തിരുവനന്തപുരം: കഴിഞ്ഞദിവസം ഓപറേഷൻ പാം ട്രീ എന്ന പേരില്‍ സംസ്ഥാന ജിഎസ്ടി വകുപ്പ് നടത്തിയ റെയ്ഡിനെതിരെ ആക്ഷേപം ശക്തമാകുന്നു. ആക്രി, സ്റ്റീല്‍ വ്യാപാര സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളില്‍ നടത്തിയ പരിശോധനയില്‍ കോടികളുടെ നികുതി വെട്ടിപ്പ് കണ്ടെത്തിയതായാണ് ജിഎസ്ടി വകുപ്പ് അറിയിക്കുന്നത്. എന്നാല്‍, ഇതില്‍ എന്ത് നിയമ നടപടികള്‍ സ്വീകരിച്ചുവെന്ന് വ്യക്തമാക്കുന്നില്ല.

സർക്കാർ ഉദ്യോഗസ്ഥരുടെ പരിശീലന പരിപാടികൾക്ക് നക്ഷത്ര ഹോട്ടലുകൾ പാടില്ലെന്ന ബാലഗോപാലിൻ്റെ ഉത്തരവിന് പുല്ലുവിലകൊടുത്ത് സെവൻ സ്റ്റാർ ഹോട്ടലില്‍ താമസിച്ചുള്ള ഉദ്യോഗസ്ഥരുടെ ആഡംബര പരിശീലനത്തിന്റെ ജാള്യത മറയ്ക്കാനാണ് ഇത്തരമൊരു റെയ്ഡെന്നാണ് ആക്ഷേപം ഉയരുന്നത്.

പരിശോധനയില്‍ 1170 കോടി രൂപയുടെ വ്യാജ ഇടപാട് കണ്ടെത്തിയെന്ന് സംസ്ഥാന ജിഎസ്ടി വകുപ്പ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ആകെ 209 കോടി രൂപയുടെ നികുതി നഷ്ടമുണ്ടായതായും കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍, 5 കോടിക്ക് മുകളിൽ വെട്ടിപ്പ് കണ്ടെത്തിയാൽ അറസ്റ്റ് അടക്കമുള്ള നടപടികളിലേക്ക് കടക്കേണ്ടതാണ്. ഇന്നലത്തെ പരിശോധനയ്ക്ക് ശേഷം നികുതി വെട്ടിപ്പ് നടത്തിയവർക്കെതിരെ അറസ്റ്റ് നടപടികളിലേക്ക് കടന്നതായി ജി.എസ്.ടി വകുപ്പ് അറിയിച്ചിട്ടില്ലെന്നത് ശ്രദ്ധേയമാണ്.

മുമ്പും GST വകുപ്പ് ഇത്തരത്തിൽ നടത്തിയ റെയിഡിലും അറസ്റ്റിലും കോടികളുടെ കണക്ക് വാർത്തകൾക്ക് വേണ്ടി നൽകുമെങ്കിലും ഒന്നിലും തുടർ നടപടികൾ ഉണ്ടായിട്ടില്ല. ഹോട്ടൽ ശൃംഖലകളിൽ നടത്തിയ റെയ്ഡ്, സിനിമാ താരങ്ങളുടെ റെയ്ഡ്, ആക്രി, കമ്പി, പ്ളൈവുഡ് ഹൗസ് ബോട്ട് തുടങ്ങിയ വിവിധങ്ങളായ മേഖലകളിൽ നടത്തിയ റെയ്ഡുകളും വാർത്തയ്ക്കപ്പുറം തുടർ നടപടികളില്ലാതെ പൂഴ്ത്തിവയില്‍ ശ്രദ്ധേയമാണ്.