തോമസ് ഐസക്കിനേക്കാള്‍ കേമനെന്ന് കെ.എന്‍. ബാലഗോപാല്‍; കണക്കുകള്‍ നിരത്തി ധനമന്ത്രിയുടെ അവകാശവാദം

തിരുവനന്തപുരം: മുൻ ധനമന്ത്രി ഡോ.ടി.എം. തോമസ് ഐസക്കിനേക്കാള്‍ കേമനാണ് താനെന്ന് കെ.എന്‍. ബാലഗോപാല്‍. കണക്കുകള്‍ നിരത്തിയാണ് ബാലഗോപാലിന്റെ അവകാശവാദം.

2020- 21 ല്‍ സംസ്ഥാനത്തിന്റെ തന്നത് നികുതി വരുമാനം 47000 കോടി ആയിരുന്നു എന്നും 2023- 24 ല്‍ അത് 77000 കോടിയായി ഉയര്‍ന്നു എന്നാണ് ബാലഗോപാലിന്റെ അവകാശവാദം. ഐസക്കിന്റെ കാലത്തേക്കാള്‍ 30000 കോടി തനത് നികുതി വരുമാനം ഉയര്‍ന്നുവെന്നും കേന്ദ്രം സാമ്പത്തികമായി ഞെരുക്കുന്നതു മൂലമാണ് സാമ്പത്തിക പ്രതിസന്ധിയെന്നും ബാലഗോപാല്‍ പറയുന്നു.

ആന്‍ജിയോപ്ലാസ്റ്റി കഴിഞ്ഞ് വിശ്രമത്തിലാണ് ബാലഗോപാല്‍. ഫേസ് ബുക്ക് കുറിപ്പിലാണ് ഐസക്കിന്റെ പേര് പറയാതെ താനാണ് കേമന്‍ എന്ന് ബാലഗോപാല്‍ കുറിക്കുന്നത്. ഐസക്കിന്റെ കാലത്ത് ക്ഷേമ പെന്‍ഷന്‍ കുടിശിക ഇല്ലായിരുന്നു. കടം വാങ്ങിച്ചാണെങ്കിലും ഐസക്ക് ക്ഷേമ പെന്‍ഷന്‍ കൃത്യമായി കൊടുത്തിരുന്നു. ബാലഗോപാലിന്റെ ഭരണത്തില്‍ ക്ഷേമ പെന്‍ഷന്‍ കുടിശിക 6 മാസമായി ഉയര്‍ന്നു.

ജീവനക്കാര്‍, പെന്‍ഷന്‍കാര്‍ എന്നിവരുടെ എല്ലാ ആനുകൂല്യങ്ങളും കൃത്യമായി ഐസക്ക് കൊടുത്തിരുന്നു. ഐസക്ക് പ്രഖ്യാപിച്ച ശമ്പള പരിഷ്‌കരണ കുടിശിക തടഞ്ഞത് ബാലഗോപാല്‍ ആണ്. ക്ഷാമബത്ത 19 ശതമാനം കുടിശികയായി. 2024 ജൂലൈ മുതല്‍ ലഭിക്കേണ്ട ശമ്പള പരിഷ്‌കരണത്തിന്റെ കമ്മീഷനെ പോലും ബാലഗോപാല്‍ നിയമിച്ചിട്ടില്ല. സംസ്ഥാന ചരിത്രത്തില്‍ ആദ്യമായി ശമ്പളം പോലും മുടങ്ങിയത് ബാലഗോപാലിന്റെ കാലത്താണ്.

ഐസക്ക് കടം എടുത്ത് ഖജനാവിനെ കുളം തോണ്ടിയെങ്കിലും ആനുകൂല്യങ്ങള്‍ മുടങ്ങാതിരിക്കാന്‍ ശ്രദ്ധിച്ചിരുന്നു. സംസ്ഥാന ധനകാര്യ മാനേജ്‌മെന്റിന്റെ ബാലപാഠങ്ങള്‍ പോലും 3 വര്‍ഷമായിട്ടും ബാലഗോപാലിന് മനസിലായിട്ടില്ലെന്നാണ് ധനകാര്യ വിദഗ്ധരുടെ നിരീക്ഷണം.

കെ.എന്‍. ബാലഗോപാലിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ

രണ്ടാം പിണറായി സർക്കാർ നാലാം വർഷത്തിലേക്ക് കടക്കുകയാണ്. 2021 മെയ് ഇരുപതാം തീയതിയാണ് സ. പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സർക്കാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുത്തത്. ഒന്നാം പിണറായി സർക്കാരിന്റെ വികസന- ക്ഷേമ പ്രവർത്തനങ്ങളുടെ അർത്ഥപൂർണ്ണമായ തുടർച്ചയും, പുതിയ കാലത്തിനനുസൃതമായ പ്രവർത്തനങ്ങളും ഉറപ്പുനൽകിക്കൊണ്ട് ചുമതലയേറ്റെടുത്ത സർക്കാർ ജനാഭിലാഷം നിറവേറ്റി മുന്നോട്ടുപോവുകയാണ്. കഴിഞ്ഞ മൂന്ന് ബജറ്റുകളിലൂടെ കേരളത്തിന്റെ ഭാവിക്ക് നിർണായകമായ പല പദ്ധതികളും ആവിഷ്കരിക്കാനും ചിലവ യാഥാർത്ഥ്യമാക്കാനും സർക്കാരിന് സാധിച്ചിട്ടുണ്ട്. ഉൽപാദനവും വരുമാനവും തൊഴിലവസരങ്ങളും വർദ്ധിപ്പിക്കാനുള്ള ബഹുതലപദ്ധതികൾ നടപ്പിലാവുകയാണ്.

ധനകാര്യ വകുപ്പ് മന്ത്രി എന്ന നിലയിൽ ഏറെ അഭിമാനത്തോടെയാണ് കഴിഞ്ഞ മൂന്നു വർഷത്തെ പ്രവർത്തനങ്ങളെ വിലയിരുത്തുന്നത്. ധനവകുപ്പിനെ സംബന്ധിച്ചിടത്തോളം അസാധാരണമായ വെല്ലുവിളികൾ നിറഞ്ഞതായിരുന്നു ഇക്കാലം.കേന്ദ്ര ഗവൺമെന്റ് ബഹുമുഖമായ ഉപരോധങ്ങളിലൂടെ സംസ്ഥാനത്തെ ഞെരുക്കുമ്പോഴും ചെലവുകൾ വെട്ടിക്കുറക്കാതെ എല്ലാ മേഖലയിലേക്കും പണമെത്തിക്കാൻ സർക്കാറിന് കഴിഞ്ഞു. സംസ്ഥാനത്തിന് അർഹമായ നികുതി വിഹിതം വെട്ടിക്കുറച്ചും, കടപരിധിയിൽ കുറവ് വരുത്തിയും കേന്ദ്രം സൃഷ്ടിച്ച പ്രതിസന്ധിയെ കഴിവിന്റെ പരമാവധി ഉപയോഗിച്ച് നേരിടാൻ നാം ശ്രമിക്കുകയാണ്.

സംസ്ഥാനത്തെ ജനങ്ങളെയാകെ അണിനിരത്തി പ്രതിഷേധമുയർത്തിയും മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ മന്ത്രിമാരും ജനപ്രതിനിധികളും പങ്കെടുത്ത് ന്യൂഡൽഹിയിൽ പ്രക്ഷോഭം സംഘടിപ്പിച്ചും, സംസ്ഥാനത്തിന്റെ അർഹമായ അവകാശത്തിനായി സുപ്രീംകോടതിയെ സമീപിച്ചും രാജ്യത്തിന്റെയാകെ ശ്രദ്ധയിലേക്ക് ഈ വിഷയത്തെ കൊണ്ടുവരാൻ കേരളത്തിന് കഴിഞ്ഞു. കേരളം ഉന്നയിച്ച പ്രശ്നങ്ങൾ ന്യായമാണെന്ന് രാജ്യത്തെ പ്രധാന മാധ്യമങ്ങളും ദേശീയ രാഷ്ട്രീയ നേതാക്കന്മാരും പറയുന്ന നിലയുണ്ടായി. മറ്റു ചില സംസ്ഥാനങ്ങളും കേരളത്തിന്റെ പാതപിന്തുടർന്ന് സുപ്രീംകോടതിയിൽ കേസ് നൽകുകയുണ്ടായി. ഫെഡറലിസവുമായി ബന്ധപ്പെട്ട സുപ്രധാനമായ പ്രശ്നമായി ഇത് മാറിയിരിക്കുന്നു.

ഒരു വശത്ത് കേന്ദ്രം സാമ്പത്തികമായി ഞെരുക്കുമ്പോഴും സംസ്ഥാനത്തിന്റെ തനത് വരുമാനത്തിൽ റെക്കോർഡ് വർദ്ധനവുണ്ടാക്കാൻ നമുക്ക് കഴിഞ്ഞു. 2020–21ൽ സംസ്ഥാനത്തിന്റെ തനത്‌ നികുതി വരുമാനം 47,000 കോടി രൂപയായിരുന്നു. 2023–24ൽ ഇത്‌ 77,000 കോടി രൂപയായി ഉയർത്താനായി. വെറും മുന്നുവർഷത്തിനുള്ളിലാണ്‌ അറുപത്‌ ശതമാനത്തോളം വർധന സാധ്യമാക്കിയത്‌. ഈ വർധനകൂടി സംഭവിച്ചില്ലായിരുന്നുവെങ്കിൽ, കേന്ദ്ര സർക്കാരിന്റെ സംസ്ഥാന വിരുദ്ധ നയസമീപനങ്ങൾ മൂലം കേരളത്തിന്റെ സാമ്പത്തിക കാര്യങ്ങൾ തകർച്ചയിലേക്കെത്തുമായിരുന്നു. ജനങ്ങളുടെയാകെ പിന്തുണയോടെ എല്ലാ വെല്ലുവിളികളെയും അതിജീവിച്ച് നവകേരളം കെട്ടിപ്പടുക്കാനുള്ള പ്രവർത്തനങ്ങളുമായി നാം മുന്നോട്ടു പോവുകയാണ്. ജനങ്ങളുടെ ഉറച്ച പിന്തുണയാണ് ഈ മുന്നേറ്റത്തിൽ സർക്കാരിന്റെ കരുത്ത്.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments