമതി നൽകിയത്. ഇത് ഡിസംബർ വരെയുള്ള കടമെടുപ്പ് തുകയാണോ അനുവദിച്ചത് എന്ന് കേരളം വ്യക്തത വരുത്തും.

സാധാരണ ഡിസംബർ വരെയാണ് , അതായത് ആദ്യ ഒമ്പത് മാസം എടുക്കാൻ സാധിക്കുന്ന കടമെടുപ്പ് എത്രയെന്ന് കേന്ദ്രം വ്യക്തത വരുത്തി അറിയിക്കുകയാണ് പതിവ്. സാമ്പത്തിക വർഷത്തിൻ്റെ അവസാന മൂന്ന് മാസങ്ങളായ ജനുവരി, ഫെബ്രുവരി , മാർച്ചിൽ കടം എടുക്കാനുള്ള ബാക്കി തുകക്ക് കേന്ദ്രം അനുമതി നൽകും. ഇത് മുൻവർഷങ്ങളിൽ ബജറ്റിന് പുറമേ എടുത്ത കടം വെട്ടികുറച്ചതിന് ശേഷമുള്ള തുകക്ക് മാത്രമേ കടം എടുക്കാൻ അനുമതി നൽകൂ.

കിഫ്ബി , പെൻഷൻ കമ്പനി എന്നിവയുടെ വായ്പ ഇനത്തിലും പി.എഫിൻ്റെ നിക്ഷേപ ഇനത്തിലും ലഭിച്ച തുക വെട്ടിക്കുറയ്ക്കും. 12000 കോടി രൂപ ഈ ഇനത്തിൽ ഈ സാമ്പത്തിക വർഷം വെട്ടി ക്കുറയ്ക്കും. ഇതോടെ ജനുവരി, ഫെബ്രുവരി, മാർച്ച് മാസങ്ങളിലെ ശമ്പള പെൻഷൻ വിതരണത്തിന് കടുത്ത ബുദ്ധിമുട്ട് നേരിടും. 3300 കോടി രൂപയാണ് ശമ്പള വിതരണത്തിന് ഒരു മാസം വേണ്ടി വരുന്നത്. 2300 കോടി രൂപയാണ് ഒരു മാസത്തെ പെൻഷൻ നൽകാൻ വേണ്ടത്. ബാറുകളിൽ നിന്നും സ്വർണ്ണത്തിൽ നിന്നും സർക്കാർ കണ്ണടച്ച് കളയുന്ന നികുതി ഇനിയും പിരിച്ചില്ലെങ്കിൽ ശമ്പളവും പെൻഷനും മാത്രമല്ല ദൈനം ദിന കാര്യങ്ങൾ പോലും സ്തംഭനത്തിലാവും.