Loksabha Election 2024National

പ്രധാനമന്ത്രിയാകാന്‍ ഉദ്ദേശ്യമില്ലെന്ന് അരവിന്ദ് കെജ്രിവാള്‍; ഇന്ത്യ മുന്നണി 300ലേക്ക് അടുക്കുന്നുവെന്നും എഎപി കണ്‍വീനർ

ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഇന്ത്യാ മുന്നണി വിജയിച്ചാല്‍ രാജ്യത്തിന്റെ അടുത്ത പ്രധാനമന്ത്രിയാകാന്‍ തനിക്ക് ഉദ്ദേശ്യമില്ലെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. നിലവിലുള്ള സ്വേച്ഛാധിപത്യത്തില്‍ നിന്ന് രാജ്യത്തെയും ജനാധിപത്യത്തെയും രക്ഷിക്കുകയാണ് തന്റെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘എനിക്ക് പ്രധാനമന്ത്രിയാകാന്‍ ഉദ്ദേശ്യമില്ല. ഞങ്ങള്‍ (എഎപി) 22 സീറ്റുകളില്‍ മാത്രം മത്സരിക്കുന്ന വളരെ ചെറിയ പാര്‍ട്ടിയാണ്’. ഇന്ത്യാ ബ്ലോക്കിന്റെ പ്രധാനമന്ത്രി മുഖമായി സ്വയം കരുതുന്നുണ്ടോ എന്ന ചോദ്യത്തിനുള്ള മറുപടിയായാണ് കെജ്രിവാള്‍ നിലപാട് വ്യക്തമാക്കിയത്.

ബിജെപി വീണ്ടും അധികാരത്തില്‍ വന്നാല്‍ എല്ലാ പ്രതിപക്ഷ നേതാക്കളും ജയിലിലാകുമെന്നും അവര്‍ തെരഞ്ഞെടുപ്പിനെ ഹൈജാക്ക് ചെയ്യുമെന്നും വാര്‍ത്ത ഏജന്‍സിയായ പിടിഐക്ക് നല്‍കിയ അഭിമുഖത്തില്‍ എഎപി ദേശീയ കണ്‍വീനര്‍ ആരോപിച്ചു.

ജൂണ്‍ നാലിന് ലോക്സഭാ തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചതിന് ശേഷം പ്രതിപക്ഷമായ ഇന്ത്യാ ബ്ലോക്കിന്റെ പ്രധാനമന്ത്രിയെ തീരുമാനിക്കുമെന്ന് കെജ്രിവാള്‍ പറഞ്ഞു. ഇന്ത്യന്‍ നാഷണല്‍ ഡെവലപ്മെന്റല്‍ ഇന്‍ക്ലൂസീവ് അലയന്‍സ് (ഇന്ത്യ) ബ്ലോക്ക് ക്രമേണ 300 ലേക്ക് കടക്കുന്നതായുള്ള പ്രതീക്ഷയാണ് തനിക്കുള്ളതെന്നും അരവിന്ദ് കെജ്രിവാള്‍ പറയുന്നു. ഇന്ത്യ മുന്നണി സ്വന്തമായി സര്‍ക്കാര്‍ രൂപീകരിക്കുകയും നല്ലതും സുസ്ഥിരവുമായ സര്‍ക്കാര്‍ നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാജ്യത്തിന്റെ അടുത്ത പ്രധാനമന്ത്രിയാകാന്‍ തനിക്ക് ഉദ്ദേശമില്ലെന്ന് എഎപി കണ്‍വീനര്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *