കൊച്ചി: ആവേശം, പ്രേമലു, മഞ്ഞുമ്മല്‍ ബോയ്‌സ് സിനിമകള്‍ക്കെതിരെ ബിഷപ് ജോസഫ് കരിയില്‍. സിനിമകള്‍ മദ്യപാനത്തെ പ്രോത്സാഹിപ്പിക്കുന്നുവെന്ന് അദ്ദേഹം വിമര്‍ശിച്ചു. ‘ഇല്ലുമിനാറ്റി പാട്ട്’ സഭാ വിശ്വാസങ്ങള്‍ക്ക് എതിരാണെന്നും ഇത്തരം സിനിമകളെ നല്ല സിനിമ എന്ന് പറഞ്ഞു പ്രോത്സാഹിപ്പിക്കുന്ന നിലപാടാണ് കാണുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കുട്ടികള്‍ക്കായി സഭ സംഘടിപ്പിച്ച പരിപാടിയിലാണ് വിമര്‍ശനം.

ഇപ്പോഴത്തെ കുട്ടികളോട് പാട്ടുപാടാന്‍ പറഞ്ഞാല്‍ എല്ലാവരും ഇല്ലുമിനാറ്റി എന്ന് പറയും. എന്നാല്‍ ഇല്ലുമിനാറ്റി എന്നത് സഭാ വിശ്വാസങ്ങള്‍ക്ക് എതിരായി നില്‍ക്കുന്ന സംഘടനയാണെന്ന് പലര്‍ക്കും അറിയില്ല. ആവേശം സിനിമയില്‍ മുഴുവന്‍ നേരവും അടിയും ഇടിയും കുടിയുമാണ്. ബാറിലാണ് മുഴുവന്‍ നേരവും. അക്രമവും അടിപിടിയുമാണ്. പാട്ട് പാടാമെന്ന് പറഞ്ഞാല്‍ എല്ലാവരും ഇല്ലുമിനാറ്റി എന്ന് പറയും. എന്നാല്‍ ഇല്ലുമിനാറ്റി എന്നത് നമ്മുടെ മതത്തിനും മറ്റ് എല്ലാത്തിനും എതിരെ നില്‍ക്കുന്ന സംഘടനയാണ്. പ്രേമലു സിനിമയെടുത്താലും അവിടെയും അടിയും കുടിയുമൊക്കെ തന്നെയാണെന്നും ബിഷപ്പ് കുറ്റപ്പെടുത്തി.

കേരളത്തില്‍ മദ്യനയത്തില്‍ മാറ്റം വരുത്തുന്നത് ജനവഞ്ചനയെന്നാണ് സിറോ മലബാര്‍ സഭയുടെ നിലപാട്. ഈ നിലപാട് തന്നെയാണ് മദ്യപാനത്തെ പ്രോത്സാഹിപ്പിക്കുന്ന സിനിമകളെന്ന വാദത്തില്‍ ബിഷപ്പ് ജോസഫ് കരിയിലും ഉയര്‍ത്തിപ്പിടിക്കുന്നത്. സംസ്ഥാനത്ത് ഡ്രൈ ഡേ ഒഴിവാക്കുന്നതും ബാര്‍ സമയം കൂട്ടുന്നതും അപലപനീയമാണെന്ന് സിറോ മലബാര്‍ സഭ വിമര്‍ശിച്ചിരുന്നു. ടൂറിസം വികസനത്തിന്റെ മറപിടിച്ച് മദ്യത്തെ പ്രോത്സാഹിപ്പിക്കുന്നത് ആശങ്കാജനകമാണെന്നും സിറോ മലബാര്‍ സഭ പിആര്‍ഒ ആന്റണി വടക്കേക്കര വിമര്‍ശിച്ചു.